Home KeralaFocus കോൺഗ്രസ്‌ നേതാക്കൾ പലതവണ പണം നൽകാമെന്നു പറഞ്ഞു വഞ്ചിച്ചു; ചെറുപുഴയിൽ കരാറുകാരന്റെ മരണം കൊലപാതകമെന്ന് ഭാര്യ

കോൺഗ്രസ്‌ നേതാക്കൾ പലതവണ പണം നൽകാമെന്നു പറഞ്ഞു വഞ്ചിച്ചു; ചെറുപുഴയിൽ കരാറുകാരന്റെ മരണം കൊലപാതകമെന്ന് ഭാര്യ

SHARE

കെട്ടിട നിർമാണ കരാറുകാരൻ ജോസഫ്‌ മുതുപാറകുന്നേലിന്റെ മരണം കൊലപാതകമാണെന്ന്‌ ഭാര്യ മിനി. അദ്ദേഹം ഒരിക്കലും ആത്മഹത്യചെയ്യില്ലെന്നും അവർ മാധ്യമങ്ങളോട്‌ പറഞ്ഞു. ‘‘ജോയി(ജോസഫ്‌) വീട്ടിൽനിന്നിറങ്ങുമ്പോൾ കൊണ്ടുപോയ രേഖകൾ കാണാനില്ല. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകളാണ്‌ നഷ്ടപ്പെട്ടത്‌. അവർ(കോൺഗ്രസ്‌ നേതാക്കൾ)പലതവണ പണം നൽകാമെന്നു പറഞ്ഞു വഞ്ചിച്ചു’’. എല്ലാ സമ്പാദ്യവും ചെലവഴിച്ചാണ്‌ അദ്ദേഹം ആശുപത്രി കെട്ടിടം പൂർത്തിയാക്കിയതെന്നും മിനി പറഞ്ഞു.

കോൺഗ്രസ്‌ നേതാക്കളായ കെ കുഞ്ഞികൃഷ്‌ണൻ നായരും റോഷി ജോസും ഒരാഴ്‌ച മുമ്പും പണം നൽകാമെന്നു പറഞ്ഞിരുന്നുവെന്ന്‌ സഹോദരൻ മാർട്ടിൻ മുതുപാറകുന്നേൽ പറഞ്ഞു.വ്യാഴാഴ്‌ച രാവിലെയാണ്‌ കോൺഗ്രസുകാരുടെ ഉടമസ്ഥതയിലുള്ള ചെറുപുഴ കെ കരുണാകരൻ സ്‌മാരക ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയിൽ ജോസഫിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടത്‌. ഇരു കൈകളുടെയും വലതുകാലിന്റെയും ഞരമ്പുകൾ മുറിച്ച്‌ രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. പണം നൽകാമെന്നു പറഞ്ഞ്‌ ട്രസ്‌റ്റ്‌ ഭാരവാഹികൾ വിളിപ്പിച്ചതനുസരിച്ച്‌ പകൽ രണ്ടോടെ സ്വന്തം കാറിൽ പുറപ്പെട്ട ജോസഫിനെ പിന്നീട്‌ കാണാനില്ലായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും പിറ്റേന്ന്‌ പുലർച്ചെവരെ ആശുപത്രി കെട്ടിടത്തിലും പരിസരത്തും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇവർ തെരച്ചിൽ നടത്തിയ മൂന്നാം നിലയിലാണ്‌ രാവിലെ ഒമ്പതോടെ മൃതദേഹം കണ്ടെത്തിയതെന്നതും ദുരൂഹത വർധിപ്പിക്കുന്നു. മാത്രമല്ല, രണ്ടു കൈകളുടെയും ഞരമ്പുകൾ മുറിച്ചിട്ടും ഷർട്ടിൽ ചോരപ്പാടുകൾ കാണാതിരുന്നതും സംശയമുണർത്തി. അതേസമയം, ആത്മഹത്യയാണെന്നാണ്‌ പോസ്‌റ്റ്‌ മോർട്ടം നടത്തിയ പൊലീസ്‌ സർജന്റെ നിഗമനം.

ജോസഫിന്റെ മൊബൈൽ ഫോൺ വിശദാംശം ശേഖരിച്ചതിന്റെ അടിസ്ഥാനത്തിൽ ചിലരെ ചോദ്യംചെയ്‌തതായി പൊലീസ്‌ പറഞ്ഞു. ഞായറാഴ്‌ച ഭാര്യയുടെയും മറ്റു ബന്ധുക്കളുടെയും മൊഴിയെടുക്കും. ശനിയാഴ്‌ചതന്നെ മൊഴിയെടുക്കാൻ ശ്രമിച്ചിരുന്നെങ്കിലും അവർ അസൗകര്യം അറിയിച്ചതിനെ തുടർന്ന്‌ ഒരു ദിവസത്തേക്ക്‌ മാറ്റുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.