Home KeralaFocus ബിപിസിഎൽ വിൽക്കാനുള്ള കേന്ദ്രസർക്കാർ നീക്കം കേരളത്തിന്‍റെ ഭാവിക്ക് നേരെയുളള വെല്ലുവിളി: ധനമന്ത്രി തോമസ് ഐസക്

ബിപിസിഎൽ വിൽക്കാനുള്ള കേന്ദ്രസർക്കാർ നീക്കം കേരളത്തിന്‍റെ ഭാവിക്ക് നേരെയുളള വെല്ലുവിളി: ധനമന്ത്രി തോമസ് ഐസക്

SHARE

പൊതുമേഖല സ്ഥാപനമായ ബിപിസിഎൽ വിൽക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ ധനമന്ത്രി തോമസ് ഐസക് രം​ഗത്ത്. കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കം കേരളത്തിന്‍റെ ഭാവിക്ക് നേരെയുളള വെല്ലുവിളിയാണെന്ന് സംസ്ഥാന ധനമന്ത്രി ടി എം തോമസ് ഐസക് ഫെയ്സ്ബുക്കിൽ കുറിച്ചു. ഇന്ത്യയിലെ ഏട്ട് മഹാരത്ന കമ്പനികളിലൊന്നായ ഭാരത് പെട്രോളിയത്തെ വില്‍ക്കാനുളള നീക്കത്തെ ചെറുക്കാന്‍ നാം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം വ്യക്തമാക്കി.പുതിയ നീക്കത്തിലൂടെ അനിശ്ചിതത്വത്തിലാകുന്നത് കേരളത്തിൽ ഏറ്റവും അധികം തൊഴിൽ സാധ്യതയും വികസനവും ഉറപ്പാക്കുന്ന പെട്രോകെമിക്കൽ ഹബ് വ്യവസായ പദ്ധതിയാണെന്നും ധനമന്ത്രി കുറിപ്പിൽ പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഇന്ത്യയിലെ 8 മഹാരത്ന കമ്പനികളിലൊന്നായ, ബി പി സി എൽ വിൽക്കാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ നീക്കം കേരളവികസനത്തിന്‍റെ നെറുകയിലേല്‍ക്കുന്ന കനത്ത പ്രഹരമാണ്. ഇതോടെ അനിശ്ചിതത്വത്തിലാകുന്നത് കേരളത്തിൽ ഏറ്റവും അധികം തൊഴിൽ സാധ്യതയും വികസനവും ഉറപ്പാക്കുന്ന പെട്രോകെമിക്കൽ ഹബ് വ്യവസായ പദ്ധതിയാണ്. കൊച്ചിന്‍ റിഫൈനറീസിന്റെ പെട്രോ കെമിക്കൽ ഉൽപ്പന്നങ്ങൾ പ്രയോജനപ്പെടുത്തിയാണ് ഈ വ്യവസായ പദ്ധതി ആവിഷ്കരിച്ചത്. കേരള സ‍ര്‍ക്കാരിന്‍റെ ഏറ്റവും പ്രധാനപ്പെട്ട വികസന പദ്ധതിയായിരുന്നു പെട്രോ കെമിക്കല്‍ ഹബ്. എഫ് എ സി ടി യു ടെ 460 ഏക്കർ ഭൂമി ഏറ്റെടുത്ത് പദ്ധതി യാഥാ‍ര്‍ത്ഥ്യമാക്കാന്‍ അതിവേഗം മുന്നോട്ടു പോകുമ്പോഴാണ് കേന്ദ്രസര്‍ക്കാരിന്‍റെ ഈ ഇരുട്ടടി. ബിപിസിഎൽ വിറ്റു തുലയ്ക്കാനുള്ള കേന്ദ്ര ഗവൺമെന്‍റിന്‍റെ നീക്കം കേരളത്തിന്റെ ഭാവിയ്ക്കു നേരെയുള്ള വെല്ലുവിളിയാണ്. ഇതു ചെറുക്കാന്‍ നാം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം.

