Home Don't Miss ഈ കെട്ട കാലത്ത്, എല്ലാം ക്ഷമിക്കാൻ പഠിക്കുന്നതു പോലെ തന്നെ പ്രധാനമാണ് ഒന്നും മറക്കാതിരിക്കലും; ശ്രുതി...

ഈ കെട്ട കാലത്ത്, എല്ലാം ക്ഷമിക്കാൻ പഠിക്കുന്നതു പോലെ തന്നെ പ്രധാനമാണ് ഒന്നും മറക്കാതിരിക്കലും; ശ്രുതി കൃഷ്ണ എഴുതുന്നു

231
0
SHARE

ശ്രുതി കൃഷ്ണ

എല്ലാ വർഗ്ഗീയ കലാപങ്ങൾക്കു പിന്നിലും കൃത്യമായ ഒരു രീതിശാസ്ത്രമുണ്ട്. ഇലക്ഷൻ ലക്ഷ്യമിട്ടു കൊണ്ടുള്ള സാമൂഹിക ധ്രുവീകരണവും അതിലൂടെ അധികാരം പിടിക്കലുമാണ് അതിന്റെ മുഖ്യ അജണ്ട. ഉത്തരേന്ത്യയിൽ സംഘപരിവാരം ഇലക്ഷനെ ഉന്നം വെച്ച് കലാപം ആസൂത്രണം ചെയ്യാനായ് ഉപയോഗിക്കുന്ന ചില ടൂളുകളുണ്ട് , അതിൽ പ്രധാനമാണ് ദൈവത്തിനെ സംരക്ഷിക്കാനെന്ന പേരിൽ നടത്തപ്പെടുന്ന വിശ്വാസ സംരക്ഷണ ജാഥകൾ അധവാ സ്വാഭിമാൻ യാത്രകൾ. ബാബറി പള്ളി പൊളിക്കുന്നതിനു മുമ്പായി 1991-92 നും ഇടയിൽ ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ തലങ്ങും വിലങ്ങും “രാമനെ” രക്ഷിക്കാൻ എന്ന പേരിൽ ഇത്തരം ലക്ഷോപലക്ഷം റാലികൾ സംഘപരിവാരം സംഘടിപ്പിച്ചിരുന്നു എന്ന കാര്യം ഈ അവസരത്തിൽ ഓർമ്മപ്പെടുത്തുന്നു.

“ഹിന്ദു സ്വാഭിമാൻ യാത്ര”, “ദമൻ/ദമൺ പരിക്രമാ” എന്നൊക്കെയുള്ള ഓമനപ്പേരുകളിൽ അറിയപ്പെടുന്ന ഈ പരിപാടിയിൽ പക്ഷേ യഥാർഥത്തിൽ ആത്മാഭിമാനമുള്ള ഒരു ഹിന്ദുവിനും അഭിമാനിക്കാനായ് ഒന്നുമില്ല എന്നതാണ് സത്യം. തോക്കും വാളും മറ്റ് മാരകായുധങ്ങളുമായി ന്യൂനപക്ഷ സമുദായങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിലൂടെ പ്രകോപനപരമായ മുദ്രാവാക്യങ്ങളും മുഴക്കി സഞ്ചരിക്കുക, വ്യാപകമായ അക്രമം അഴിച്ചുവിടുക,നാടൊട്ടുക്ക് വർഗ്ഗീയ വിഷം ചാലിച്ച പെരും നുണകൾ പ്രചരിപ്പിക്കുക, സമുദായിക സ്പർദ്ധ വളർത്തുന്ന സംഭവങ്ങൾ സൃഷ്ടിച്ചവിടെ കലാപത്തിന് വഴിമരുന്നിടുക അതു വഴി വല്യ രീതിയുള്ള വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കുക എന്നതാണ് വിശ്വാസ സംരക്ഷണത്തിന്റെ പേരിൽ നടത്തപ്പെടുന്ന ഈ യാത്രകളുടെ ലക്ഷ്യം. ഇത്തരം സ്വാഭിമാൻ യാത്രകൾ ഏറിയ പങ്കും ഏതെങ്കിലും മത ഘോഷയാത്രകളുടെ മറവിലാണ് നടത്തപ്പെടുക. കേരളത്തിൽ 1971-ൽ ഉണ്ടായ തലശ്ശേരി കലാപം ഇത്തരത്തിൽ പ്ലാൻ ചെയ്യപ്പെട്ടതാണെന്നാണ് അതേക്കുറിച്ച് പഠിച്ച ജസ്റ്റിസ് വിതയത്തിൽ കമ്മിഷൻ അഭിപ്രായപ്പെട്ടത്. അന്ന് കേരളത്തിന്റെ രാഷ്ട്രീയ ജാഗ്രത മൂലം ആ കലാപത്തെ പൂർണ്ണമായും വിജയിപ്പിക്കാൻ അവർക്ക് കഴിഞ്ഞില്ലെങ്കിലും അത് കേരളത്തിലുണ്ടാക്കിയ സാമുദായിക ധ്രുവീകരണവും അവിടുന്നങ്ങോട്ട് സംഘ പരിവാർ പ്രസ്ഥാനങ്ങൾക്കുണ്ടായ വളർച്ചയും മാത്രം ശ്രദ്ധിച്ചാൽ കാര്യങ്ങൾ കുറച്ചു കൂടി വ്യക്തമാകും.

