ഉറങ്ങാത്ത ആദ്യ നഗരമാകാന്‍ തിരുവനന്തപുരം ഒരുങ്ങി. ടെക്കികളെ ലക്ഷ്യമിട്ട് നഗരത്തില്‍ രാത്രികള്‍ പകലുകളാക്കാന് സിനിമ തിയേറ്റര്‍, പബ്ബ്, ബാര്‍, നിശാക്ലബ് എന്നിവ തയ്യാറായി. അറുപതിനായിരത്തിലേറെ ടെക്കികളാണ് തിരുവനന്തപുരം നഗരത്തില്‍ ജോലിചെയ്യുന്നത്. പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നതും ഇവരെയാണ്. ടെക്കികളുടെ ദൈനംദിന ജീവിതത്തെയും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വ്യാപാര കേന്ദ്രങ്ങള്‍ ഏറെ സഹായിക്കും.
മിക്കപ്പോഴും ജോലി കഴിഞ്ഞ് വൈകിയാണ് പലരും പുറത്തിറങ്ങുന്നത്. ഭക്ഷണം കഴിക്കാനോ അത്യാവശ്യ സാധനങ്ങള്‍ വാങ്ങാനോ കഴിയാത്ത സ്ഥിതിയാണ് ഇവര്‍ക്ക്. സ്ഥിരമായി രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നവര്‍ക്കും നൈറ്റ് ലൈഫ് സഹായകരമാണ്. രാത്രി ജോലി കഴിഞ്ഞ് കുറച്ച് സമയം വിനോദത്തിനായും ഷോപ്പിംഗിന് ഇറങ്ങാന്‍ സാധിക്കും.’നൈറ്റ് ലൈഫ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത് തലസ്ഥാനത്താണ്.
നഗരസഭയുടെ മേല്‍ നോട്ടത്തില്‍ പത്തു സ്ഥലങ്ങളിലാകും രാത്രിയെ പകലാക്കുന്ന കേന്ദ്രങ്ങള്‍ സജ്ജമാക്കുന്നത്. സര്‍ക്കാര്‍ ആവിഷ്കരിച്ച നൈറ്റ് ലൈഫ് പദ്ധതി പ്രകാരമുള്ള ഉറങ്ങാത്ത ആദ്യ നഗരമാണ് തിരുവനന്തപുരത്ത് ഒരുക്കുന്നത്. ഇതോടെ നഗരത്തിന്റെ മുഖച്ഛായ മാറും. കഴക്കൂട്ടം, പാളയം, കിഴക്കേകോട്ട, കോവളം, വട്ടിയൂര്‍ക്കാവ്, മെഡിക്കല്‍ കോളേജ്, മ്യൂസിയം, വിമാനത്താവള പരിസരം തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് രാത്രി നഗര കേന്ദ്രങ്ങള്‍ ഒരുക്കാനാണ് തീരുമാനം.
ഇതു സംബന്ധിച്ച് നിയന്ത്രണം മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് നടത്തുന്നത്. ടെക്നോപാര്‍ക്ക്, മെഡിക്കല്‍ കോളേജ്, കിഴക്കേകോട്ട, മ്യൂസിയം, കോവളം പ്രദേശങ്ങളില്‍ നിലവില്‍ രാത്രി സമയങ്ങളിലും ഭക്ഷണശാലകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നുണ്ട്. വിരലിലെണ്ണാവുന്ന കടകള്‍ മാത്രമാണ് ഇത്തരത്തിലുള്ളത്. പകല്‍ സമയത്ത് എങ്ങനെയാണോ അത്തരത്തില്‍ രാത്രിയിലും വ്യപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുകയാണ് ലക്ഷ്യം.
ടൂറിസം, പൊലീസ്, തദ്ദേശ സ്വയംഭരണ വകുപ്പ്, തൊഴില്‍ വകുപ്പ്, കോര്പറേഷന് എന്നിവയിലെ ഉദ്യോഗസ്ഥരുടെ ഒരു സ്ഥിരം സമിതി സര്‍ക്കാര്‍ തലത്തില്‍ രൂപീകരിക്കുന്ന സമിതിയാണ് മേല്‍നോട്ടം വഹിക്കുന്നത്. ഐ.ടി, ടൂറിസം മേഖലകളെ പദ്ധതി കൂടുതല്‍ സഹായിക്കുമെന്നാണ് വിവരം. രാത്രി മുതല്‍ നേരം പുലരുവോളം വ്യാപാര കേന്ദ്രങ്ങളും വിനോദ കേന്ദ്രങ്ങളും തുറന്നിരിക്കും. തട്ടുകടകള്‍, വലിയ ഹോട്ടലുകള്‍, മാളുകള്‍ സിനിമ തിയേറ്റര്‍, പബ്ബ്, ബാര്‍, നിശാക്ലബ്, സല്‍ക്കാരങ്ങള്‍ തുടങ്ങിയവയെല്ലാം സജീവമായിരിക്കും.