കേരളം കുതിക്കുന്നത് രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമാകാന്‍: മുഖ്യമന്ത്രി പിണറായി വിജയന്‍

  SHARE

  രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമാകാനുള്ള കുതിപ്പിലാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിസാന്‍ ഡിജിറ്റല്‍ ഹബിന്റെ ഉദ്ഘാടനം ടെക്‌നോപാര്‍ക്ക് ഫേസ് 3 യില്‍ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.

  ഡിജിറ്റല്‍ ലോകത്ത് അതിന്റെ ഗുണഫലങ്ങള്‍ നേടാന്‍ ഇന്റര്‍നെറ്റില്ലാതെ സാധിക്കാത്തതിനാല്‍ എല്ലാവര്‍ക്കും ഇന്റര്‍നെറ്റിനുള്ള അവകാശം പ്രഖ്യാപിച്ച സര്‍ക്കാരാണിത്. ലോകത്തെ തന്നെ ഡിജിറ്റല്‍ മുന്നേറ്റത്തിന്റെ പ്രധാനകേന്ദ്രമാകുന്ന നിലയിലാണ് കേരളത്തിലെ ഡിജിറ്റല്‍ സാമൂഹ്യാന്തരീക്ഷം മാറുന്നതിന്റെ തെളിവാണ് നിസാന്‍ ഡിജിറ്റല്‍ ഹബ്. ലോകത്തെ തന്നെ അവരുടെ ആദ്യ ഡിജിറ്റല്‍ ഹബ് ഇവിടെ യാഥാര്‍ഥ്യമാകുന്നത് കേരളത്തിലെ ഐ.ടി സൗഹൃദ അന്തരീക്ഷത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

  ഡിജിറ്റല്‍ സാങ്കേതികരംഗത്ത് നിസാന്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കൊപ്പം കേരളം ഉണ്ടാകും. നൈപുണ്യമുള്ള മനുഷ്യശേഷി ധാരാളമുള്ള നാടാണ് കേരളം. സാമൂഹ്യമാറ്റത്തിനും പുരോഗതിക്കും ഈ കഴിവുകളും സാങ്കേതികത നല്‍കുന്ന അവസരങ്ങളും സമന്വയിപ്പിക്കാന്‍ കേരളം തയാറാണ്.

  മനുഷ്യനും സാങ്കേതികവിദ്യക്കും ഒരുമിച്ച് നീങ്ങാനാകുന്ന മികച്ച അവസരങ്ങള്‍ തുറക്കാനാണ് സര്‍ക്കാരിന്റെ ശ്രമങ്ങള്‍. ഐ ടി രംഗത്ത് പ്രത്യേകശ്രദ്ധനല്‍കുന്നതും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരമൊരുക്കുന്നതും ഇതിനാണ്. കേരളത്തിലെ ഐ.ടി പാര്‍ക്കുകളുടെ ശേഷി 10 മില്യണ്‍ ചതുരശ്രഅടിയായി ഉയര്‍ത്തണമെന്നാണ് സര്‍ക്കാരിന്റെ ലക്ഷ്യം. രണ്ടുവര്‍ഷത്തിനുള്ളില്‍ ഇതിനകം നാലര മില്യണ്‍ സ്‌ക്വയര്‍ഫീറ്റ് എന്ന ലക്ഷ്യത്തിലെത്തിയിട്ടുണ്ട്. നിസാന്‍ ഉള്‍പ്പെടെയുള്ള ആഗോള ഐ.ടി ഭീമന്‍മാര്‍ എത്തുന്നത് ഈ ലക്ഷ്യം വേഗമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

  ചടങ്ങില്‍ ഇന്ത്യയിലെ ജാപ്പനീസ് അമ്പാസഡര്‍ കെഞ്ചി ഹിരാമത്‌സു മുഖ്യാതിഥിയായിരുന്നു. കേന്ദ്രമന്ത്രി കെ.ജെ. അല്‍ഫോണ്‍സ്, ഡോ. ശശി തരൂര്‍ എം.പി, നിസാന്‍ കോര്‍പറേറ്റ് വൈസ് പ്രസിഡന്റ് ടോണി തോമസ് എന്നിവര്‍ സംബന്ധിച്ചു. 350 ജീവനക്കാരുമായാണ് ഡിജിറ്റല്‍ ഹബ് പ്രവര്‍ത്തനം തുടങ്ങുന്നത്. ഈ സാമ്പത്തികവര്‍ഷം തന്നെ ഇത് 500 ജീവനക്കാരാകും.

   

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.