Home Newspool നിഷയോ ജോസ് കെ.മാണിയോ? പാലായിൽ പല പേരുകൾ; ചൂടേറി സ്ഥാനാർഥി ചർച്ചകൾ

നിഷയോ ജോസ് കെ.മാണിയോ? പാലായിൽ പല പേരുകൾ; ചൂടേറി സ്ഥാനാർഥി ചർച്ചകൾ

SHARE

പാലാ ഉപതിരഞ്ഞെടുപ്പിന് ഇനി ഒരു മാസം തികച്ചില്ല. കേരള കോൺഗ്രസ് ജോസഫ്, ജോസ് കെ. മാണി വിഭാഗങ്ങള്‍ പോരാടി നിൽക്കുന്ന സാഹചര്യത്തിൽ സ്ഥാനാർഥി നിർണയത്തിൽ ഉൾപ്പെടെ യുഡിഎഫ് നേരിടേണ്ടി വരിക വൻ വെല്ലുവിളി. രൂപീകരിച്ച കാലം മുതൽ കെ.എം.മാണിക്കൊപ്പം നിന്ന പാലാ സീറ്റ് സ്വന്തമാക്കുകയെന്നത് ഇരുവിഭാഗത്തിന്റെയും അഭിമാന പ്രശ്നം കൂടിയാണ്. പക്ഷേ സമവായ സാധ്യതകളുണ്ടെന്നു തന്നെയാണു കഴിഞ്ഞ ദിവസത്തെ കേരള കോൺഗ്രസ്(എം) വർക്കിങ് ചെയർമാൻ പി.ജെ.ജോസഫിന്റെ വാക്കുകൾ വ്യക്തമാക്കുന്നത്.

ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി യുഡിഎഫ് ആരെ നിർത്തിയാലും പിന്തുണയ്ക്കുമെന്നാണ് ജോസഫ് പറഞ്ഞത്. സ്ഥാനാർഥിയെ കൂടിയാലോചിച്ചാണു തീരുമാനിക്കുക. ജയസാധ്യതയുള്ള സ്ഥാനാർഥിയാണെങ്കിൽ നിഷാ ജോസ് െക. മാണിയെ പിന്തുണയ്ക്കുമെന്നും ജോസഫ് പറഞ്ഞു. എന്നാൽ ജോസ് കെ.മാണി വിഭാഗം ചെയർമാൻ പാർട്ടിക്കു ബാധ്യതയാണെന്നു വാർത്താസമ്മേളനത്തിൽ പറഞ്ഞുവച്ചതിലൂടെ ‘വെടിനിർത്തലിനു’ പൂർണമായും തയാറല്ലെന്നും ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്.

ഉപതിരഞ്ഞെടുപ്പ് ഒക്ടോബറിലുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇതുവരെ മുന്നണികളെല്ലാം ഇതിനെ തുടര്‍ന്നു കളത്തിലിറങ്ങിയ എൽഡിഎഫ്, എൻഡിഎ ക്യാംപുകളും ഇപ്പോഴും ഉറ്റുനോക്കുന്നത് കേരള കോൺഗ്രസിലേക്കാണ്. യുഡിഎഫും എൻഡിഎയും ഇതുവരെ സ്ഥാനാർഥിയെ നിർണയിച്ചിട്ടില്ല. എൻസിപി നേതാവ് മാണി സി. കാപ്പൻ തന്നെ പാലായിൽ മത്സരിക്കുമെന്നാണ് എൽഡിഎഫിലെ ധാരണ. മൂന്നു മുന്നണികളും ആദ്യറൗണ്ട് പ്രവർത്തനം ആരംഭിച്ചിരുന്നു. അതിനിടെ പ്രളയം വന്നതോടെ മുന്നണികൾ പ്രവർത്തനം ദുരന്ത നിവാരണത്തിൽ കേന്ദ്രീകരിച്ചാക്കി.

