അത്‍ലറ്റിക് മീറ്റിനിടെ ഹാമർ വീണ് തലയ്ക്ക് പരുക്കേറ്റ വിദ്യാർത്ഥി മരിച്ചു

    SHARE

    സംസ്ഥാന ജൂനിയർ അത്‍ലറ്റിക് മീറ്റിനിടെ ഹാമർ വീണ് തലയ്ക്ക് പരുക്കേറ്റ വിദ്യാർത്ഥി മരിച്ചു. ഈരാട്ടുപേട്ട മൂന്നിലവ് അഫീൽ ജോൺസനാണ് മരിച്ചത്. സംസ്ഥാന ജൂനിയർ മീറ്റിൽ വോളന്റിയർ ആയിരുന്നു അഫീൽ. പാലാ സെന്റ് തോമസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. ഒക്ടോബർ 4ന് പരിക്കേറ്റ അഫീൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

    ജൂനിയർ അത്‍ലറ്റിക് മീറ്റിന്‍റെ ആദ്യദിനത്തിൽ ജാവലിൻ, ഹാമർ ത്രോ മത്സരങ്ങൾ നടക്കുന്നതിനിടെ ഗ്രൗണ്ടിൽ വീണ ജാവലിനുകൾ എടുത്ത് മാറ്റാൻ നിന്ന അഫീൽ ജോൺസന്‍റെ തലയിലേക്ക് എതിർദിശയിൽ നിന്ന് ഹാമർ വന്ന് വീണു. ഭാരമേറിയ ഇരുമ്പ് ഗോളം പതിച്ച് അഫീലിന്‍റെ തലയോട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

    സംസ്ഥാന കായിക വകുപ്പിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു ചികിത്സാ കാര്യങ്ങൾ. വിദഗ്ധരായ ഡോക്ടർമാരുടെ പാനലടക്കം ചികിത്സക്കായി രൂപീകരിച്ചിരുന്നു. കഴി‍ഞ്ഞ ഏതാനം ദിവസങ്ങളായി അഫീലിന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായിരുന്നു. ദ്രവ രൂപത്തിലുള്ള ഭക്ഷണം അഫീലിന് നൽകുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്യുന്ന സ്ഥിതിയിലേക്ക് കുട്ടി എത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അഫീലിന് കടുത്ത പനി ബാധിക്കുകയായിരുന്നു. ന്യുമോണിയ ബാധയാണ് മരണത്തിലേക്ക് നയിച്ചത്.

    വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ സംഘാടകര്‍ക്ക് വീഴ്ച പറ്റിയെന്ന് കായിക വകുപ്പ് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ അന്വേഷണത്തിനായി മൂന്നംഗ സമിതിയെയും കായിക വകുപ്പ് നിയമിച്ചിരുന്നു. സംഘാടകര്‍ ഒരേ സമയം നിരവധി മത്സരങ്ങള്‍ നടത്തിയെന്നും മൂന്ന് ദിവസം കൊണ്ട് മുഴുവന്‍ മത്സരങ്ങളും തീര്‍ക്കാന്‍ ശ്രമിച്ചുവെന്നും സമിതി കുറ്റപ്പെടുത്തിയിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    This site uses Akismet to reduce spam. Learn how your comment data is processed.