Home GlobalVoice കാൻസർ അടക്കമുള്ള രോഗങ്ങളുടെ ചികിത്സയിൽ നിർണായക കണ്ടെത്തൽ; മോണിക്യുലാർ സ്വിച്ചി’നെപ്പറ്റിയുള്ള ഗവേഷണത്തിന് നൊബേൽ പുരസ്കാരം

കാൻസർ അടക്കമുള്ള രോഗങ്ങളുടെ ചികിത്സയിൽ നിർണായക കണ്ടെത്തൽ; മോണിക്യുലാർ സ്വിച്ചി’നെപ്പറ്റിയുള്ള ഗവേഷണത്തിന് നൊബേൽ പുരസ്കാരം

SHARE

ഈ വർഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. യു എസ് ഗവേഷകരായ വില്യം കെയ്‌ലിൻ, ഗ്രെഗ് സെമേൻസ എന്നിവരും ബ്രിട്ടിഷ് ഗവേഷകനായ പീറ്റർ റാറ്റ്ക്ലിഫുമാണ് പുരസ്കാരം പങ്കിട്ടത്. ശരീരത്തിലേക്കു ലഭിക്കുന്ന ഓക്സിജന്റെ അളവനുസരിച്ചുള്ള കോശങ്ങളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന ‘മോണിക്യുലാർ സ്വിച്ചി’നെപ്പറ്റിയുള്ള ഗവേഷണത്തിനാണ് നൊബേൽ. ശരീരകോശങ്ങൾ എപ്രകാരമാണ് ഓക്സിജന്റെ സാന്നിധ്യം തിരിച്ചറിയുന്നതെന്നും ലഭ്യമായ ഓക്സിജന് അനുസരിച്ചു പ്രവർത്തിക്കുന്നതെന്നും തീരുമാനിക്കുന്നതാണ് മോളിക്യുലാർ സ്വിച്ച്. ഹൃദയാഘാതം, പക്ഷാഘാതം, വിളർച്ച, കാൻസർ തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നു കണ്ടെത്തുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു ​ഗവേഷണമാണിത്.

യുഎസിലെ ഹവാർഡ് ഹ്യൂസ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനാണ് വില്യം കെയ്‌ലിൻ. ജോൺ ഹോപ്കിൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സെൽ എൻജിനീയറിങ്ങിലെ വാസ്ക്യുലാര്‍ റിസർച് പ്രോഗ്രാം തലവന്മാണ് സെമേൻസ, ലണ്ടനിലെ ഫ്രാൻസിസ് ക്രിക്ക് ഇൻസ്റ്റിറ്റ്യൂട്ട് ക്ലിനിക്കൽ റിസർച് വിഭാഗം തലവനാണ് റാറ്റ്ക്ലിഫ്. ഓക്സ്ഫഡിവെ ടാർഗറ്റ് ഡിസ്കവറി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായും പ്രവർത്തിക്കുന്നു. ഏകദേശം 9.14 ലക്ഷം ഡോളർ (ഏകദേശം 6.3 കോടി രൂപ) വരുന്ന സമ്മാനത്തുക മൂവരും പങ്കിടും. സ്റ്റോക്കോമിൽ ഡിസംബർ 10നാണ് നൊബേൽ സമ്മാനിക്കുക. ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ ചൊവ്വാഴ്ച പ്രഖ്യാപിക്കും. എല്ലാ വർഷവും ഏറ്റവും ആദ്യം പ്രഖ്യാപിക്കുന്നത് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനമാണ്.

