കണ്ണൂരിൽ കെ.കരുണാകരൻ മെമ്മോറിയൽ ആശുപത്രി കെട്ടിടം പണിത കരാറുകാരൻ ജോസഫ് ആശുപത്രി കെട്ടിടത്തിൽ തന്നെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തു. കോൺഗ്രസ് ഉടമസ്ഥതയിലുള്ള കെ കരുണാകരൻ സ്മാരക ആശുപത്രി കെട്ടിടം പണിതതിന്റെ ഭീമമായ തുക ലഭിക്കാനുള്ള കരാറുകാരനെ ആശുപത്രി കെട്ടിടത്തിനു മുകളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചെറുപുഴ ചൂരപ്പടവിലെ മുതുപാറക്കുന്നേൽ ജോസഫിനെയാണ്(55) ഇരു കൈകളുടെയും ഞരമ്പുകൾ മുറിച്ചു ചോരവാർന്ന നിലയിൽ വ്യാഴാഴ്ച രാവിലെ കണ്ടെത്തിയത്.
പണത്തിന്റെ കാര്യം സംസാരിക്കാനായി ബുധനാഴ്ച വൈകിട്ട് ആശുപത്രിയിലേക്കു വിളിപ്പിച്ച ഇദ്ദേഹത്തെ പിന്നീട് കാണാനില്ലായിരുന്നു. ആശുപത്രി കെട്ടിടം പണിത വകയിൽ 1.34 കോടി രൂപ കോൺഗ്രസ് നേതാക്കൾ ജോസഫിന് നൽകാനുണ്ടായിരുന്നു. ഇതുസംബന്ധിച്ചു സംസാരിക്കാനെന്നു പറഞ്ഞു വിളിപ്പിച്ചതിനാലാണ് ബുധനാഴ്ച വൈകിട്ട് അഞ്ചോടെ ആശുപത്രിയിലേക്കു പോയതെന്ന് ബന്ധുക്കൾ പറഞ്ഞു. പിന്നീട് ആരും കണ്ടില്ല. ഫോണിലും ബന്ധപ്പെടാൻ കഴിഞ്ഞില്ല. രാത്രിയിൽ തെരച്ചിൽ നടത്തിയിരുന്നു. ഭാര്യ: മിനി ജോയ്. മക്കൾ: ഡെവിൻ, മെലീസ, ഡെൻസ്.