Home Don't Miss നവോത്ഥാന വനിതാ മതിലില്‍ ഞാനും…..

നവോത്ഥാന വനിതാ മതിലില്‍ ഞാനും…..

136
0
SHARE

 

കേരളത്തിന്റെ നവോത്ഥാന പാരമ്പര്യവും സ്ത്രീപുരുഷ തുല്യതയ്ക്കുവേണ്ടിയുള്ള പോരാട്ടവും പ്രതിലോമ യാഥാസ്ഥിതികത്വ ശക്തികളുമായുള്ള മുഖാമുഖത്തിന്റെ ചരിത്രസന്ധിയിലാണ്. ആര് എവിടെ നില്‍ക്കുന്നുവെന്നത് ചരിത്രം കേരളസമൂഹത്തിനു നേരെ ഉയര്‍ത്തുന്ന വെല്ലുവിളിയാണ്. നമുക്ക് തുറന്നുപറയാം നാം എവിടെയാണ്, ആര്‍ക്കൊപ്പമാണ്.

ഭാഗ്യലക്ഷ്മി
(ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്)

ഭരണഘടന തരുന്ന സ്വാതന്ത്ര്യങ്ങള്‍ എന്തൊക്കെയാണ് എന്നോ അതില്‍ സ്ത്രീ പുരുഷ വ്യത്യാസം ഉണ്ടോ ഇല്ലയോ എന്ന് സമൂഹത്തില്‍ പല സ്ത്രീകള്‍ക്കും അറിയില്ല. ആ അറിവില്ലായ്മയാണ് ഇപ്പോള്‍ നടക്കുന്ന ശബരിമല വിഷയത്തിന്റെ പോരാട്ടം എന്ന് പറയുന്നത്. വളരെ ന്യൂനപക്ഷത്തിന് മാത്രമേ ഭരണഘടന എന്ത് എന്ന് അറിയുന്നുള്ളു.
വസ്ത്രധാരണത്തിലാവട്ടെ ഭക്ഷണം കഴിക്കുന്നതിലാവട്ടെ ക്ഷേത്രാരാധനയിലാവട്ടെ എന്തിലും തുല്യത ഉണ്ട് എന്ന് എത്രപേര്‍ക്ക് അറിയാം. സ്ത്രീകള്‍ക്ക് മാത്രല്ല പല പുരുഷന്‍മാര്‍ക്കും അത് അറിയില്ല. അറിയുന്ന പുരുഷന്‍മാര്‍ അത് സ്ത്രീകളെ ബോധവത്ക്കരിക്കാന്‍ താല്‍പര്യപ്പെടുന്നുമില്ല. ഇപ്പോഴും സമൂഹം ചിന്തിക്കുന്നത് സ്ത്രീ എപ്പോഴും പുരുഷന് കീഴില്‍ തന്നെ നില്‍ക്കണമെന്നാണ്. അതിനെതിരെ ബഹളമുണ്ടാക്കുന്നതിനേക്കാള്‍ പ്രതിഷേധം ലോകത്തെ അറിയിക്കാനുള്ള ഏറ്റവും സമാധാനപരമായ, എന്നാല്‍ ശക്തമായ മാര്‍ഗമാണ് വനിതാമതില്‍.

ഡോ. ഖദീജ മുംതാസ്
(സാഹിത്യ അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍)

മലയാളി സ്ത്രീക്ക് ലോകത്തിനു മുമ്പില്‍ ഉണ്ടായ പ്രതിലോമപരിവേഷം മാറ്റിയെടുക്കേണ്ടത് അവള്‍ തന്നെയാണ്. പ്രബുദ്ധയെന്നു ലോകമറിഞ്ഞ അവള്‍ക്ക് കഴിഞ്ഞ കുറച്ചു ദശകങ്ങളില്‍ സംഭവിച്ച വല്ലാത്ത അപചയത്തെ സ്വയം വിശകലനം ചെയ്തു കൊണ്ടുള്ള ഒരു തിരുത്തലാകേണ്ടതുണ്ട് തീര്‍ച്ചയായുമത്. ഒരു പക്ഷേ, ശബരിമല പ്രശ്‌നം അത്തരമൊരു ആത്മവിശകലനത്തിനു ഒരു നിമിത്തമോ അവസരമോ ഒക്കെ ആയിത്തീര്‍ന്നിരിക്കുകയാണ്. ജാതീയതയും സ്ത്രീവിരുദ്ധതയും അടിസ്ഥാന ആശയങ്ങളായ സവര്‍ണ്ണ രാഷ്ട്രീയ തന്ത്രങ്ങളെ യഥാര്‍ത്ഥ രീതിയില്‍ത്തന്നെ മനസ്സിലാക്കിക്കൊണ്ടുള്ള ഒരു പ്രതികരണവും ആകേണ്ടതുണ്ട് അത്. രാഷ്ട്രീയ ബോധമില്ലായ്മയാല്‍ പുരുഷലോകത്തിന്റെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി കൂട്ടങ്ങളായി ഉപയോഗിക്കപ്പെടാന്‍ തങ്ങള്‍ തയ്യാറല്ല എന്ന പ്രഖ്യാപനമാവട്ടെ ഈ സംരംഭം.

 

പൊന്നമ്മ ബാബു
(ചലച്ചിത്രതാരം)

നവോത്ഥാനമൂല്യങ്ങളുടെ സംരക്ഷണത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ശ്ലാഘനീയമാണ്. ജനാധിപത്യ, മതനിരപേക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ അണിചേരുന്നതില്‍ സന്തോഷമേയുള്ളു. ശബരിമലയിലെ ആചാരത്തിന്റെ കാര്യത്തില്‍ കോടതി വിധി അംഗീകരിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അയ്യപ്പന്റെ ബ്രഹ്മചര്യ നിഷ്ഠയെക്കുറിച്ച് അറിയാവുന്ന വിശ്വാസികളായ യുവതികള്‍ സ്വയം വിട്ടുനില്‍ക്കുമല്ലോ. പിന്നെന്തിനാണ് ബഹളം. മധ്യവയസ്‌കരായ സ്ത്രീകള്‍പോലും ഇപ്പോള്‍ മലചവിട്ടുമ്പോള്‍ അവരെ ആട്ടിയോടിക്കുന്ന ഭ്രാന്തന്‍ നടപടിയോട് ഒരു യോജിപ്പുമില്ല. സിനിമയിലും രാഷ്ട്രീയത്തിലും മാത്രമല്ല സമൂഹത്തിലെ എല്ലാ മേഖലകളിലും സ്ത്രീ ശബ്ദം ഉയര്‍ന്നുവരട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.