Home LookingGlass ‘ഭരത് ചന്ദ്ര’നെതിരെ തോക്കെടുക്കുന്ന സുരേഷ് ​ഗോപി

‘ഭരത് ചന്ദ്ര’നെതിരെ തോക്കെടുക്കുന്ന സുരേഷ് ​ഗോപി

249
0
SHARE

റാവുണ്ണി

കമ്മീഷണർ, ഭരത്ചന്ദ്രൻ തുടങ്ങിയ സിനിമകളാണ് സുരേഷ് ഗോപിക്ക് നായക പരിവേഷം നല്കിയത്. ഓർമ്മയുണ്ടോ ഈ മുഖം? എന്നാരംഭിക്കുന്ന ഉശിരൻ ഡയലോഗ് ഭരത്ചന്ദ്രൻ IPS പറയുമ്പോൾ തിയ്യേറ്ററുകളിൽ കയ്യടി ഉയർന്നു. അങ്ങേയറ്റം ജീർണ്ണിച്ച അധികാര രാഷ്ട്രീയത്തിന്റെ പ്രതിനിധികളായ കേന്ദ്രമന്ത്രിയുടെയും മോഹൻ തോമസ്സിന്റെയും പ്രവൃത്തികളോട് അറപ്പും വെറുപ്പും തോന്നിയ ജനങ്ങളുടെ വികാരവിചാരങ്ങളാണ് ഭരത്ചന്ദ്രന്റെ വായിൽ നിന്ന് തീപ്പൊരികളായി പുറത്തു വന്നത്. മന്ത്രിമാരെയും രാഷ്ട്രീയ നേതാക്കളെയും ഭയപ്പെടാത്ത ഭരത്ചന്ദ്രൻ നീതിക്കുവേണ്ടി നിലകൊണ്ടു. ആ വേഷം കൈകാര്യം ചെയ്ത ശരാശരിക്കാരൻ നടനെ വീരനായകനായി മലയാളി പ്രേക്ഷകർ കൊണ്ടാടി.
ഇന്ന് ഭരത് ചന്ദ്രൻ IPS ന്റെ അതേ സ്ഥാനത്ത് ചങ്കൂറ്റത്തോടെ നില്ക്കുന്നത് അനുപമ IAS ആണ്. ഭരത് ചന്ദ്രന്റെ വേഷമണിഞ്ഞ ആ നടന്റെ ഇന്നത്തെ മുഖത്തൊന്നു സൂക്ഷിച്ചു നോക്കു. സിനിമയിലെ കേന്ദ്ര മന്ത്രിയുടെയും മോഹൻ തോമസിന്റെയും ഛായ തോന്നുന്നില്ലെ? തിരഞ്ഞെടുപ്പു കമ്മീഷനെ വെല്ലുവിളിക്കുന്ന ആ ശബ്ദത്തിൽ നിറയുന്ന ധാർഷ്ട്യം അവരുടേതു തന്നെയല്ലെ? അവയൊക്കെ അധികാരത്തിന്റെ ഹുങ്കിൽ നിന്നുണ്ടായതല്ലെ?


വർഗ്ഗീയതയും വിദ്വേഷവും പ്രചരിപ്പിച്ച് നാടെമ്പാടും കലാപങ്ങൾ കെട്ടഴിച്ചുവിടുന്ന, അധികാരത്തിൽ നേരിട്ട് ഇടപെടുന്ന കപട സന്യാസിമാരെ നേരിട്ട നായകനെയാണ് ഏകലവ്യൻ, തലസ്ഥാനം തുടങ്ങിയ സിനിമകളിൽ സുരേഷ് ഗോപി എന്ന നടൻ അവതരിപ്പിച്ചത്. എന്നാൽ സംഘപരിവാറിന്റെ സഹയാത്രികൻ ഇപ്പോൾ നിലകൊള്ളുന്നത് വർഗ്ഗീയതയിൽ സിംഹാസനം പണിയുന്ന മതഭീകരരോടൊപ്പമാണ്. സുരേഷ് ഗോപി എന്ന നായക നടന്റെ വിപരീത സ്ഥാനത്താണ് സുരേഷ് ഗോപി എന്ന രാഷ്ട്രീയ പ്രവർത്തകൻ നിലയുറപ്പിച്ചിരിക്കുന്നത്.


ഭരത് ചന്ദ്രന് കയ്യടിച്ച ജനങ്ങൾ ഇപ്പോൾ കയ്യടിച്ചു കൊണ്ടിരിക്കുന്നത് അനുപമ IAS നും തിരഞ്ഞെടുപ്പു കമ്മീഷനുമാണ്. ആ കയ്യടി ഒരു മുഖം മൂടി പിച്ചിച്ചീന്തി എറിയുകയാണിപ്പോൾ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.