തീപിടിത്തത്തില്‍ കത്തിനശിച്ച നോദ്രഡാം കത്തീഡ്രല്‍ പുനര്‍നിര്‍മിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍. തിങ്കളാഴ്ച രാത്രി കത്തീഡ്രലില്‍ സന്ദര്‍ശനം നടത്തിയ ശേഷമായിരുന്നു മാക്രോണിന്റെ പ്രഖ്യാപനം. ‘ഫ്രഞ്ച് ജനത ഒന്നുചേര്‍ന്ന് കത്തീഡ്രല്‍ പുനര്‍നിര്‍മ്മിക്കും. ഫ്രാന്‍സിന്റെ ഭാഗധേയമായ ദേവാലയത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. പദ്ധതികള്‍ വരും വര്‍ഷങ്ങളില്‍ തന്നെ ആരംഭിക്കും.’ – മാക്രോണ്‍ പറഞ്ഞു.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ പെടുന്ന 850 വര്‍ഷം പഴക്കമുള്ള ദേവാലയമാണിത്. രണ്ട് ലോകമഹായുദ്ധങ്ങളേയും 18ാം നൂറ്റാണ്ടിലെ ഫ്രഞ്ച് വിപ്ലവത്തെയും ഈ ദേവാലയം അതിജീവിച്ചു. ഫ്രഞ്ച് വിപ്ലവ സമയത്ത് ദേവാലയം നശിപ്പിക്കപ്പെട്ടിരുന്നു. ഏതാണ്ട് 200 വര്‍ഷം നീണ്ട പണികള്‍ക്കുശേഷം 12ാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് ദേവാലയം പൂര്‍ത്തിയായത്.