പ്രതിവർഷം 14000 കോടിക്ക് മുകളിൽ പ്രവർത്തനലാഭമുണ്ടാക്കുന്ന ഇന്ത്യയിലെ എറ്റവും വലിയ കേന്ദ്ര പൊതുമേഖല റിഫൈനറിയാണ് കൊച്ചിൻ റിഫൈനറീസ്. 1.55 കോടി ടൺ ക്രൂഡ് ഓയിലാണ് സംസ്ക്കരണ ശേഷി. കൊച്ചി റിഫൈനറിയിൽ മാത്രം വിവിധ പദ്ധതികളിലായി ഏകദേശം 40000 കോടിയുടെ നിക്ഷേപം ഇക്കഴി‍ഞ്ഞ അഞ്ചുവ‍ര്‍ഷത്തിനുള്ളില്‍ മാത്രം ഉണ്ടായിട്ടുണ്ട്. കേരള ഗവൺമെന്റിന്റെ അനുകൂലമായ നിലപാട് മൂലം പോളിയോൾ പദ്ധതിക്കു വേണ്ടി എഫ് എ സി ടി യു ടെ 176 ഏക്കർ ഭൂമി ബിപിസിഎല്ലിനു കൈമാറിയത് എറ്റവും മിനിമം വിലയ്ക്കാണ്. BPCL പൊതുമേഖല സ്ഥാപനമായതുകൊണ്ടു മാത്രമാണ് ഭൂമി കൈമാറ്റം നടന്നതും.

ഇന്ത്യൻ പെട്രോളിയം വിപണിയുടെ 23 ശതമാനം ബിപിസിഎല്ലാണ് കൈവശം വെച്ചിരിക്കുന്നത്. മികച്ച നിലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന, കേന്ദ്ര ഗഗവൺമെന്റിന് തുടർച്ചയായി ലാഭവിഹിതം കൊടുത്തു കൊണ്ടിരിക്കുന്ന ഒരു മഹാരത്ന കമ്പനി എന്തിനു വേണ്ടിയാണ് സ്വകാര്യവൽക്കരിക്കുന്നത്? രാജ്യത്തിന്റെ സമ്പത്ത് ബഹുരാഷ്ട്രക്കുത്തകകൾക്ക് തീറെഴുതുന്നതിന്റെ പിന്നിലുള്ള താൽപര്യങ്ങൾ ഊഹിക്കാവുന്നതേയുള്ളൂ. കഴിഞ്ഞ 53 വർഷക്കാലത്തെ പ്രവർത്തനംകൊണ്ട് 23 ശതമാനം നിയന്ത്രണമുള്ള ഈ സ്ഥാപനം സ്വകാര്യവൽക്കരിക്കുന്നതിലൂടെ പെട്രോളിയം വിപണനമേഖല സ്വകാര്യ കുത്തകകൾക്ക് അടിയറ വക്കുകയാണ് കേന്ദ്ര ഗവൺമെന്റ്.

വാജ്പേയി സർക്കാരാണ് ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ കണ്ണിൽച്ചോരയില്ലാത്ത വിൽപനയ്ക്കു തുടക്കം കുറിച്ചത്. സര്‍ക്കാരിന്റെ ഭൂരിപക്ഷ ഉടമസ്ഥത നിലനിര്‍ത്തുന്ന സ്വകാര്യവത്കരണത്തിനു പകരം തന്ത്രപരമായ സ്വകാര്യപങ്കാളിയെ കണ്ടെത്തി അവര്‍ക്ക് നിര്‍ണായക ഓഹരി ഉടമസ്ഥതയും പൂര്‍ണ മാനേജ്‌മെന്റും ഏല്‍പ്പിച്ചുകൊടുക്കുന്ന സമ്പ്രദായം കൊണ്ടുവന്നത് ബിജെപിയാണ്.

2000-01ല്‍ ബാല്‍ക്കോ വില്‍പനയിലൂടെയാണ് ഈ നയം മാറ്റം ഉദ്ഘാടനം ചെയ്തു. ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡും പാരാദ്വീപ് ഫോസ്‌ഫേറ്റും 2002ല്‍ വിറ്റു. ഐപിസിഎല്‍ എന്ന പെട്രോകെമിക്കല്‍ കമ്പനിയും ഇന്തോ ബര്‍മ്മ പെട്രോളിയം കമ്പനിയുമൊക്കെ ഇക്കാലത്ത് പെട്രോളിയം മേഖലയില്‍ കൈമാറ്റം ചെയ്യപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളാണ്. കമ്പ്യൂട്ടര്‍ മെയിന്റനന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡ് (സിഎംസി), ഹിന്ദുസ്ഥാന്‍ ടെലിപ്രിന്റര്‍ ലിമിറ്റഡ്, വിദേശ് സഞ്ചാര്‍ നിഗം ലിമിറ്റഡ് എന്നിവയും വില്‍ക്കപ്പെട്ടു. മോഡേണ്‍ ബ്രഡ് കമ്പനിയുടെയും ഐടിഡിസിയുടെ ഹോട്ടലുകളുടെയും വില്‍പന വലിയ ശ്രദ്ധ പിടിച്ചുപറ്റി. 24,000 കോടി രൂപ ഇതുവഴി സമാഹരിച്ചു.