സ്ഥാനാർഥി ചർച്ചയ്ക്കായി യുഡിഎഫ് ഒരുങ്ങുമ്പോഴാണ് ജോസ് കെ. മാണി വിഭാഗത്തിലെ 21 നേതാക്കളെ ജോസഫ് വിഭാഗം പുറത്താക്കിയത്. അതോടെ കേരള കോൺഗ്രസിൽ വീണ്ടും വെടി പൊട്ടി. തർക്കത്തിൽ പാലായും ഇടം തേടി. കെ.എം. മാണി 54 വർഷം വിജയിച്ചു നിന്ന പാലായിലെ സ്ഥാനാർഥിത്വം തീരുമാനിക്കാനുള്ള ചുമതല ജോസഫ് ഗ്രൂപ്പിന് വിട്ടു കൊടുക്കില്ലെന്നാണു ജോസ് കെ. മാണി വിഭാഗത്തിന്റെ തീരുമാനം. അതേസമയം സ്ഥാനാർഥി ആരെന്ന് യുഡിഎഫ് തീരുമാനിച്ചോട്ടെ, ചിഹ്നം പി.ജെ. ജോസഫ് അനുവദിക്കുമെന്നതാണു ജോസഫ് വിഭാഗം നിലപാട്.

നിഷ ജോസ് കെ. മാണി പാലായിൽ മത്സരിക്കുമെന്നു പാർട്ടിയിലും പുറത്തും സംസാരമുണ്ട്. പാലായിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും നിഷ സജീവമാണ്. മുതിർന്ന നേതാവ് പ്രഫ. ഇ.ജെ. ആഗസ്തിയുടെ പേരും സ്ഥാനാർഥി ചർച്ചയിൽ വന്നിരുന്നു. എന്നാൽ, ജോസ് കെ. മാണി എംപി തന്നെ മത്സരിക്കണമെന്ന ആവശ്യം പാർട്ടിയിൽ ഉയരുന്നുണ്ട്. കെ.എം. മാണിയെ 5 പതിറ്റാണ്ടിലേറെ വിജയിപ്പിച്ച പാലായിൽ മകൻ തന്നെ മത്സരിക്കണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. പാർട്ടിയിലെ തർക്കവും ഈ നീക്കത്തിനു പിന്നിലുണ്ട്.

സ്ഥാനാർഥി ആരു വേണമെന്ന് ജോസ് കെ. മാണി വിഭാഗത്തിലെ നേതാക്കൾ ഒരു വട്ടം ചർച്ച നടത്തിയെന്നാണ് അറിവ്. സെപ്റ്റംബർ ആദ്യവാരം ഏകദിന ക്യാംപ് നടത്തി സ്ഥാനാർഥി സംബന്ധിച്ചു ധാരണയിൽ എത്താനാണ് പാർട്ടിയുടെ നീക്കം. എൻസിപി ദേശീയ നേതാവ് പ്രഫുൽ പട്ടേലിനെ കഴിഞ്ഞ ദിവസം മാണി സി. കാപ്പനും സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടിയും സന്ദർശിച്ചു പാലാ ഉപതിരഞ്ഞെടുപ്പു പ്രവർത്തനം ചർച്ച ചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പാലായിൽ എത്തി പ്രചാരണ പ്രവർത്തനങ്ങൾ അവലോകനം ചെയ്തതോടെ സിപിഎം ക്യാംപും ഉണർന്നു.

ബിജെപി തന്നെ പാലായിൽ മത്സരിക്കുമെന്നാണ് എൻഡിഎയിലെ ഇപ്പോഴത്തെ തീരുമാനം. എൻഡിഎ ജില്ലാ യോഗം പാലായിൽ ചേർന്നിരുന്നു. സംസ്ഥാന സെക്രട്ടറി ജെ.ആർ. പത്മകുമാറിനാണ് ബിജെപിയുടെ ചുമതല. ജില്ലാ പ്രസിഡന്റ് എൻ. ഹരി, റബർ ബോർഡ് മുൻ വൈസ് ചെയർമാൻ കെ.പി. ജയസൂര്യൻ, നാരായണൻ നമ്പൂതിരി എന്നിവരുടെ പേരുകളാണ് സ്ഥാനാർഥി ചർച്ചയിൽ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.