ദോഹയിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ ശൗചാലയത്തിൽ വെച്ച് പുകവലിച്ച കൊല്ലം സ്വദേശി ജസോ ടി.ജെറോമി (24) നെയാണ് വിമാനത്തിലെ ജീവനക്കാർ പിടികൂടി പോലീസിലേൽപ്പിച്ചത്. ദോഹയിൽ ഒരു സ്വകാര്യകമ്പനിയിൽ ജോലി ചെയ്യുന്ന ജസോ മുംബൈയിലിറങ്ങി തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ മാറിക്കയറാനിരിക്കുകയായിരുന്നു. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. വിമാനം മുംബൈ വിമാനത്താവളത്തിൽ ഇറങ്ങാറായപ്പോഴായിരുന്നു ജസോ പുകവലിച്ചത്. അപായസന്ദേശം ലഭിച്ചതിനെത്തുടർന്നാണ് ജീവനക്കാർ പിടികൂടിയത്. രണ്ട് സിഗരറ്റുകളും ലൈറ്ററും ജസോയിൽ നിന്ന് പോലീസ് കണ്ടെടുത്തു. വിമാനത്തിൽ പുകവലി നിരോധനമുള്ള വിവരം തനിക്കറിയില്ലെന്ന് ജസോ പോലീസിനോടു പറഞ്ഞു.ഇയാളെ അറസ്റ്റ് ചെയ്ത ശേഷം 15,000 രൂപയുടെ ജാമ്യത്തിൽ വിട്ടു.