അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് 2018 ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ 28 മാനനഷ്ടക്കേസുകൾ സമർപ്പിച്ചതായി രേഖകൾ. ഇവയെല്ലാം അഹമ്മദാബാദ് കോടതിയിലാണ് സമർപ്പിച്ചിരിക്കുന്നത്. ഇതിൽ 20 എണ്ണം മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കുമെതിരെയും 8 എണ്ണം പ്രതിപക്ഷ രാഷ്ട്രീയപ്രവർത്തകർക്കെതിരെയുമാണ്. ഒരു ബിജെപി നേതാവിൻ്റെ പേരിൽ പോലും അംബാനി കേസ് നൽകിയിട്ടില്ല.
ഫിനാൻഷ്യൽ ടൈംസ്, ബ്ലൂം ബർഗ് എന്നീ അന്താരാഷ്ട്ര മാധ്യമങ്ങൾക്കെതിരെയും എക്കണോമിക്ക് ടൈംസ്, ദി വീക്ക്, ദി ട്രിബ്യൂൺ, ഫിനാൻഷ്യൽ എക്സ്പ്രസ്, ദി വയർ, എൻ ഡി ടി വി എന്നീ ഇന്ത്യൻ മാധ്യമങ്ങൾക്കെതിരെയും റിലയൻസ് ഗ്രൂപ്പ് പരാതി നൽകിയിട്ടുണ്ട്. ഇതുകൂടാതെ ബിസിനസ് സ്റ്റാൻഡേർഡിൽ കോളമെഴുതുന്ന അജയ് ശുക്ലക്കെതിരെയും റിലയൻസ് അഹമ്മദാബാദ് കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തിട്ടുണ്ട്.
റിലയൻസിൻ്റെ കേസ് നേരിടുന്ന ഒരു രാഷ്ട്രീയ നേതാവ് മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ്. റാഫേൽ കരാറുമായി ബന്ധപ്പെട്ട വിഷയത്തിന് പുറമെ റിലയൻസ് കമ്യൂണിക്കേഷൻ്റെ ഷെയറുകൾ റിലയൻസ് ജിയോക്ക് കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ട വാർത്തകൾക്കെതിരെയും അനിൽ അംബാനി മാനനഷ്ടക്കേസ് നൽകിയിട്ടുണ്ട്. 28 കേസുകളിൽ 16 കേസുകളുടെ വിവരങ്ങൾ ലഭിച്ചത് വച്ച് പരിശോധിച്ചാൽ അംബാനി ആവശ്യപ്പെട്ടിരിക്കുന്നത് 85,000 കോടി രൂപയുടെ നഷ്ടപരിഹാരമാണ്. കേസുകളിൽ പലതും ഇപ്പോഴും വാദത്തിനെത്തിയിട്ടില്ല.