എന്താണ് മോളിക്യുലാർ സ്വിച്ച്

ശരീരകോശങ്ങൾ എപ്രകാരമാണ് ഓക്സിജന്റെ സാന്നിധ്യം തിരിച്ചറിയുന്നതെന്നും ലഭ്യമായ ഓക്സിജന് അനുസരിച്ചു പ്രവർത്തിക്കുന്നതെന്നും തീരുമാനിക്കുന്നതാണ് മോളിക്യുലാർ സ്വിച്ച്. കോശങ്ങളിലെ മെറ്റബോളിസത്തെയും ശാരീരിക പ്രവർത്തനങ്ങളെയും എങ്ങനെയാണ് ഓക്സിജന്റ അളവ് സ്വാധീനിക്കുന്നതെന്നതടക്കമുള്ള പഠനങ്ങൾ ​ഗവേഷത്തിന്റെ ഭാ​ഗമായി ഇവർ നടത്തിയിരുന്നു. കോശങ്ങള്‍ പ്രവർത്തിക്കുന്നതെങ്ങനെ എന്നതു സംബന്ധിച്ച കൂടുതൽ വ്യക്തമായ വിവരങ്ങളും ഇതുവഴി മനസ്സിലാക്കാൻ സാധിക്കും.

ഉദാഹരണത്തിന്, നാം വ്യായാമം ചെയ്യുമ്പോൾ വളരെ പെട്ടെന്ന് സാധാരണ അളവിനേക്കാൾ കൂടുതൽ ഓക്സിജൻ കോശങ്ങളിലേക്ക് എത്തേണ്ടതുണ്ട്. എത്രമാത്രം ഓക്സിജൻ ലഭിക്കുന്നുണ്ടെന്നും അതിനനുസരിച്ച് എപ്രകാരം പ്രവര്‍ത്തിക്കണമെന്നും ‘തീരുമാനമെടുക്കാൻ’ കോശങ്ങളെ പ്രാപ്തരാക്കുന്നതും ഈ മോളിക്യുലാർ സ്വിച്ച് ആണ്.

കോശങ്ങളിലേക്കെത്തുന്ന ഓക്സിജന്റെ അളവനുസരിച്ച് ജീനുകളുടെ പ്രവർത്തനങ്ങളിൽ മാറ്റം വരാറുണ്ട്. തന്മാത്രാപരമായ ചില പ്രവർത്തനങ്ങൾ കാരണമാണ് ഈ മാറ്റം സംഭവിക്കുന്നത്. ഒട്ടേറെ രോഗങ്ങളിലേക്കു നയിക്കുന്നതും ഈ മാറ്റമാണ്. ഈ തന്മാത്രാ പ്രവർത്തനത്തെയാണ് ‘സ്വിച്ച്’ ആയി വിശേഷിപ്പിക്കുന്നത്. ഇതിന്റെ പ്രവർത്തനം തിരിച്ചറിയാനാണു മൂവരുടെയും ഗവേഷണം സഹായിച്ചത്.

ഓക്സിജൻ കണ്ടെത്തി അതിനനുസരിച്ചു പ്രവർത്തിക്കാൻ കഴിവുള്ള ശരീരകോശങ്ങളിലെ സംവിധാനത്തെ ഉത്തേജിപ്പിക്കുകയോ തടയുകയോ ചെയ്യുന്ന തരം മരുന്നുകളുടെ നിർമാണത്തിനാണ് ഫാർമസ്യൂട്ടിക്കൽ കമ്പനികളും ലാബറട്ടറികളും നിലവിൽ പ്രാധാന്യം നൽകുന്നത്. ഈ സാഹചര്യത്തിൽ, പല മാരക രോഗങ്ങളിൽ നിന്നും മനുഷ്യനു രക്ഷ പകരുന്ന കണ്ടെത്തൽ കൂടിയാണിതെന്നും നൊബേൽ സമിതി പറഞ്ഞു. മനുഷ്യരുടെയും മൃഗങ്ങളുടെയും എല്ലാ ശാരീരിക പ്രവർത്തനങ്ങൾക്കും ഓക്സിജൻ നിർണായക ഘടകമായതിനാൽത്തന്നെ ജീവൻ രക്ഷാ കണ്ടുപിടിത്തം എന്ന നിലയ്ക്കു തന്നെ ഇതിനെ കാണണമെന്നും നൊബേൽ സമിതി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.