Home IndiaUncut “#ഗോബാക്മോദി” ട്രെൻഡിങ്; ട്വിറ്ററിനെ ഭീഷണിപ്പെടുത്തി കേന്ദ്ര സർക്കാരും ബിജെപിയും

“#ഗോബാക്മോദി” ട്രെൻഡിങ്; ട്വിറ്ററിനെ ഭീഷണിപ്പെടുത്തി കേന്ദ്ര സർക്കാരും ബിജെപിയും

206
0
SHARE

ആന്ധ്ര പ്രദേശിലും ആസ്സാമിലും മോദിക്ക് കിട്ടിയ തിരിച്ചടി സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയതോടെ ട്വിറ്ററിനെ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്ര സർക്കാരും സംഘപരിവാറും. തിങ്കളാഴ്ച നടക്കാനിരിക്കുന്ന പാർലമെന്ററി സമിതിയുടെ മുമ്പിൽ ട്വിറ്ററിന്റെ സിഇഓ ജാക്ക് ഡോഴ്‌സി ഹാജരായില്ലെങ്കിൽ അതിന്റെ പ്രത്യാഘ്യാതം അദ്ദേഹം നേരിടേണ്ടി വരുമെന്ന് സമിതിയുടെ അധ്യക്ഷനും സംഘപരിവാറും ഭീഷണി മുഴക്കുകയും ചെയ്തു. ഇന്ത്യ വരെ പെട്ടന്ന് വരാൻ സാധിക്കില്ല എന്ന ജാക്ക് ഡോഴ്‌സിയുടെ പ്രതികരണമാണ് സംഘപരിവാറിനെയും സമിതിയെയും ചൊടിപ്പിച്ചത്. ബിജെപിയുടെ നേതാവായ അനുരാഗ് താക്കൂർ അധ്യക്ഷനായ 31 അംഗ വിവര സംഘെതികവിദ്യ പാർലമെന്ററി സമിതിയാണ് ട്വിറ്റർ സിഇഓയോട് ഹാജരാകാൻ ആവശ്യപ്പെട്ടത്.

ട്വിറ്റർ, ഫേസ്ബുക്, വാട്സാപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിൽ ബിജെപിക്ക് കിട്ടുന്ന തിരിച്ചടികൾ അവരെ പ്രകോപിതരാക്കിയിരുന്നു. ഫേസ്ബുക്കിന്റെയോ വാട്സാപ്പിന്റെയോ അത്രയും അംഗബലം ട്വിറ്ററിന് ഇല്ലെങ്കിലും സജീവ രാഷ്ട്രീയ ഇടപെടലുകൾ ട്വിറ്ററിലാണ് നടക്കാറുള്ളത്. അതിനാലാണ് 2014 തെരഞ്ഞെടുപ്പിൽ ബിജെപി ട്വിറ്റർ കൈയേറിയത്. വ്യാജവാർത്തകൾ ട്വിറ്ററിൽ സ്‌ഥിരമായി വന്നിരുന്ന സാഹചര്യത്തിൽ, സ്‌ഥിരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന ഉപഭോക്താക്കളെ ട്വിറ്റർ ബാൻ ചെയ്തു തുടങ്ങി. ഈ സമയത്താണ്, വലതുപക്ഷ അക്കൗണ്ടുകൾക്കെതിരെ ട്വിറ്റർ നീങ്ങുന്നു എന്നാരോപിച്ച് ഡൽഹി ബിജെപി വക്താവ‌് തേജീന്ദർപാൽ സിങ‌് ബഗ്ഗ രംഗത്തെത്തിയത്. ട്വിറ്ററിനെതിരെ സംഘപരിവാറിന്റെ പ്രതിഷേധ പ്രകടനവും നടന്നിരുന്നു. എന്നാൽ രണ്ടു ദിവസമായി കിട്ടുന്ന തിരിച്ചടികളാണ് പാർലമെന്ററി സമിതി രൂപീകരിച്ച് ട്വിറ്റർ സിഇഒനെ വിളിച്ചു വരുത്താൻ സംഘപരിവാറിനെയും കേന്ദ്രസർക്കാരിനെയും പ്രേരിപ്പിച്ചത്.

