ഹിറ്റ് സിനിമകളുടെ ചേരുവകകള്‍ ഇല്ലാതെ സത്യസന്ധമായ കഥ ചിത്രം; ഉയരെയെക്കുറിച്ച് സത്യൻ അന്തിക്കാട്

  SHARE

  ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയുടെ കഥ പറഞ്ഞ ‘ഉയരെ’ തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. പല്ലവിയെന്ന കഥാപാത്രമായി പാർവതി വെള്ളിത്തിരയില്‍ എത്തിയ ചിത്രം കണ്ടവരുടെയെല്ലാം പ്രതീക്ഷകള്‍ക്കും ഉയരെ പറയുകയാണ്. മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുന്ന ചിത്രത്തിനെ പുകഴ്തി സംവിധായകന്‍ സത്യന്‍ അന്തിക്കാട് രം​ഗത്ത്. ഫേസ്ബുക്കിലൂടെയാണ് ചിത്രം കണ്ട ശേഷമുള്ള അനുഭവം സത്യന്‍ അന്തിക്കാട് കുറിച്ചത്. ഹിറ്റ് സിനിമകളുടെ ചേരുവകകള്‍ ഇല്ലാതെ സത്യസന്ധമായി കഥ പറഞ്ഞ ‘ഉയരെ’യുടെ അണിയറ പ്രവര്‍ത്തകരെ ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുകയാണ് അദ്ദേഹം.

  സിനിമ അവസാനിച്ചപ്പോള്‍ തിയേറ്ററുകളില്‍ ഉയര്‍ന്ന കൈയ്യടി ഏറെ സന്തോഷിപ്പിച്ചെന്നും സത്യന്‍ അന്തിക്കാട് ഫേസ്ബുക്കില്‍ കുറിച്ചു.

  സത്യന്‍ അന്തിക്കാടിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

  ‘ഉയരെ’ കണ്ടു.

  കണ്ടു ശീലിച്ച രീതിയിലുള്ള സിനിമയല്ല. ഒരു ഹിറ്റ് സിനിമക്ക് നിർബ്ബന്ധമായും ഉണ്ടാകണമെന്ന് വിചാരിക്കുന്ന സ്ഥിരം ചേരുവകളൊന്നുമില്ല. എന്നിട്ടും പടം തീർന്നപ്പോൾ തിയ്യേറ്ററിലുയർന്ന കൈയടി എന്നെ ഏറെ സന്തോഷിപ്പിച്ചു.
  കാരണങ്ങൾ രണ്ടാണ്..

  ഒന്ന് ‘ഉയരെ’ മനസ്സു നിറയുന്ന ഒരു അനുഭവമായി മാറി എന്നത്. മറെറാന്ന്, ആദ്യമായി ഒരു സിനിമയെടുക്കാൻ തീരുമാനിച്ചപ്പോൾ റിസ്കും വെല്ലുവിളികളുമൊന്നും കാര്യമാക്കാതെ ‘എസ് ക്യൂബ്സ്’ എന്ന പുതിയ നിർമ്മാതാക്കൾ കാണിച്ച ധൈര്യം.

  ബോബിയും സഞ്ജയും ഇതാദ്യമായല്ല നമ്മളെ അതിശയിപ്പിക്കുന്നത്. വിശാലമായ ഒരു കഥയല്ല, മനുഷ്യന്റെ ചില അവസ്ഥകളാണ് അവരുടെ സിനിമ. അതിന്റെ സൗന്ദര്യം ‘ട്രാഫിക്’ പോലുള്ള സിനിമകളിൽ നമ്മൾ കണ്ടതാണ്. കൈയൊതുക്കമുള്ള തിരക്കഥയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ‘ഉയരെ’.

  പാർവ്വതിയും ടൊവീനോയും ആസിഫലിയും മാത്രമല്ല സിദ്ധിക്കും പ്രേംപ്രകാശുമടക്കം അഭിനയിച്ച എല്ലാവരും ‘ഉയരെ’ക്ക് ഉയിരു നൽകിയവരാണ്. ക്യാമറയും എഡിറ്റിംഗും സംഗീതവും എല്ലാം.

  മലയാളത്തിൽ പ്രതിഭയുള്ള യുവസംവിധായകരുടെ അരങ്ങേറ്റ കാലമാണിത്. സക്കരിയ,മധു.സി.നാരായണൻ, ഇപ്പോഴിതാ മനു അശോകനും. മനു ഒരു വലിയ പ്രതീക്ഷയാണ്.

  എല്ലാവർക്കും എന്റെ സ്നേഹം.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.