Home Newspool പിഎസ്‌സിയെ തകര്‍ക്കാന്‍ ആസുത്രിത ശ്രമമെന്ന് മുഖ്യമന്ത്രി

പിഎസ്‌സിയെ തകര്‍ക്കാന്‍ ആസുത്രിത ശ്രമമെന്ന് മുഖ്യമന്ത്രി

SHARE

പിഎസ്‌സിയെ തകര്‍ക്കാന്‍ ചില കേന്ദ്രങ്ങള്‍ ആസൂത്രിത ശ്രമം നടത്തുകയാണെന്നും ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി പാലിച്ചുവരികയാണ്. ഇതൊന്നും ജനങ്ങളില്‍ എത്താതിരിക്കാനാണ് ആസൂത്രിതമായി പിഎസ്‌സിക്കെതിരേ ചില കോണുകളില്‍ നിന്നും ആരോപണങ്ങള്‍ ഉയരുന്നത്. രാജ്യത്ത് തന്നെ ഏറ്റവും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന പിഎസ്‌സിയാണ് നമ്മുടെ സംസ്ഥാനത്തുള്ളത്. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവരാണ് പിഎസ്‌സിക്കെതിരേ തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 1.10 ലക്ഷം നിയമനങ്ങളാണ് പിഎസ്‌സി വഴി നടത്തിയത്. സര്‍ക്കാര്‍ വിവിധ വകുപ്പുകളിലായി 22,000 തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തു. ഇതൊന്നും മനസിലാക്കാതെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനത്തെ ഇല്ലാതാക്കാന്‍ ബോധപൂര്‍വം ശ്രമം നടത്തുകയാണ്. പിഎസ്‌സിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ച്‌ യുവജനങ്ങളില്‍ അങ്കലാപ്പ് സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഇതിനാണ് യൂണിവേഴ്സിറ്റി കോളജിലെ രണ്ടു വിദ്യാര്‍ഥികള്‍ കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റില്‍ വന്ന സംഭവം വിവാദമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിഎസ്‌സി പൂര്‍ണമായും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സംവിധാനമാണ്. പരീക്ഷ നടത്തുന്നതും ചോദ്യപേപ്പര്‍ തയാറാക്കുന്നതും പിഎസ്‌സി നേരിട്ടാണ്. ഇത്തരത്തില്‍ സുധാര്യമായി പ്രവര്‍ത്തിക്കുന്ന സംവിധാനത്തിനെതിരേ തെറ്റായ പ്രചരണം നടത്തുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.