Home KeralaFocus പള്ളിയിൽ അക്രമം നടത്തുന്നുവെന്ന പ്രചാരണം ലീഗ് കാലങ്ങളായി പയറ്റുന്നത് അനുഭവം പങ്കുവെച്ച് രജീഷ് കുമാർ

പള്ളിയിൽ അക്രമം നടത്തുന്നുവെന്ന പ്രചാരണം ലീഗ് കാലങ്ങളായി പയറ്റുന്നത് അനുഭവം പങ്കുവെച്ച് രജീഷ് കുമാർ

540
0
SHARE

പള്ളിയിൽ അക്രമം നടത്തുന്നുവെന്ന പ്രചാരണം ലീഗ് കാലങ്ങളായി പയറ്റുന്നത് അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയാണ് പിഎച്ച്ഡി വിദ്യാർത്ഥിയായ രജീഷ് കുമാർ. പേരാമ്പ്രയിലെ പള്ളി ആക്രമണവുമായി ബന്ധപ്പെട്ട് ലീഗ് നേതൃത്വം അഴിച്ച് വിടുന്ന നുണപ്രചാരങ്ങളെ തന്റെ അനുഭവത്തിലൂടെ പൊളിക്കുകയാണ് രജീഷ്.

“ഞാനെന്റെ ഡിഗ്രി റിസള്‍ട്ടറിയുന്നത് കാഞ്ഞങ്ങാട് സബ്ജയിലില്‍ വച്ചാണ്. ജയിലിലെ വിസിറ്റേര്‍സ് ലോഞ്ചിന്റെ ഇരുമ്പഴിക്കപ്പുറത്തുനിന്ന് സഖാവ് ശ്രീകാന്ത്( Sreekanth PV) ഞങ്ങളുടെ റിസള്‍ട്ടിന്റെ വിവരം പങ്കുവച്ചത് ഇന്നലെയെന്നപോലെ ഇപ്പോഴും മനസ്സില്‍ തെളിയുന്നുണ്ട്.

എന്റെ ആദ്യത്തെ ജയില്‍ വാസമായിരുന്നു അത്. 22 ദിവസം നീണ്ടുനിന്ന കാഞ്ഞങ്ങാട് സബ് ജയിലിലെ പൊറുതിയില്‍ കൂട്ടിനുണ്ടായിരുന്നത് അന്ന് കുന്നത്തുകടവ് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അശോകേട്ടനാണ്. ജീവിതത്തിലെ മറക്കാനാവാത്ത ആവേശകരമായ അനുഭവമായിരുന്നു അത്. ദിവസവും ഞങ്ങളെ കാണാന്‍ ജയിലിലേക്കെത്തിയിരുന്ന സഖാക്കളുടെ എണ്ണവും അവരുടെ സ്നേഹവായ്പും ഈ ജീവിതത്തില്‍ ഒളിമങ്ങാത്ത ഓര്‍മ്മകളായിരിക്കും. പക്ഷെ ആ കേസിന്റെ കാര്യം അങ്ങനെയല്ല. വീണ്ടും ഓര്‍മ്മിച്ചെടുക്കാന്‍ അത്രമേല്‍ ആഗ്രഹമില്ലാത്ത, ഓര്‍ക്കുന്തോറും മനസ്സു നീറുന്ന രാഷ്ട്രീയ നെറികേടിന്റെ ബാക്കിയായിരുന്നു അത്.

2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പു ദിവസം വോട്ടെടുപ്പ് പൂര്‍ത്തിയാകാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ കാരക്കുന്നിലേയും പൂച്ചക്കട്ടെയും മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ഞങ്ങളുടെ ലോക്കല്‍ സെക്രട്ടറി സഖാവ് ദാമോദരേട്ടന്റെ വീടിന് കല്ലെറിയുന്നു. പരിസരപ്രദേശങ്ങളിലെ മറ്റ് സി പി എം അനുഭാവികളുടെ വീടുകള്‍ കൂടി തകര്‍ക്കപ്പെടുന്നതറിഞ്ഞാണ് ഞാനും മറ്റ് നിരവധി സഖാക്കളും രാവണീശ്വരം സ്കൂളില്‍ നിന്ന് സംഭവസ്ഥലത്തെത്തുന്നത്. കല്ലുകളും സോഡാക്കുപ്പികളും മഴപോലെ ഞങ്ങളുടെ നേര്‍ക്ക് വരുമ്പോള്‍ ആദ്യം ഒന്ന് പകച്ചുനിന്നെങ്കിലും പിന്നെ ഞങ്ങളും ആവുംപോലെ പ്രതിരോധിച്ചു. ഞങ്ങളുടെ പ്രതിരോധത്തില്‍ പിടിച്ചുനില്‍ക്കാനാവാത്ത ലീഗുകാര്‍ പിന്നെ ചെയ്തത് തൊട്ടടുത്തുള്ള പള്ളിവളപ്പിലേക്ക് പാഞ്ഞുകയറുകയാണ്. പിന്നെ അവിടെ നിന്നായിരുന്നു അവരുടെ അക്രമണം. പള്ളിയുടെ മഹിമ അവര്‍ക്കറിയില്ലെങ്കിലും ഞങ്ങള്‍ക്കറിയാമായിരുന്നു. സഖാക്കള്‍ രണ്ടാമതൊന്നാലോചിക്കാതെ അവിടെനിന്ന് പിന്‍വലിഞ്ഞു. ഓരോരുത്തരായി വീടുകളിലേക്കും പാര്‍ട്ടി ഓഫീസിലേക്കും നടന്നുപോകവെയാണ് അന്ന് എസ് എഫ് ഐ ഏരിയാ കമ്മറ്റിയംഗമായിരുന്ന സഖാവ് അജീഷിനെ ലീഗ് ക്രിമിനലുകള്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുന്നത്. രണ്ടു കാലുകള്‍ക്കും ഫ്രാക്ചറായി പള്ളയ്ക്ക് ആഴമുള്ള കുത്തുകൊണ്ട് ഒരു മാസക്കാലം അജീഷ് ശയ്യാവലംബിയായിരുന്നു.

