കോട്ടയത്ത് മകളുടെ പ്രണയത്തെ എതിർത്ത അച്ഛനെ കാമുകനും കൂട്ടുകാരും അടിച്ചുകൊന്നു

  SHARE

  മകളുടെ പ്രണയത്തെ എതിര്‍ത്ത പിതാവിനെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് അടിച്ചുകൊന്നു. പത്തനംതിട്ട ഇലന്തൂര്‍ ഇടപ്പരിയാരം വിജയവിലാസത്തില്‍ സജീവ് (49) ആണ് ഇന്നലെ മരിച്ചത്. 27ന് പട്ടാപ്പകലാണ് സജീവിന് മര്‍ദ്ദനമേറ്റത്. മകളുടെ പ്രണയവിവരം അറിഞ്ഞ് ഗള്‍ഫില്‍ ജോലിയുള്ള സജീവ് രണ്ടാഴ്ച മുമ്പിലാണ് നാട്ടിലെത്തിയത്.കോട്ടയം സ്വദേശിയായ ഡ്രൈവറുമായുള്ള പ്രണയത്തില്‍ നിന്ന് മകളെ പിന്തിരിപ്പിക്കാന്‍ സജീവ് കഴിവതും ശ്രമിച്ചിരുന്നു. തുടര്‍ന്ന് കാമുകന്‍ ഇവരുടെ വീട്ടിലെത്തി പിതാവിനെ ചോദ്യം ചെയ്തു. തങ്ങള്‍ പ്രായപൂര്‍ത്തിയായവരാണെന്നും ആര് തടസം നിന്നാലും മകളുടെ കഴുത്തില്‍ താലചാര്‍ത്തുമെന്നും പറഞ്ഞതോടെ സജീവ് ക്ഷുഭിതനായി. തുടര്‍ന്ന് വാക്കേറ്റവും ഉണ്ടായി. വീട്ടില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളുമായി മകള്‍ അടുത്ത ദിവസം ആരും അറിയാതെ സ്ഥലം വിടുകയും ചെയ്തു.

  27ന് മെഴുവേലി കുറിയാനിപ്പള്ളിയിലെ ഭാര്യ വീട്ടില്‍ സജീവ് എത്തിയതറിഞ്ഞ് മകളുടെ കാമുകനും നാല് സുഹൃത്തക്കളും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. അടിയേറ്റ് നിലത്തുവീണ സജീവ് വീട്ടിലെത്തി താമസിയാതെ തളര്‍ന്നുവീണു. തുടര്‍ന്ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പിന്നീട് വൈക്കത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ സജീവ് മരിച്ചു.സജീവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് ഇടപ്പരിയാരത്ത് നടക്കും.

  അതേസമയം പിതാവ് മര്‍ദ്ദിച്ചുവെന്ന് കാട്ടി മകളും കാമുകനും ചേര്‍ന്ന് ആറന്മുള പൊലീസില്‍ പരാതി നല്കിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളുവെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ചന്ദ്രബാബു പറഞ്ഞു.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.