Home Don't Miss നവമാധ്യമങ്ങള്‍ വഴിയുള്ള ഭീഷണികള്‍ നേരിടാന്‍ കര്‍ശന നടപടി: മുഖ്യമന്ത്രി

നവമാധ്യമങ്ങള്‍ വഴിയുള്ള ഭീഷണികള്‍ നേരിടാന്‍ കര്‍ശന നടപടി: മുഖ്യമന്ത്രി

SHARE

ലോക്കപ്പ് മര്‍ദ്ദനവും അനധികൃതമായി ആളുകളെ കസ്റ്റഡിയില്‍ വയ്ക്കുന്നതും ഒരു കാരണവശാലും വച്ചു പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം തെറ്റുകള്‍ ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അവരെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം അറിയിച്ചു. ക്രമസമാധാന ചുമതല വഹിക്കുന്ന ഡിവൈഎസ്പി മുതല്‍ മുകളിലേക്കുളള ഉദ്യോഗസ്ഥരെ തിരുവനന്തപുരത്ത് പോലീസ് ട്രെയിനിംഗ് കോളേജില്‍ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പ്രളയകാലത്ത് പോലീസ് നടത്തിയ സേവനങ്ങള്‍ പ്രശംസാര്‍ഹമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോലീസിലെ ഒരു വിഭാഗത്തിന് പറ്റിയ ചെറിയ പിഴവുകള്‍ പൊതുജനങ്ങളില്‍ അവമതിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. അവ തിരുത്തി മുന്നോട്ട് പോകാനും പൊതുജനക്ഷേമം മുന്‍നിറുത്തി ആവശ്യമായ ഇടപെടലുകള്‍ നടത്താനും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.

പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന് ജില്ലാ പോലീസ് മേധാവിമാര്‍ പ്രത്യേക താല്‍പര്യം പ്രകടിപ്പിക്കണമെന്നും പോലീസ് സേനയെ മുന്നില്‍ നയിക്കുന്നത് കൂടുതല്‍ ഫലപ്രദമായി നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പോലീസ് മേധാവിമാര്‍ പോലീസ് സ്റ്റേഷനുകള്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കണം. ഗൗരവമേറിയ കുറ്റകൃത്യങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കണം. വര്‍ഗ്ഗീയശക്തികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനു കഴിയണം. അത്തരം ധ്രുവീകരണം സൃഷ്ടിക്കുന്ന ശക്തികളെ തിരിച്ചറിഞ്ഞ് ഇടപെടാന്‍ സാധിക്കണം. രാഷ്ട്രീയ പ്രശ്‌നങ്ങളോട് തികച്ചും നിക്ഷ്പക്ഷമായ നിലപാട് സ്വീകരിക്കണം. സൈബര്‍ കുറ്റകൃത്യങ്ങള്‍, മണല്‍ മാഫിയ, ക്വട്ടേഷന്‍ സംഘങ്ങള്‍, സാമൂഹ്യ വിരുദ്ധരുടെ അതിക്രമങ്ങള്‍ എന്നിവയ്‌ക്കെതിരെ ശക്തമായ നടപടി തുടര്‍ച്ചയായി തന്നെ സ്വീകരിക്കണം.

പോലീസ് സ്റ്റേഷനുകള്‍ പ്രഫഷണലായ രീതിയില്‍ പൊതുജനനന്മക്കായി പ്രവര്‍ത്തിക്കണം. ഇന്‍സ്‌പെക്ടര്‍മാര്‍ പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകണം. പരാതിയുമായി എത്തുന്നവരോട് നന്നായി പെരുമാറണം. പരാതികള്‍ക്ക് രസീത് നല്‍കണം. പരാതിക്കാരെ വിശദമായി കേട്ട് വിവരങ്ങള്‍ അന്വേഷിച്ച് എത്രയും പെട്ടെന്ന് മേല്‍നടപടി സ്വീകരിക്കണം. പോലീസുകാര്‍ക്ക് എതിരെയുളള പണിഷ്‌മെന്റ് റോള്‍ നടപടികള്‍ 90 ദിവസത്തിനകം തീര്‍പ്പാക്കണം. പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പ് വരുത്തണം. അവരുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ട് എല്ലാ ദിവസവും വ്യായാമം ചെയ്യുന്നത് കര്‍ശനമായി നടപ്പാക്കണം.

പോലീസില്‍ ആധുനീകരണം നടപ്പാക്കുന്നതിന്റെ ഭാഗമായി നവമാധ്യമങ്ങള്‍ വഴിയും മറ്റുമുളള ഭീഷണികള്‍ നേരിടാന്‍ സി ഡാക്കിന്റെ മാതൃകയില്‍ ഒരു ഏജന്‍സിക്ക് തുടക്കം കുറിക്കും. സാങ്കേതിക യോഗ്യതയുളള പോലീസ് ഉദ്യോഗസ്ഥരുടെ സേവനം അതത് മേഖലകളില്‍ വിനിയോഗിക്കുന്നതിന് നടപടി സ്വീകരിക്കും.

പോലീസിന്റെ പ്രവര്‍ത്തനം വിശദമായി വിലയിരുത്തിയ യോഗം എല്ലാ മേഖലകളിലും സേനയെ മുന്നോട്ട് നയിക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ, മുഖ്യമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ, മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും ഡി.വൈ.എസ്.പി തലംവരെയുളള ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. സബ്ബ് ഇന്‍സ്‌പെക്ടര്‍, ഇന്‍സ്‌പെക്ടര്‍ റാങ്കിലുളള ഉദ്യോഗസ്ഥര്‍ അതത് ജില്ലകളില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി യോഗത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.