പക്ഷെ പിന്നെയാണ് കാര്യങ്ങളുടെ മട്ട് മാറിയത്. അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മുസ്ലീംലീഗുകാരുടെ അടുത്തപണി കള്ളക്കഥ മെനയലും കള്ളക്കേസ് റജിസ്സര്‍ ചെയ്യിക്കലുമായിരുന്നു. കാരക്കുന്ന് പള്ളി ഞങ്ങള്‍ അക്രമിച്ചു എന്നതായിരുന്നു പ്രചരണം. നാലുദിവസം കഴിഞ്ഞാണ് ഞങ്ങളറിയുന്നത് ഞാനുള്‍പ്പടെ പത്തുപേര്‍ക്ക് കേസുണ്ടെന്ന്. വകുപ്പുകളില്‍ പള്ളി അക്രമണവും മതസ്പര്‍ദ്ധയുണ്ടാക്കലുമുണ്ടെന്ന്. മുസ്ലീംലീഗിന്റെ കള്ളക്കഥയും ബേക്കല്‍ സ്റ്റേഷനിലെ ചില സിപിഎം വിരോധികളായ പോലീസുകാരും കൈകോര്‍ത്തപ്പോള്‍ ഞങ്ങള്‍ 22 ദിവസം അകത്തായി. നാലുവര്‍ഷം കോടതി കയറിയിറങ്ങിയതിന് ശേഷം ജില്ലാ കോടതി ഞങ്ങളെ വെറുതെവിട്ടു. അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് നിയപരമായി സാധൂകരിക്കപ്പെട്ടു.

പക്ഷെ ആ കേസ് നടത്തിപ്പു ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും കൈപ്പേറിയ അനുഭവമായിരുന്നു. മുസ്ലീംലീഗുകാരെ അക്രമിച്ചവര്‍ എന്ന പേരായിരുന്നെങ്കില്‍ ഞങ്ങള്‍ സങ്കടപ്പെടുമായിരുന്നില്ല. തെരഞ്ഞെടുപ്പ് സംഘര്‍ഷത്തിന്റെ പേരിലായിരുന്നു കേസെങ്കില്‍ മനസുലയാതെ ഞങ്ങള്‍ കോടതി കയറിയേനെ. പക്ഷെ പള്ളിക്ക് കല്ലെറിഞ്ഞവര്‍ എന്ന ചാപ്പ ചെറുതായൊന്നുമല്ല ഞങങ്ങളെ സങ്കടപ്പെടുത്തിയത്.

കള്ളക്കഥയുണ്ടാക്കിയ ലീഗുകാര്‍ക്ക് ആ വൈകാരികതയുടെ തലമറിയില്ല. പക്ഷെ കേരളത്തിലങ്ങോളമിങ്ങോളമുള്ള ഓരോ സഖാവിനും സെക്കുലര്‍ ജീവിതത്തിന്റെ വിലയറിയാം. ജീവിതവ്രതമായി കാണുന്ന മതേതര നിലപാടുകളുടെ സാമൂഹ്യ പ്രസക്തിയറിയാം. ഒരു കെട്ടുകഥയുടെ പുറത്താണെങ്കില്‍ പോലും തങ്ങളുടെ മതേതരജീവിതത്തെ കളങ്കപ്പെടുത്തുമ്പോള്‍ അനുഭവിക്കുന്ന പ്രയാസമറിയാം.

പേരാമ്പ്രയിലെ പള്ളി അക്രമണത്തിന്റെ നിറംപിടിപ്പിച്ച കഥകള്‍ മാധ്യമങ്ങളും ലീഗും പൊലിപ്പിക്കുമ്പോള്‍ മനസ്സിലേക്കാദ്യമെത്തിയത് പത്തുവര്‍ഷം മുന്‍പ് ഞാനും സഖാക്കളും നിസ്സഹായതയോടെ നിന്ന ആ നില്‍പ്പായിരുന്നു. പള്ളിയെ അക്രമങ്ങള്‍ക്ക് മറയാക്കലും കള്ളക്കേസുകള്‍ക്ക് ടൂളാക്കലും ലീഗിനൊരു പുത്തരിയല്ല. അവരുള്ളിടത്തെല്ലാം പള്ളി അവര്‍ക്കൊരു രാഷ്ട്രീയ ആയുധമാണ്.”

ഞാനെന്റെ ഡിഗ്രി റിസള്‍ട്ടറിയുന്നത് കാഞ്ഞങ്ങാട് സബ്ജയിലില്‍ വച്ചാണ്. ജയിലിലെ വിസിറ്റേര്‍സ് ലോഞ്ചിന്റെ…

Posted by Rajeesh Kumar Abhimanyu on Sunday, 6 January 2019

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.