എന്‍ഡിഎയ്ക്കും ഭരണത്തുടര്‍ച്ചയ്ക്കുള്ള സാധ്യത കുറവാണെന്ന് ആഗോള റേറ്റിങ്ങ് സ്ഥാപനമായി ഫിച്ച് റേറ്റിങ്ങ്സിന്റെ വിലയിരുത്തല്‍. മിക്ക സംസ്ഥാനങ്ങളിലും പ്രാദേശിക പാര്‍ട്ടികളുമായി ബിജെപിക്കു ബന്ധമില്ലെന്നത് പ്രതിപക്ഷത്തിന് അനുകൂല ഘടകമാണെന്ന് ഫിച്ച്റേറ്റിംഗ്സിന്റെ ഉപ കമ്പനിയായ ഫിച്ച് സൊലൂഷന്‍സ് മാക്രോ റിസര്‍ച്ച് പറയുന്നു.
ഒരുപാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ പ്രാദേശിക കക്ഷികളുടെ പിന്തുണയോടെ പ്രതിപക്ഷ സംഖ്യം മന്ത്രിസഭ ഉണ്ടാക്കാനാണു കൂടുതല്‍ സാധ്യത. കര്‍ഷകര്‍ക്കുള്ള ധനസഹായം (കിസാന്‍ സമ്മാന്‍) അടക്കമുള്ള നടപടികള്‍ തെരഞ്ഞെടുപ്പില്‍ വോട്ടായി മാറാന്‍ കുറഞ്ഞ സാധ്യത മാത്രമേയുള്ളൂവെന്നും ഫിച്ച്
അഭിപ്രായപ്പെട്ടു.
രാജ്യങ്ങളുടെയും കമ്പനികളുടെയും വായ്പായോഗ്യത വിലയിരുത്തി റേറ്റിംഗ് നല്കുന്ന ആഗോള സ്ഥാപനമാണ് ഫിച്ച് റേറ്റിംഗ്സ്. മോദി കുറഞ്ഞ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍ വരുമെന്നായിരുന്നു ധനകാര്യ നിക്ഷേപ മേഖലയുടെ ഇതു വരെയുള്ള പൊതു വിലയിരുത്തല്‍. സാഹചര്യങ്ങള്‍ മാറുന്നുവെന്നാണ് ഫിച്ചിന്റെ ഭിന്നാഭിപ്രായം സൂചിപ്പിക്കുന്നത്.
ബിജെപിക്കു 180 സീറ്റേ കിട്ടൂ എന്നാണ് സ്വിസ് ബ്രോക്കറേജ് സ്ഥാപനമായ യുബിഎസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. 2014-ല്‍ 282 സീറ്റ് ലഭിച്ച ബിജെപിയുടെ സീറ്റുകള്‍ 220 ആയി കുറയുമെന്നായിരുന്നു ആദ്യവിലയിരുത്തല്‍.
തെരഞ്ഞെടുപ്പ് അടുത്തതോടെ നടന്ന പുതിയ കണക്കെടുപ്പില്‍ ഇത് 200 ആയി. വിവിധ സംസ്ഥാനങ്ങളില്‍ പ്രതിനിധികളെ അയച്ചശേഷം യുബിഎസ് നടത്തിയ പുതിയ വിലയിരുത്തലിലാണ് സീറ്റുകളുടെ എണ്ണം 180 ആയി കുറയുമെന്ന് വിലയിരുത്തിയത്. മറ്റ് കക്ഷികളുടെ പിന്തുണയോടെ അധികാരത്തില്‍ തിരിച്ചെത്താന്‍ ബിജെപിക്കു പ്രയാസമാണെന്നാണ് യു ബി എസിന്റെയും വിലയിരുത്തല്‍. റിപ്പോർട്ടുകൾ പുറത്തു വന്നതോടെ പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയിലാണ് ബിജെപി കേന്ദ്ര നേതൃത്വം.