ആന്ധ്രാ പ്രദേശിലും ആസ്സാമിലും സന്ദർശനം നടത്തിയ മോദിക്ക് കേന്ദ്രസർക്കാരിന്റെ നയങ്ങളോടുള്ള ജനങ്ങളുടെ വിദ്വേഷം കാണേണ്ടി വന്നു. അതിനു പിന്നാലെ, ഞായറാഴ്ച രാവിലെ മുതൽ വൈകിട്ട് വരെ ട്വിറ്ററിലെ ട്രെൻഡിങ് ആയ ഹാഷ് ടാഗ് ‘ഗോ ബാക് മോദി’ (തിരിച്ചു പോകു മോദി) എന്നായിരുന്നു. ഇരുസംസ്‌ഥാനങ്ങളിലും മോദിക്ക് പ്രവേശനമില്ലെന്നും, ഇനിയൊരിക്കലും മോദിക്ക് വോട്ട് ചെയ്യില്ല എന്നുമായിരുന്നു കൂടുതൽ ട്വീറ്റുകളുടെയും ആശയം. മോദി ചെന്നൈയിൽ സന്ദർശനം നടത്തിയപ്പോഴും ഇത് തന്നെയായിരുന്നു അവസ്‌ഥ. കരിംകൊടികളും ‘ഗോ ബാക് മോദി’ കാർഡുകളുമായ ആയിരങ്ങൾ തെരുവിലിറങ്ങിയിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ഇതുതന്നെ സംഭവിച്ചു. ഇതോടെ പ്രകോപിതരായ കേന്ദ്രസർക്കാർ ട്വിറ്റർ സിഇഒ തിങ്കളാഴ്‌ച തന്നെ ഹജരാകണമെന്ന്‌ ആവശ്യപ്പെടുകയായിന്നു. എന്നാൽ, ഇന്ത്യയിൽ എത്താൻ ഈ സമയം മതിയാകില്ലെന്നും ലോക‌്സഭ സെക്രട്ടറിയറ്റുമായി ആലോചിച്ച‌് അനുയോജ്യമായ ഒരു ദിവസം കൂടിക്കാഴ‌്ചയ‌്ക്ക‌് തയ്യാറാണെന്നും പാർലമെന്റിനെ ബഹുമാനിക്കുന്നെന്നും ട്വിറ്റർ സിഇഒ അറിയിച്ചു.

ട്വിറ്ററിനെതിരെ ബിജെപി വക്താവ‌് മീനാക്ഷി ലേഖി വെല്ലുവിളിയുമായി രംഗത്തെത്തി. തിങ്കളാഴ്‌‌ച വരാൻ കഴിയില്ലെന്ന ട്വിറ്റർ സിഇഒയുടെ മറുപടി പാർലമെന്റിനോടുള്ള അവഹേളനമാണെന്ന്‌ മീനാക്ഷി ലേഖി പറഞ്ഞു. ജനാധിപത്യ രാജ്യത്തിൽ അതിന്റെ സ്ഥാപനങ്ങളെ ലോകത്തിലെ വൻ ശക്തികൾ ബഹുമാനിക്കണം. അത‌് ലംഘിച്ചാൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന‌് ലേഖി പറഞ്ഞു. ട്വിറ്ററിന്റെ നടപടി പാർലമെന്റിന്റെ അവകാശത്തെ ഹനിക്കുന്നതാണെന്ന‌് അനുരാഗ‌് താക്കൂർ പറഞ്ഞു. ഗൗരവമുള്ള പ്രശ‌്നമാണെന്നും ട്വിറ്ററിന്റെ മറുപടി ചർച്ച ചെയ‌്ത‌് ആവശ്യമായ നടപടി പാർലമെന്ററി സമിതി സ്വീകരിക്കുമെന്നും അനുരാഗ‌് താക്കൂർ പറഞ്ഞു. വിഷയത്തിൽ അടുത്ത നടപടി എന്തെന്ന‌് കീഴ‌്‌വഴക്കപ്രകാരം രാജ്യസഭാ ചെയർമാനും ലോക‌്സഭാ സ‌്പീക്കറും ചേർന്ന‌് തീരുമാനിക്കുമെന്ന‌് കേന്ദ്രമന്ത്രി പീയൂഷ‌് ഗോയൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.