Home CheesyDays സ്പാനിഷ് സൂപ്പര്‍ കപ്പ്; റയല്‍ മാഡ്രിഡ് ഫൈനലില്‍

സ്പാനിഷ് സൂപ്പര്‍ കപ്പ്; റയല്‍ മാഡ്രിഡ് ഫൈനലില്‍

SHARE

കിങ്അബ്ദുള്ള സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ സ്പാനിഷ് സൂപ്പര്‍ കപ്പ് ഒന്നാം സെമി ഫൈനല്‍ മത്സരത്തില്‍ റയല്‍ മാഡ്രിഡിന് മികച്ച ജയം. വലന്‍സിയക്കെതിരെ 3-1 എന്ന സ്കോറിനാണ് റയല്‍ മാഡ്രിഡ് വിജയിച്ചത്. സ്റ്റേഡിയത്തില്‍ ഒരുമിച്ചു കൂടിയ ഫുട്ബാള്‍ പ്രേമികളെ ആവേശത്തിലാക്കി കളിയുടെ 15 ആം മിനുറ്റില്‍ റയല്‍ മാഡ്രിഡ് മിഡ് ഫീല്‍ഡര്‍ ടോണി ക്രൂസ് എടുത്ത മനോഹരമായ കോര്‍ണര്‍ കിക്കായിരുന്നു വലന്‍സിയക്കെതിരെ പിറന്ന ആദ്യ ഗോള്‍.

കോര്‍ണറില്‍ നിന്നും ക്രൂസ് തൊടുത്തുവിട്ട പന്ത് വലന്‍സിയ ഗോളി ജോം ഡൊമിനിക്കിനെ കബളിപ്പിച്ച്‌ നേരെ പോസ്റ്റിനകത്തേക്കു ഊളിയിടുകയായിരുന്നു. തുടര്‍ന്ന് കളിയുടെ 39 ആം മിനുറ്റില്‍ പെനാല്‍റ്റി ബോക്സിനകത്തു നിന്നും ഇസ്‌കോയുടെ കാലില്‍ നിന്നും പായിച്ച പന്ത് വലന്‍സിയയുടെ വല കുലുക്കിയതോടെ റയല്‍ മാഡ്രിഡിന്‍റെ രണ്ടാം ഗോളും പിറന്നു. ഒന്നാം പകുതി പിന്നിട്ടതോടെ മത്സരത്തിന് അല്‍പ്പം ചടുലത വന്നെങ്കിലും കോച്ച്‌ സിനദിന്‍ സിദാന്റെ റയല്‍ മാഡ്രിഡിന്റെ പടക്കുതിരകള്‍ക്കു മുമ്ബില്‍ വലന്‍സിയക്ക് കാര്യമായ മുന്നേറ്റങ്ങള്‍ നടത്താന്‍ സാധിച്ചില്ല.

65 ആം മിനുറ്റില്‍ ലൂക്ക മോഡ്രിക് വലന്‍സിയയുടെ ഡിഫന്റര്‍മാര്‍ക്കിടയിലൂടെ ചെത്തി അടിച്ചുവിട്ട പന്തിലൂടെ റയല്‍ മാഡ്രിഡ് മൂന്നാം ഗോളും നേടി. കളിയുടെ അവസാനം ഇഞ്ചുറി ടൈമില്‍ റയല്‍ മാഡ്രിഡിനെതിരെ സെര്‍ജിയോ റാമോസിന്റെ ഹാന്റ് ബാളിലൂടെ ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് വലന്‍സിയക്ക് ആശ്വാസ ഗോള്‍ നേടാനായത്. പെനാല്‍റ്റി കിക്കെടുത്ത ഡാനിയല്‍ പറേജൊക്ക് ഉന്നം തെറ്റിയില്ല. ഗോള്‍ പോസ്റ്റിന്റെ വലതു കോര്‍ണറിലൂടെ പായിച്ച പന്ത് ഗോളി മാര്‍ക്ക് കോര്‍ട്ടോയിസിനെയും മറികടന്നു റയല്‍ മാഡ്രിഡിന്റെ വലകുലുക്കി.

ഇന്ന് നടക്കുന്ന രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ബാഴ്‌സലോണ-അത്‌ലറ്റികോ മാഡ്രിഡ് ടീമുകള്‍ ഏറ്റുമുട്ടും. ബാഴ്‌സലോണ ക്ലബിന് വേണ്ടി കളിക്കുന്ന ലോക ഫുട്ബോളര്‍ ലയണല്‍ മെസ്സിയുടെ കളി നേരില്‍ കാണാനുള്ള ആവേശത്തിലാണ് മലയാളികളടക്കം ജിദ്ദയിലെ ഫുട്ബാള്‍ പ്രേമികള്‍. ഇന്നലെ നടന്ന മത്സരം നേരില്‍ കാണാനായി നിരവധി മലയാളികളാണ് കിംഗ് അബ്ദുള്ള സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തിലെത്തിയത്. ഇന്നത്തെ വിജയികളും റയല്‍ മാഡ്രിഡ് ക്ലബും തമ്മിലുള്ള ഫൈനല്‍ മത്സരം ഞായറാഴ്ച നടക്കും

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.