വൃത്തിയുള്ള തട്ടുകട വിഭവങ്ങള്‍ നുണയാന്‍ സര്‍ക്കാര്‍ വക തട്ടുകടകള്‍ വരുന്നു

    SHARE

    ഇനി വൃത്തിയോടെ ആശങ്കകള്‍ ഒന്നുമില്ലാതെ തട്ടുകട വിഭവങ്ങള്‍ നുണയാന്‍ സര്‍ക്കാര്‍ വക തട്ടുകടകള്‍ വരുന്നു. വൃത്തിയുള്ള സാഹചര്യങ്ങളില്‍ തെരുവോര ഭക്ഷണം വിളമ്പുകയാണ് ഈ തട്ടുകടകളുടെ ലക്ഷ്യം. ആദ്യ ഭക്ഷണകേന്ദ്രം ആലപ്പുഴയില്‍ തുടങ്ങും. നടപടി വേഗത്തിലാക്കാന്‍ ചീഫ് സെക്രട്ടറി ആലപ്പുഴ കളക്ടര്‍ക്ക് ഉടന്‍ കത്തയയ്ക്കും. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്‌, കൃത്യമായ മാലിന്യസംസ്‌കരണ സംവിധാനങ്ങളും സജ്ജമാക്കിയാകും ഇത്തരം കേന്ദ്രം പ്രവര്‍ത്തിക്കുക. ഇതിനായി കുടുംബശ്രീ പ്രവര്‍ത്തകരെയും നിയോഗിക്കും.

    ആലപ്പുഴയ്ക്ക് ശേഷം തിരുവനന്തപുരത്തെ ശംഖുമുഖം, ഫോര്‍ട്ട്കൊച്ചി എന്നിവിടങ്ങളിലും തുടങ്ങും. വര്‍ക്കലയില്‍ മാതൃകാ തെരുവോര ഭക്ഷണ ഹബ് സ്ഥാപിക്കാനും നടപടിയുണ്ടാകും. ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തില്‍ നടന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സംസ്ഥാനതല ഉപദേശകസമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

    ഭക്ഷ്യസുരക്ഷാ മാനദണ്ഡം കൃത്യമായി പാലിക്കുന്ന കടകള്‍ക്കും ഹോട്ടലുകള്‍ക്കും ‘വാങ്ങാന്‍ സുരക്ഷിതം, കഴിക്കാന്‍ സുരക്ഷിതം’ എന്ന സര്‍ട്ടിഫിക്കറ്റ് ഭക്ഷ്യസുരക്ഷാ വകുപ്പ് നല്‍കും. ഇത് മൊബൈല്‍ ആപ്പുമായി ബന്ധിപ്പിക്കുന്നതോടെ ജനങ്ങള്‍ക്ക് ഈ വിവരങ്ങള്‍ കിട്ടും.

    ഭക്ഷണരംഗത്ത് പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധവുമാക്കും. പൊതുവിതരണ സംവിധാനത്തിന് ഗുണമേന്മാ നിയന്ത്രണ സംവിധാനം സപ്ലൈകോ ഷോപ്പുകളില്‍ ഗുണമേന്മയുള്ള ഭക്ഷ്യവസ്തുക്കള്‍ വിതരണംചെയ്യാന്‍ ഗുണമേന്മാ നിയന്ത്രണ ഉദ്യോഗസ്ഥരെ നിയമിക്കും. ഒപ്പം, ഷോപ്പുകള്‍ക്ക് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്നും യോഗത്തില്‍ തീരുമാനിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    This site uses Akismet to reduce spam. Learn how your comment data is processed.