ഭീകരരെ നേരിടുന്ന അവസരത്തില്‍ സഹപ്രവര്‍ത്തകര്‍ക്ക് സന്ദീപ് അവസാനമായി അയച്ച സന്ദേശം. ‘ആരും അടുത്തേക്ക് വരരുത്, അവരെ ഞാന്‍ കൈകാര്യം ചെയ്തോളാം’ എന്നായിരുന്നു.മുംബൈ ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷിക ദിനമാണ് നാളെ. ഈ വേളയില്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനെ ഓര്‍മ്മിക്കാതിരിക്കാനാവില്ല. 2008ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തില്‍ തീവ്രവാദികളുടെ ആക്രമണത്തിലാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് രക്തസാക്ഷിയായത്.
സന്ദീപ് ഉണ്ണികൃഷ്ണന്റെ ബംഗളൂരുവിലെ വീട്ടില്‍ ചെന്നാല്‍ ഇപ്പോഴും സന്ദീപിന്റെ ഓര്‍മ്മകള്‍ നിറഞ്ഞുനില്ക്കുന്നത് കാണാം. രണ്ടുനില വീട് നിറയെ സന്ദീപിന്റെ ജീവന് തുടിക്കുന്ന ചിത്രങ്ങളും എഴുത്തുകളും സന്ദേശങ്ങളും അദ്ദേഹം ഉപയോഗിച്ചിരുന്ന വസ്തുക്കളുമെല്ലാമാണ്. ഒരേ സമയം ഇവിടെയെത്തുന്ന സന്ദര്‍ശകരെ വേദനിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നതാണ് ഈ ഓര്‍മ്മച്ചിത്രങ്ങള്‍.
”ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയം കൈവരിക്കുന്ന മനോഭാവമായിരുന്നു സന്ദീപിന്റേത്. അക്കാര്യത്തില്‍ സച്ചിന് ടെണ്ടുല്‍ക്കറായിരുന്നു അവന്റെ ഇഷ്ട വ്യക്തിത്വം.” അച്ഛന് ഉണ്ണികൃഷ്ണന് ഓര്‍മ്മിക്കുന്നു. ”രാജ്യം ജയിക്കണമെന്നായിരുന്നു എപ്പോഴും അവന്റെ ആഗ്രഹം. ഇന്ത്യ ഒരു ക്രിക്കറ്റ് മാച്ച് തോല്‍ക്കുമ്പോള്‍ പോലും അവന് നിരാശനാകുമായിരുന്നു. ഐ.എസ്.ആര്.ഒ ദൌത്യം പരാജയപ്പെടുമ്പോള്‍ അവന് എന്നെ സമാധാനിപ്പിക്കുകയും ചെയ്യുമായിരുന്നു. പരാജയം അവന് ഇഷ്ടപ്പെട്ടിരുന്നില്ല.” ഐ.എസ്.ആര്.ഒ ഉദ്യോഗസ്ഥന് കൂടിയായിരുന്ന ഉണ്ണികൃഷ്ണന് പറയുന്നു.
സന്ദീപിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അച്ഛന് പറയാനുള്ളത് ഇതാണ്.. ”അതേക്കുറിച്ച് ആദ്യം എനിക്ക് അറിയില്ലായിരുന്നു. അവന് പോയ ശേഷമാണ് അറിയുന്നത്. അവന്റെ ബാക്ക് അക്കൌണ്ട് പരിശോധിച്ചപ്പോള്‍ 3000 4000 രൂപ മാത്രമാണ് ബാലന്‍സ് ഉണ്ടായിരുന്നത്. ബ്രാന്‍ഡഡ് വസ്ത്രങ്ങളും മറ്റും വാങ്ങാന്‍ കൂടുതല്‍ പണം ചെലവിട്ടതുകൊണ്ടാവാം ബാങ്ക് ബാലന്‍സ് കുറഞ്ഞതെന്ന് കരുതി. എന്നാല്‍ പിന്നീട് അവന്റെ സുഹൃത്തുക്കളോട് സംസാരിച്ചപ്പോഴാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അവന് കൂടുതല്‍ പണം ചെലവിട്ടിരുന്നതായി മനസിലായത്.”ഒരു സുഹൃത്തിന്റെ അമ്മയുടെ ചികിത്സാച്ചെലവ് പൂര്‍ണമായും അവന് ഏറ്റെടുത്തിരുന്നു. നിരവധി ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍ക്ക് മാസം തോറും പണം നല്‍കുമായിരുന്നു. അവന് പോയ ശേഷം അത്തരം സ്ഥാപനങ്ങളില്‍ നിന്നും സന്ദേശങ്ങള്‍ വന്നപ്പോഴാണ് അക്കാര്യവും മനസിലായത്.” ഉണ്ണികൃഷ്ണന് പറയുന്നു.
ദേശീയതയെ പിന്തുണച്ച ആളായിരുന്നു സന്ദീപെന്നും അച്ഛന് കൂട്ടിച്ചേര്‍ത്തു. ”അവനെ സംബന്ധിച്ചിടത്തോളം ദേശസ്നേഹം എന്നത്, ഒരു പ്രതിഫലവും ആഗ്രഹിക്കാതെ രാജ്യത്തിനുവേണ്ടി നല്ലത് ചെയ്യുക എന്നതായിരുന്നു. ഭീകരരെ നേരിടുന്ന അവസരത്തിലായിരുന്നു സഹപ്രവര്‍ത്തകര്‍ക്ക് സന്ദീപ് അവസാനമായി സന്ദേശം അയച്ചത്. ‘ആരും അടുത്തേക്ക് വരരുത്, അവരെ ഞാന്‍ കൈകാര്യം ചെയ്തോളാം’ എന്നായിരുന്നു അത്.” ഉണ്ണികൃഷ്ണന് ഓര്‍മിക്കുന്നു.
എന്‍.എസ്.ജി കമാന്‍ഡോ സംഘത്തിന്റെ തലവനായിരുന്ന മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് മുംബൈ താജ് ഹോട്ടലില്‍ ഭീകരരെ നേരിടുന്നതിനിടെയാണ് വീരമൃത്യു വരിച്ചത്. 2009 ജനുവരി 26ന് രാജ്യം അശോകചക്ര ബഹുമതി നല്കി സന്ദീപ് ഉണ്ണികൃഷ്ണനെ ആദരിച്ചിരുന്നു.