മോദി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പാക്കിയ നോട്ട് നിരോധനത്തെക്കുറിച്ച് വീണ്ടും ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിനു പിന്നാലെ രാജ്യത്ത് 50 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായതായാണ് പുതിയ പഠന റിപ്പോര്‍ട്ട്.
ബംഗളൂരുവിലെ അസിം പ്രേംജി സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ സസ്റ്റെയിനബിള്‍ എംപ്ലോയ്മെന്റ് പുറത്തിറക്കിയ സ്റ്റേറ്റ് ഓഫ് വര്‍ക്കിംഗ് ഇന്ത്യ 2019 എന്ന പഠന റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന തൊഴിലില്ലായ്മ നോട്ട് നിരോധനത്തോടെ രൂക്ഷമാകുകയാണ് ഉണ്ടായതെന്നും ഇതില്‍ പറയുന്നു. ഉന്നത വിദ്യാഭ്യാസമുള്ളവരും യുവജനങ്ങളുമാണ് തൊഴിലില്ലായ്മായില് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം, നോട്ട് നിരോധനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ നിരവധി വിമര്‍ശനങ്ങള്‍ ഉയരുന്പോഴാണ് പുതിയ റിപ്പോര്‍ട്ടും ബിജെപിക്ക് തലവേദനയായി പുറത്തുവന്നത്.