അതിവൈകാരികമായാവും അയോധ്യ വിധിയുണ്ടാവുകയെന്ന വിലയിരുത്തലിനെ തുടർന്ന് രാജ്യത്ത് ശക്തമായ സുരക്ഷ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. എന്നാൽ, ഈ കണക്കുകൂട്ടലുകൾക്ക് വിപരീതമായി ഒരു പരിധി വരെ സമാധാനപരമായാണ് തർക്കത്തിലുണ്ടായിരുന്ന വിഭാഗങ്ങൾ വിധിയെ സ്വീകരിച്ചത്. സാമാനമായി രാജ്യത്തെ മതനിരപേക്ഷ ഉറപ്പു വരുത്തേണ്ടത് വ്യക്തമാക്കി സാമൂഹ്യമാധ്യമമായ ട്വിറ്ററിൽ ഒരു ഹാഷ്ടാഗ് ട്രെൻഡിംഗ് ആവുകയാണ്. ‘ഹിന്ദു-മുസ്ലിം ഭായ് ഭായ്’ എന്ന ഹാഷ്ടാഗാണ് ട്വിറ്ററിൽ പ്രചരിക്കുന്നത്. 22000ലധികം ട്വീറ്റുകളാണ് ഈ ഹാഷ്ടാഗോടെ ട്വിറ്ററിൽ പ്രചരിക്കപ്പെട്ടത്. ഇന്ത്യയിലെ മതസൗഹാർദ്ദത്തെപ്പറ്റിയും മതേതരത്വത്തെപ്പറ്റിയുമൊക്കെ വിശദീകരിക്കുന്ന ട്വീറ്റുകളാണ് പലരും പങ്കുവെച്ചിരിക്കുന്നത്. കേരളത്തിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിലെ ചിത്രങ്ങളാണ് കൂടുതൽ ആളുകളും ട്വീറ്റുകളിൽ ഉപയോഗിച്ചിരിക്കുന്നത്.
തർക്കഭൂമിയിൽ ഉപാധികളോടെ രാമക്ഷേത്രം നിർമ്മിക്കാമെന്നായിരുന്നു കോടതി വിധി. വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ, പുരാവസ്തുവകുപ്പിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വിധി പുറപ്പെടുവിക്കുന്നതെന്ന് ഏകകണ്ഠമായി പുറത്തിറക്കിയ വിധി പ്രസ്താവത്തിൽ ചീഫ് ജസ്റ്റിസ് പറഞ്ഞു. ഒരു ബോർഡിന് കീഴിൽ മൂന്ന് മാസത്തിനകം ക്ഷേത്രം പണിയാനാണ് അനുമതി നൽകിയിരിക്കുന്നത്. ഇതിനൊപ്പം തർക്കഭൂമിക്ക് പുറത്ത് അയോധ്യയിൽ തന്നെ മുസ്ലീങ്ങൾക്ക് പള്ളി പണിയാൻ അഞ്ച് ഏക്കർ നൽകണമെന്നും സുപ്രിംകോടതി പറഞ്ഞു. ഷിയാ വഖഫ് ബോർഡിന്റെയും, നിർമോഹി അഖാരയുടേയും ഹർജികൾ സുപ്രിംകോടതി തള്ളി. സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാര, രാം ലല്ല എന്നീ മൂന്ന് ഹർജിക്കാർക്കും തർക്കഭൂമി വീതിച്ചു നൽകിയ അലഹാബാദ് ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദാക്കി. നിലവിൽ 2.77 ഏക്കർ തർക്കഭൂമിയുടെ അവകാശം സർക്കാരിനാണ് അനുവദിച്ചിരിക്കുന്നത്.
134 വർഷത്തെ നിയമയുദ്ധത്തിനും വാദപ്രതിവാദങ്ങൾക്കുമാണ് ഇതോടെ തിരശീല വീണത്. അയോധ്യയിലെ രണ്ടേക്കർ എഴുപത്തിയേഴ് സെന്റ് സ്ഥലത്തിനായിരുന്നു അവകാശവാദം. മുഴുവൻ സ്ഥലവും തങ്ങൾക്ക് വിട്ടുകിട്ടണമെന്നാണ് സുന്നി വഖഫ് ബോർഡ്, രാം ലല്ല, നിർമോഹി അഖാഡ എന്നിവരുടെ ആവശ്യം.