5000 കോടിയുടെ ആസ്തിയുണ്ടായിരുന്ന ബാൽക്കോ വെറും 551 കോടി രൂപയ്ക്കാണ് കൈയൊഴിഞ്ഞത്. അശാസ്ത്രീയമായ രീതിയിലൂടെയാണ് ബാൽക്കോ ഓഹരികളുടെ വില കണക്കാക്കിയത് എന്ന് 2006ലെ സിഎജി റിപ്പോർട്ടും ചൂണ്ടിക്കാട്ടി. കമ്പനിയുടെ ആസ്തികള്‍ പൂര്‍ണമായും പരിഗണിക്കപ്പെട്ടില്ല. മാത്രമല്ല, പലതിനും കുറഞ്ഞ വിലയാണ് കണക്കാക്കിയതും. കമ്പനിയുടെ ഛത്തീസ്ഗഡിലെ കോര്‍ബയിലെ സ്വത്തുക്കള്‍ പരിശോധിച്ചാല്‍ ഇതുവ്യക്തമാകും. 2,720 ഏക്കര്‍ ഭൂമിയില്‍ അലൂമിനിയം ഫാക്ടറി, 270 മെഗാവാട്ട് ശേഷിയുളള പവര്‍ പ്ലാന്റ്, സമ്പന്നമായ ബോക്‌സൈറ്റ് ഖനി, ഇതിനു പുറമെ 15,000 ഏക്കറില്‍ പരന്നുകിടക്കുന്ന 4000 കുടുംബങ്ങള്‍ താമസിക്കുന്ന ബാല്‍ക്കോ ടൗണ്‍ഷിപ്പ്, പശ്ചിമ ബംഗാളിലെ ബിധാന്‍ബാഗിലെ മറ്റൊരു അലൂമിനിയം ഫാക്ടറി എന്നിവയുടെയൊക്കെ നിയന്ത്രണാവകാശമാണ് 551 കോടി രൂപയ്ക്കു വിറ്റത്.

എത്ര രൂപയ്ക്കാണ് ബാൽക്കോ കച്ചവടം ചെയ്തത് എന്ന് ഔദ്യോഗികമായി ഒരിക്കലും വെളിപ്പെടുത്തപ്പെട്ടിരുന്നില്ല. സര്‍ക്കാരിന്റെ മതിപ്പുവില 514 കോടി രൂപയായിരുന്നുവെന്ന് എക്കണോമിക് ടൈംസിനു നല്‍കിയ ഒരഭിമുഖത്തില്‍ ബാല്‍ക്കോ വാങ്ങിയ അനിൽ അഗർവാൾ വെളിപ്പെടുത്തി. ഹിന്ദാല്‍കോയുടെ ലേല അടങ്കല്‍ 265 കോടിയായിരുന്നുവത്രേ! ഇത് ഒത്തുകളിയായിരുന്നു. ബിജെപി വിറ്റ ഒമ്പതു കമ്പനികള്‍ വാങ്ങാന്‍ 96 പേര്‍ മുന്നോട്ടു വന്നെങ്കിലും 21പേരേ ടെന്‍ഡറില്‍ പങ്കെടുത്തുളളൂവെന്ന് 2006ലെ സി ആന്‍ഡ് എജി റിപ്പോര്‍ട്ടു വെളിപ്പെടുത്തി. ബാല്‍ക്കോ വാങ്ങാന്‍ 3 പേര്‍ സന്നദ്ധത പ്രകടിപ്പിച്ചതായിരുന്നു അക്കാലത്തെ ഏറ്റവും ഉയര്‍ന്ന പങ്കാളിത്തം!

പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു തുലയ്ക്കുന്നതിനുപിന്നിലെ കള്ളക്കളികൾ ഓർമ്മിപ്പിക്കാനാണ് ബാൽക്കോയുടെ ചരിത്രം ഇത്ര വിശദമാക്കിയത്. കേരളത്തിന്റെ ഭാവി തലമുറയുടെ വളർച്ചാ സ്വപ്നങ്ങൾ മുഴുവൻ അട്ടിമറിച്ച് ഈ കച്ചവടത്തിനു ചുക്കാന്‍ പിടിക്കുന്നവരെ രാജ്യത്തിന്‍റെ പൊതുശത്രുവായിക്കണ്ട് ജനരോഷമുയരണം.

ഇന്ത്യയിലെ 8 മഹാരത്ന കമ്പനികളിലൊന്നായ, ബി പി സി എൽ വിൽക്കാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ നീക്കം കേരളവികസനത്തിന്‍റെ…

Posted by Dr.T.M Thomas Isaac on Sunday, 6 October 2019

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.