Home KeralaFocus നാട്ടുപച്ചയുടെ നായകൻറെ ഓർമ്മകൾ മൂന്ന് വർഷം പിന്നിടുമ്പോൾ

നാട്ടുപച്ചയുടെ നായകൻറെ ഓർമ്മകൾ മൂന്ന് വർഷം പിന്നിടുമ്പോൾ

126
0
SHARE

ഒരു നാട്ടിടവഴിയിൽ കൂടി നടന്നു പോകുന്ന പെൺകുട്ടിയെ തെങ്ങിന്റെ മുകളിലിരുന്ന് കമന്റടിച്ച് പാട്ട് പാടുന്ന കറുത്ത മെലിഞ്ഞ ഒരു ചെറുപ്പക്കാരനായിട്ടാണ് കലാഭവൻ മണിയെന്ന നടൻ മലയാള സിനിമയുടെ അഭ്രപാളിയിലേക്ക് നടന്നു കയറിയത്. നിറവും കുലവും നോക്കി അഭിനേതാക്കളെ തിരഞ്ഞെടുത്തിരുന്ന മലയാള സിനിമയുടെ നായക സങ്കൽപ്പങ്ങളെ പൊളിച്ചുകൊണ്ടായിരുന്നു കലാഭവൻ മണി എന്ന നടന്റെ അഭിനയ ജീവിതം. ജീവിതം ചുട്ടുപൊള്ളുന്ന അനുഭവങ്ങളുടെ നേർസാക്ഷ്യമായപ്പോൾ മണിയിലെ ഗായകൻ ഉണർന്നിരുന്നു. അയാൾ വേദനയുടെ പാട്ടുകൾ പാടി നഷ്ടങ്ങളുടെ നൊമ്പരം ചേർത്ത മണിയുടെ പാട്ടുകൾ അന്യം നിന്ന് പോകുമായിരുന്ന ഒരു കലയെ തന്നെ തിരിച്ചു പിടിച്ചു, മണിക്കൊപ്പം നാടൻ പാട്ടും വളർന്നു. സിനിമ അഭിനേതാക്കളുടെ വെച്ചുകെട്ടുകളൊന്നും ഇല്ലാത്ത ഒരു ഓട്ടോക്കാരനെപോലെയായിരുന്നു കലാഭവൻ മണി. ആസ്വാദകർക്ക് അയാൾ വീഡരികിലെ സൗമ്യനായ ഒരു ചെറുപ്പക്കാരനെപ്പോലെ തോന്നി, ജനങ്ങൾ അയാളിലേക്ക് ഇറങ്ങി ചെന്നു. കലാഭവനിലൂടെ ആയിരക്കണക്കിന് വേദികൾ അവിസ്മരണീയമാക്കിയ കലാഭവൻ മണിയുടെ പ്രത്യേക ചിരി കേരളക്കരയെയും ഇന്ത്യയെയും വിട്ട് പുറം നാടുകൾ ചുറ്റി. ചിലപ്പോൾ അയാൾ വള്ളം കളിയിൽ ഓളങ്ങളെ കീറി പായുന്ന ചുണ്ടന്റെ അമരത്തിരുന്നു. ചിലപ്പോൾ നാട്ടിലെ ഷാപ്പുകളിൽ അന്തിക്കള്ളും മോന്തി പാട്ടും കൂട്ടുമായി നേരം ചിലവഴിച്ചു. അഭിനയ തന്മയത്വമായിരുന്നു കലാഭവൻ മണി, കാരിമാടികുട്ടൻ എന്ന ഒറ്റ കഥാപാത്രം തന്നെ അതിനുദാഹരണമായിരുന്നു. അക്ഷരത്തിൽ തുടങ്ങി ഇരുവഴി തിരയുന്നിടം വരെയുള്ള അഭിനയജീവിതം, ദേശിയ സംസ്ഥാന തലത്തിൽ തേടിയെത്തിയ അവാർഡുകൾ, മലയാളത്തിന് പുറമെ തമിഴിലും നിറഞ്ഞാടിയ കഥാപാത്രങ്ങൾ. അഭിനയത്തിന്റെ അതിർവരമ്പുകൾക്കപ്പുറത്തേക് വളർന്ന നടനായി കലാഭവൻ മണി മാറിക്കഴിഞ്ഞിരുന്നു. ജീവിതത്തിന്റെ ഒരു നിഗൂഢ സായാഹ്നത്തിലാണ് അയാൾ മറ്റൊരു ലോകത്തിലേക്ക് പോയത്. ആ യാത്രക്ക് ഇന്ന് മൂന്ന് വർഷം തികയുകയാണ്. യാത്രക്ക് പിന്നിലെ നിഗൂഢത ഇനിയും മാറിയിട്ടില്ലെങ്കിലും കലാഭവൻ മണി ഇപ്പോളും ജീവിക്കുന്നു, സന്ധ്യകളിൽ പാഠങ്ങൾക്കും ഇടവഴികൾക്കും കുറുകെ പായുന്ന കാറ്റിൽ അയാളുടെ സ്വരങ്ങൾ പാടി ജീവിതങ്ങൾ തളർന്നുറങ്ങുന്നത്, ആഘോഷങ്ങളിൽ അടുത്തതായി മണിച്ചേട്ടന്റെ പാട്ടെന്നു പറയുമ്പോൾ നിലക്കാത്ത കയ്യടിയുണ്ടാകുന്നത്, അതൊക്കെ അയാളുടെ നിലനിൽപ്പിന്റെ മരിക്കാത്ത അടയാളങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.