സംഘ പരിവാറിന്റെ ഹിന്ദുത്വ പരീക്ഷണ ശാലയായി ഗുജറാത്ത് മാറിയതെന്നാണെനോർമ്മയുണ്ടോ?
ഗോദ്രയിൽ അവരുടെ പ്രവർത്തകരെ അവർ തന്നെ ട്രയിനടക്കം കത്തിക്കുന്നു. അത് ചെയതത് മുസ്ലിംങ്ങളാണെന്ന നുണ പ്രചരിപ്പിക്കുന്നു. അതിന് ശേഷം കത്തികരിഞ്ഞ മൃതദേഹങ്ങൾ അവരുടെ വീട്ടുകാർക്ക് പോലും വിട്ടുകൊടുക്കാതെ ട്രക്കിൽ കയറ്റി നൂറ് നൂറ്റൻപത് കിലോമീറ്ററുകൾക്കപ്പുറത്ത് മുസ്ലീംങ്ങൾ തിങ്ങി പാർക്കുന്ന അഹമ്മദാബാദിലെ തെരുവോരങ്ങളിൽ തോക്കും ബോംബുമടക്കമുള്ള മാരകായുധങ്ങളുടെ അകമ്പടിയോടു കൂടി ഹിന്ദു സ്വാഭിമാൻ യാത്ര സംഘടിപ്പിക്കുന്നു. അതേ തുടർന്നുള്ള ഭീകരമായ വർഗ്ഗീയ കലാപമാണ് ഗുജറാത്തിനെ വർഗ്ഗീയതയുടെ പരീക്ഷണശാലയാക്കിയത്. അന്നും ഇലക്ഷൻ അടുത്തിരുന്ന സമയമായിരുന്നു എന്നും അതിനു ശേഷം (2002 മുതൽ) ഇന്നേവരെ ബി.ജെ.പി യെ അധികാരത്തിൽ നിന്നകറ്റാൻ ആരാലും കഴിഞ്ഞിട്ടില്ല എന്ന് കൂടി ചേർത്ത് വായിക്കേണ്ടതുണ്ട്.

ബാബറിയിലെ പള്ളി പൊളിച്ച സംഘപരിവാരം ഇന്ത്യൻ മതസൗഹാർദത്തിന്റെ നട്ടെല്ല് ചവിട്ടിയൊടിച്ചതിന്റെ 26 – മത് വാർഷികത്തിൽ, കണ്ണുകളിലിനിയും അന്ധമായ രാഷ്ട്രീയ തിമിരം ബാധിച്ചിട്ടില്ലാത്ത എന്റെ കൂടെപ്പിറപ്പുകളോട് പറയാനുള്ളതിത്ര മാത്രമാണ്. മുസ്ലീമായി പിറന്നു പോയതിനാൽ മാത്രം “തീവ്രവാദിയല്ലെന്ന് ” നാഴികക്ക് നാൽപ്പത് വട്ടം തെളിയിക്കപെടേണ്ടി വരുന്ന ഗതികെട്ട മനുഷ്യരുള്ള നാടാണിത്. അവിടെയാണ് ഇന്ത്യൻ ഭരണഘടനയും അതിന്റെ നീതിന്യായ വ്യവസ്ഥയെയും വെടിവെച്ച് വീഴ്ത്തി നടുറോട്ടിലൂടെ ആർത്തട്ടഹസിച്ച്
വിശ്വാസ സംരക്ഷണ സ്വാഭിമാന യാത്രയുമായി ഈ കൂട്ടർ രാജ്യസ്നേഹികളും, ഭക്ത വിശ്വാസികളും, ഗോ-വിശ്വാസ സംരക്ഷകരുമായ് മാത്രം അറിയപ്പെടുന്നത്.

യു.പിയിലേയും, ഗുജറാത്തിലേയും, മധ്യപ്രദേശിലേയും ബി.ജെ.പി ഭരിക്കുന്ന മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേയും പോലെ കേരളത്തിലെ ഭരണകൂടം ഒന്ന് കണ്ണടച്ചാൽ ഇപ്പോൾ തെരുവിൽ തെറി നാമം ജപിക്കുന്നവരുടെ കൈയ്യിലെ നെയ്തേങ്ങകൾ നാടൻ ബോംബാക്കി മാറ്റാനും ശബരിമല മറ്റൊരു അയോധ്യയാക്കി മാറ്റാനും ഇക്കൂട്ടർക്ക് അരനാഴികനേരം തികച്ച് വേണ്ട എന്നത് ഓർക്കേണ്ടതുണ്ട്. ഈ കെട്ട കാലത്ത്, എല്ലാം ക്ഷമിക്കാൻ പഠിക്കുന്നതു പോലെ തന്നെ പ്രധാനമാണ് ഒന്നും മറക്കാതിരിക്കലും

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.