Home Newspool നവോത്ഥാന വനിതാ മതിലില്‍ ഞാനും…..

നവോത്ഥാന വനിതാ മതിലില്‍ ഞാനും…..

SHARE

കേരളത്തിന്റെ നവോത്ഥാന പാരമ്പര്യവും സ്ത്രീപുരുഷ തുല്യതയ്ക്കുവേണ്ടിയുള്ള പോരാട്ടവും പ്രതിലോമയാഥാസ്ഥിതികത്വ ശക്തികളുമായുള്ള മുഖാമുഖത്തിന്റെ ചരിത്രസന്ധിയിലാണ്. ആര് എവിടെ നില്‍ക്കുന്നുവെന്നത് ചരിത്രം കേരളസമൂഹത്തിനു നേരെ ഉയര്‍ത്തുന്ന വെല്ലുവിളിയാണ്. നമുക്ക് തുറന്നുപറയാം നാം എവിടെയാണ്, ആര്‍ക്കൊപ്പമാണ്.

അഡ്വ. ജെ സന്ധ്യ
(സാമൂഹിക പ്രവര്‍ത്തക,
ബാലാവകാശ കമ്മിഷന്‍ മുന്‍ അംഗം)

വര്‍ത്തമാനകാലത്ത് ഏറ്റവും നല്ല ആശയങ്ങളില്‍ ഒന്നാണ് വനിതാമതില്‍. വിദ്യാഭ്യാസവും ആരോഗ്യവും പോലുള്ള ചില സൂചികകളില്‍ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളോട് കിടപിടിക്കുന്ന കേരളം എന്നാല്‍ സ്ത്രീപുരുഷ സമത്വത്തിന്റെ കാര്യത്തില്‍ വേണ്ടത്ര പുരോഗതി കൈവരിച്ചിട്ടില്ല. സ്ത്രീയും പുരുഷനും പുരുഷ മേധാവിത്വ ചിന്തയുടെ വാഹകരാണെങ്കിലും പുരുഷന്മാരാണ് അതില്‍ മുന്നില്‍ നില്‍ക്കുന്നത്. അതുകൊണ്ടു തന്നെ കൂടുതല്‍ ബോധവത്ക്കരണം വേണ്ടത് പുരുഷന്മാര്‍ക്കാണ്. ഇത്തരം ഒരു തീരുമാനം എടുക്കുന്ന പ്രക്രിയയില്‍ സ്ത്രീകളെ കൂടി ഉള്‍പ്പെടുത്തേണ്ടിയിരുന്നു.
ഇത്തരം ക്രിയാത്മക പ്രവര്‍ത്തനങ്ങളെല്ലാം സര്‍ക്കാര്‍ നടത്തുന്നതിനൊപ്പം ശബരിമല ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന എല്ലാ സുരക്ഷയും നല്‍കി ദര്‍ശനത്തിന് അവസരം ഒരുക്കണം.

 

മഹേശ്വരി ഇന്ദുകുമാര്‍
(ലൈബ്രേറിയന്‍ ഇടപ്പള്ളി
ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല)

നിയമം പാലിക്കപ്പെടേണ്ടതു തന്നെയാണ്.വസ്തുതകളെ മനസിലാക്കിക്കൊണ്ടുവേണം തീരുമാനങ്ങള്‍ എടുക്കേണ്ടത്. സ്ത്രീ പുരുഷ സമത്വം അനിവാര്യമാണ്. എന്നാല്‍ സ്ത്രീ ആദരിക്കപ്പെടേണ്ടവള്‍കൂടിയാണ്.കേരളത്തിന്റെ തനതായ പാരമ്പര്യങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ട് ജാതി മത ഭേദമന്യേ എല്ലാ സ്വാതന്ത്ര്യവും സ്ത്രീകള്‍ക്ക് ലഭ്യമാകണം. ഇതിന് ‘വനിതാ മതില്‍’ ശക്തമായ ഒരു മാര്‍ഗ്ഗമാവട്ടെ.

രജിത മധു
നടി

ജനുവരി ഒന്നിന് തീര്‍ക്കാന്‍ പോകുന്ന വനിതാ മതിലിനായി ആവേശത്തോടെ കാത്തിരിക്കുകയാണ്. കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാ സ്ത്രീകളും വനിതാമതിലിനായി കൈകോര്‍ക്കണം. ഓരോ കാര്യത്തിലും സ്ത്രീകളെ മാറ്റിനിര്‍ത്തപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ കാലം മാറിയതനുസരിച്ച് ഇന്ന് എല്ലാ രംഗത്തും പുരുഷന്‍മാരോടൊപ്പം തന്നെ സ്ത്രീകള്‍ക്കും സ്ഥാനമുണ്ട്. ശബരിമലവിഷയത്തില്‍ സുപ്രിം കോടതി വിധിയുണ്ടായിട്ടും സര്‍ക്കാര്‍ ആ വിധി നടപ്പിലാക്കുമ്പോഴും അശുദ്ധിയുടെ പേര് പറഞ്ഞ് സ്ത്രീകളെ വീണ്ടും മാറ്റിനിര്‍ത്തുകയാണ്. ശബരിമലയിലെത്തുന്ന പുരുഷന്‍മാര്‍ക്ക് അതിനുള്ള സൗകര്യവും സാഹചര്യവുമെല്ലാം ഒരുക്കുന്നത് അവരുടെ വീട്ടിലെ സ്ത്രീകളാണ്. ജീവിതത്തിലുടനീളം പുരുഷന് കരുത്തായി സ്ത്രീകളൊപ്പമുണ്ട്. എന്നാല്‍ അപ്പോഴൊന്നുമുണ്ടാകാത്ത അയിത്തമാണ് ശബരിമലയിലെ ആചാരം വരുമ്പോള്‍ സ്ത്രീകളോട് പലരും കാണിക്കുന്നത്. വിശ്വാസം നല്ലതാണ്. പക്ഷെ ഭക്തിയുടെ പേരില്‍ ചിലര്‍ അന്ധരാകുകയാണ്. സ്ത്രീകളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടി സ്ത്രീകള്‍ തന്നെ മുന്നോട്ട് വരണം. അത്തരമൊരു മുന്നേറ്റമാണ് വനിതാ മതിലിലൂടെ സ്ത്രീകള്‍ നടത്തേണ്ടത്.

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.