ടാറ്റയുടെ ഇലക്ട്രിക് എസ്യുവി നെക്സോണ്‍ വിപണിയില്‍. മൂന്നു വകഭേദങ്ങളിലായി ലഭിക്കുന്ന കാറിന്റെ എക്സ്എം പതിപ്പിന് 13.99 ലക്ഷവും എക്സ് ഇസഡ് പ്ലസ് പതിപ്പിന് 14.99 ലക്ഷവും എക്സ്ഇസഡ് പ്ലസ് ലക്സ് പതിപ്പിന് 15.99 ലക്ഷവുമാണ് വില. രാജ്യവ്യാപകമായി 22 നഗരങ്ങളിലെ 60 ഡീലര്‍ഷിപ്പുകളില്‍ നിന്ന് നെക്സോണ്‍ ഇലക്ട്രിക് സ്വന്തമാക്കാം.
സിപ്ട്രോണ്‍ ടെക്നോളജിയുടെ അടിസ്ഥാനത്തില്‍ ടാറ്റ നിരയില്‍ നിന്നും വിപണിയില്‍ എത്തുന്ന ആദ്യ ഇലക്ട്രിക്ക് വാഹനമാണ് നെക്സോണ്‍. ഒറ്റ ചാര്‍ജില്‍ 312 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് റിസേര്‍ച്ച് അസോസിയേഷന് ഓഫ് ഇന്ത്യ (ARAI) സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ നിരത്തുകളില്‍ 250-300 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും.
കണക്ടിവിറ്റി സംവിധാനവും വാഹനത്തിന്റെ സവിശേഷതയാണ്. സികണക്ട് ആപ്പ് ഉപയോഗിച്ച് മൊബൈല്‍ വഴി തന്നെ മുഴുവന്‍ വിവരങ്ങളും ഉപഭോക്താവിന് ലഭിക്കും. പൂജ്യത്തില്‍നിന്ന് 60 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 4.6 സെക്കന്‍ഡും 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 9.9 സെക്കന്‍ഡും മാത്രം മതി ഈ ഇലക്ട്രിക് കാറിന്. ബാറ്ററിക്ക് എട്ടു വര്‍ഷം അല്ലെങ്കില്‍ 1.60 ലക്ഷം കിലോമീറ്റര്‍ വാറന്റിയും ടാറ്റ നല്‍കുന്നുണ്ട്.
നെക്സോണ്‍ ഇവിയില്‍ കാര്യക്ഷമതയേറിയ ഹൈ വോള്‍ട്ടേജ് സംവിധാനം, അതിവേഗ ചാര്‍ജിങ് സൗകര്യം എന്നിവയുണ്ട്. റഗുലര്‍ ചാര്‍ജിങ്ങില്‍ എട്ടുമണിക്കൂര്‍ കൊണ്ട് പൂര്‍ണമായും ചാര്‍ജ് ചെയ്യുന്ന ബാറ്ററി, ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 60 മിനിറ്റില്‍ 80 ശതമാനം വരെ ചാര്‍ജാകും. പൊടി നിയന്ത്രണത്തിലും ജലപ്രതിരോധത്തിലും ഐ പി 67 നിലവാരവും നെക്സോണ്‍ ഇവിയില്‍ ടാറ്റ ഉറപ്പാക്കുന്നുണ്ട്.
പത്തു ലക്ഷത്തോളം കിലോമീറ്റര്‍ നീണ്ട പരീക്ഷണ ഓട്ടത്തിലൂടെ തെളിയിച്ച മികവിന്റെ പിന്‍ബലത്തോടെയാണ് സിപ്ട്രോണ്‍ സാങ്കേതികവിദ്യയുടെ വരവെന്നും ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കുന്നു. ഈ സാങ്കേതികവിദ്യയുടെ പിന്‍ബലത്തില്‍ ഇന്ത്യയില്‍ വൈദ്യുത വാഹന തരംഗം തന്നെ സൃഷ്ടിക്കാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ.