Home LookingGlass അയോധ്യയിൽ ‘ജയ് ശ്രീറാം’ വിളിച്ചവർ ശബരിമലയിൽ ‘സ്വാമിയേ ശരണമയ്യപ്പ’ വിളിക്കുമ്പോൾ; മാധ്യമപ്രവർത്തകനായ രാംകുമാർ എഴുതുന്നു

അയോധ്യയിൽ ‘ജയ് ശ്രീറാം’ വിളിച്ചവർ ശബരിമലയിൽ ‘സ്വാമിയേ ശരണമയ്യപ്പ’ വിളിക്കുമ്പോൾ; മാധ്യമപ്രവർത്തകനായ രാംകുമാർ എഴുതുന്നു

263
0
SHARE

രാംകുമാർ

അയോധ്യയിൽ ബാബ്‌റി മസ്ജിദ് രണ്ടു ലക്ഷം വരുന്ന കർസേവകർ തകർക്കാൻ ശ്രമിച്ചപ്പോൾ 80 കമ്പനി കേന്ദ്രസേന ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് അന്ന് പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവു അതിൽ ഇടപെട്ടില്ല എന്നൊരു ചോദ്യം വർഷങ്ങൾക്കു ശേഷം ഇപ്പോഴും ഉയരുന്നുണ്ട്. പക്ഷെ ഈ ചോദ്യത്തിന് നരസിംഹറാവു മുതിർന്ന മാധ്യമപ്രവർത്തകനായ ശേഖർ കപൂറിനോട് പറഞ്ഞ മറുപടി ഇതായിരുന്നു

‘അയോധ്യയിലെ പള്ളി തകർക്കാൻ വരുന്നവർ വിളിച്ച മുദ്രാവാക്യം ‘ജയ് ശ്രീറാം’ എന്നായിരുന്നു. 80 കമ്പനി കേന്ദ്രസേന ആ സമയത്ത് അവിടെ ഉണ്ടായിരുന്നു. അവിടെ ഒരു പോലീസ് ആക്ഷൻ ഉണ്ടാവുകയാണെങ്കിൽ, സ്വാഭാവികമായി രണ്ട് ലക്ഷത്തിലധികം വരുന്ന കർസേവകരെ നിയന്ത്രിക്കുന്നതിന്, അവർക്ക് നേരെ വെടി വെക്കേണ്ടിവരും. അങ്ങനെ വെടിയേറ്റ് മരിച്ചു വീഴുന്ന ഓരോ കര്‌സേവകന്റെയും അവസാന വാക്ക് ‘ജയ ശ്രീറാം’ എന്ന് തന്നെയായിരിക്കും. ഇത് ആ വെടി വെച്ച പോലീസുകാരനിൽ ഉണ്ടാക്കുന്ന മാനസികാവസ്ഥ എന്തായിരിക്കും? ഒരു ഘട്ടത്തിൽ ഈ രണ്ടുപേരും ചേർന്ന് ഒന്നിച്ചാൽ അതിനെ എങ്ങനെ നിയന്ത്രിക്കും?’

സത്യത്തിൽ ഇത് ശരിയല്ലേ?

അയോധ്യയിലെ പള്ളി പൊളിക്കാൻ വന്ന കർസേവകരും ശബരിമലയിൽ സമരത്തിന് വന്ന സംഘപരിവാർ പ്രവർത്തകരും മാനസികമായി ഒന്ന് തന്നെയല്ലേ? അയോധ്യയിലെ പള്ളി പൊളിക്കാൻ തീരുമാനിച്ച കർസേവകർ സ്വീകരിച്ച അതെ മാർഗ്ഗങ്ങൾ തന്നെയല്ലേ ശബരിമല സമരത്തിൽ സംഘപരിവർ പ്രവർത്തകരും സ്വീകരിച്ചത്? ശബരിമലയിൽ കഴിഞ്ഞ ചിത്തിര ആട്ട മഹോത്സവത്തിന് അവിടെ കൂടിയ സംഘപരിവാർ പ്രവർത്തകർ ഒരിക്കൽപോലും മുദ്രവാക്യങ്ങൾ മുഴക്കിയില്ല. അവർ ശരണമന്ത്രങ്ങൾ മാത്രമായിരുന്നു മുഴക്കിയത്. ഇത് ആർഎസ്എസുകാരുടെ ഒരു സ്ഥിരം ശൈലിയാണ്. ആർഎസ്എസുകാർ ഒരിക്കലും മുദ്രാവാക്യങ്ങൾ മുഴക്കില്ല. ആർഎസ്എസിന്റെ ഏറ്റവും പ്രശസ്തമായ മുദ്രാവാക്യം ‘ഭാരത് മാതാ കി ജയ്’ എന്നാണ്. ഏതു കലാപം ഇവർ ഉണ്ടാകുമ്പോഴും ഈ മുദ്രാവാക്യം തന്നെയാണ് മുഴക്കുന്നത്.

ഒരു ചാനൽ ചർച്ചയിൽ ഇപ്പോഴത്തെ ബിജെപി ദേശീയ വക്താവ് സന്ദീപ് പാത്ര ചോദിച്ചത് ഈ രാജ്യത്തു ‘ഭാരത് മാതാ കി ജയ്’ എന്ന് വിളിക്കുന്നത് കുറ്റമാണോ എങ്കിൽ ഞങ്ങൾ ഇനിയും ആ കുറ്റം ചെയ്യും എന്നാണ്. അത് തന്നെയാണ് ഇപ്പോൾ ഓരോ സംഘപരിവാർ പ്രവർത്തകനും പറയുന്നത്- ‘ഈ കേരളത്തിൽ സ്വാമിയേ ശരണമയ്യപ്പ എന്ന് വിളിക്കുന്നത് കുറ്റമാണ് എങ്കിൽ ഞങ്ങൾ ഇനിയും ആ കുറ്റം ചെയ്യും.

ഇത് ആർഎസ്എസ് മാത്രമല്ല ചെയുന്നത്. ലോകത്തെല്ലായിടത്തും മത വർഗീയ വാദികൾ ഉപയോഗിക്കുന്ന സ്ഥിരം ശൈലിയാണ്. ഉദാഹരണത്തിന് ഐഎസ് തീവ്രവാദികൾ ഒരിക്കലും പട്ടിണി മാറ്റാനോ ദാരിദ്യം മാറ്റാനോ മുദ്രാവാക്യം വിളിച്ചിട്ടില്ല. ഒരു താലിബാനും വിദ്യാഭ്യാസ അവകാശങ്ങൾക്കു വേണ്ടി മുദ്രാവാക്യങ്ങൾ മുഴക്കിയിട്ടില്ല. ഇവരെല്ലാം മതത്തിന്റെ പേരിൽ മത സൂക്തങ്ങൾ ആണ് മുദ്രാവാക്യങ്ങളായി ഉപയോഗിച്ചിരുന്നത്. അതേ പാതയിൽത്തന്നെയാണ് സംഘപരിവാർ സംഘടനകളും.

സത്യത്തിൽ ശബരിമല സമരവും അയോധ്യയിലെ രാമ ജന്മഭൂമി സമരവും തമ്മിൽ രാഷ്ട്രീയമായും പ്രായോഗികമായും ഒരുപാട് സാമ്യതകൾ ഉണ്ട്. രാമക്ഷേത്ര നിർമാണ പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്ത് ഇരു പാർട്ടികളുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കുവാൻ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു ശ്രമിച്ചിരുന്നു. അതിന്റെ ഭാഗമായി റാവു എൽ കെ അദ്വാനി എന്ന അന്നത്തെ ബിജെപിയുടെ ദേശീയ അധ്യക്ഷനെ ചർച്ചയ്ക്ക് വിളിച്ചു. പക്ഷേ ചർച്ചയിലുടനീളം എൽ കെ അദ്വാനി സ്വീകരിച്ച നിലപാട് ബിജെപിക്ക് ഈ സമരവുമായി യാതൊരു ബന്ധവുമില്ല എന്നാണ്.

അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ആ സമരം നടത്തുന്നത് ഹിന്ദു സമൂഹവും സന്യാസിമാരുമാണ്. അവർ നടത്തുന്ന സമരത്തിന് ധാർമിക പിന്തുണ മാത്രമാണ് ബിജെപി നൽകുന്നത്. മാത്രമല്ല ബിജെപിക്ക് അവിടെ നടക്കുന്ന സമരത്തിൽ യാതൊരു നിയന്ത്രണവുമില്ല എന്നുള്ള കാര്യവും അദ്ദേഹം പറഞ്ഞിരുന്നു. ഇതുതന്നെയാണ് ശബരിമല വിഷയത്തിൽ ശ്രീധരൻപിള്ള പറയുന്നത്. വിശ്വാസികൾക്കൊപ്പം ആണ് ബിജെപി. പാർട്ടി എന്ന രൂപത്തിൽ ബിജെപിക്ക് ഇതിൽ യാതൊരു പങ്കും ഇല്ല. വിശ്വാസികൾ ആണ് സമരം നടത്തുന്നത്, അല്ലാതെ ഈ സമരം നയിക്കുന്നത് ബിജെപി അല്ല എന്നാണ് ശ്രീധരൻ പിള്ളയും പറയുന്നത്. രണ്ടുപേരുടെയും സ്വരങ്ങൾ ഒരുപോലെയാണ്. രണ്ടു കാലഘട്ടങ്ങളിൽ രണ്ടു വ്യത്യസ്തത സംഭവങ്ങളിൽ ആണെങ്കിലും ഈ നിലപാട് വരുന്നത് ഒരു കൂട്ടരിൽ നിന്നും തന്നെയാണ്.

ശബരിമലയുടെ നിയന്ത്രണം പതിനായിരത്തോളം വരുന്ന സംഘപരിവാർ- ആർഎസ്എസ് പ്രവർത്തകർ സ്വന്തം കൈകളിലേക്ക് എടുത്തപ്പോൾ അവർ ഒരിക്കലും പ്രതീക്ഷിച്ചതല്ല പോലീസ് അവിടെനിന്നും പൂർണ്ണമായും മാറുമെന്ന്. എതിർക്കാൻ ഒരു എതിരാളി ഉണ്ടെങ്കിൽ മാത്രമാണ് സമരങ്ങൾക്ക് ആവേശം കൂടുന്നത്. അയോധ്യയിൽ പള്ളി പൊളിക്കുവാൻ ലക്ഷക്കണക്കിന് കർസേവകർ ഒത്തുകൂടിയപ്പോൾ അന്നത്തെ യു പി മുഖ്യമന്ത്രിയായ കല്യാൺ സിങ് പോലീസിനും ജിലാ ഭരണകൂടത്തിനും കർശന നിർദ്ദേശം നൽകിയിരുന്നു; ഒരു കാരണവശാലും എന്ത് തന്നെ സംഭവിച്ചാലും കര്‌സേവകർക്കു മേൽ വെടി വെക്കരുതെന്ന്.

പക്ഷെ അവിടെ സ്റ്റേജിൽ അദ്വാനിയും മുരളി മനോഹർ ജോഷിയും ഉമാഭാരതിയും എല്ലാം വിളിച്ചുപറയുന്നുണ്ടായിരുന്നു നിങ്ങൾ അങ്ങോട്ട് പോകരുത്.. പള്ളി പൊളിക്കരുത്.. പോലീസ് നിങ്ങളെ കണ്ടാൽ വെടിവയ്ക്കുമെന്നൊക്കെ. ഓരോ തവണ ഈ നേതാക്കൾ മൈക്കിലൂടെ ഇത് വിളിച്ചു പറയുമ്പോഴും കർസേവകർ വർദ്ദിത ഊർജത്തോടെ വീണ്ടും വീണ്ടും പള്ളി പൊളിക്കാൻ ശ്രമിക്കുകയായിരുന്നു. ലിബർഹാൻ കമ്മീഷൻ റിപ്പോർട്ടിൽ ഇത് വളരെ വ്യക്തമായി പറയുന്നുണ്ട്.

ഇത് തന്നെയാണ് ശബരിമലയിൽ സംഭവിച്ചതും. പോലീസിൽ നിന്നും ശബരിമല പിടിച്ചടക്കിയ സംഘപരിവാർ പ്രവർത്തകർ ഓരോ തവണയും ഇനിയൊന്നും നേടാനില്ല എന്ന തോന്നലിൽ വിശ്വമിക്കുമ്പോഴും അവിടെ ഒരു സ്ത്രീ എത്തി എന്ന അശരീരി എവിടെനിന്നെങ്കിലും ഉണ്ടാകും. ഉടൻതന്നെ ഇവർ ചാടി പുറപ്പെടും ആ വന്ന സ്ത്രീയെ കൊല്ലാൻ. അയോധ്യത്തിൽ ഒരിക്കലും ഉണ്ടാകാത്ത വെടിവെപ്പിനെ പറ്റി പറഞ്ഞാണ് പ്രവർത്തകരെ ഉത്തേജിപ്പിച്ചതെങ്കിൽ ഇവർ ശബരിമലയിൽ ഒരിക്കലും കയറാത്ത സ്ത്രീയെ പറ്റി പറഞ്ഞാണ് ഉത്തേജിപ്പിച്ചത്.

അയോധ്യയിൽ പള്ളി പൊളിക്കുന്നതിനു മുന്നോടിയായി നടന്ന ജാഥയിൽ ആർഎസ്എസ് സംഘപരിവാർ പ്രവർത്തകർ സ്വീകരിച്ചിരുന്ന ഒരു സ്ട്രാറ്റജി ഉണ്ടായിരുന്നു. കല്യാൺ സിങ്ങിനു മുന്നേ മുലായംസിങ് യാദവിന്റെ കാലത്തായിരുന്നു അത് നടന്നത്. അന്ന് ജാഥ തടയാൻ പോലീസ് സർവ്വ ശക്തിയും സമാഹരിച്ചു നിൽക്കുകയായിരുന്നു. ജാഥയുടെ മുന്നിൽ, നേതാക്കന്മാർക്ക് മുന്നിലായി നൂറോ അഞ്ഞൂറോ വരുന്ന വയസ്സായ സ്ത്രീകളും പുരുഷന്മാരുമാണ് നടന്നത്. പോലീസ് തടയുമ്പോൾ ഇവർ തടയുന്ന പോലീസുകാരുടെ കാൽതൊട്ടു വന്ദിക്കും. ഹിന്ദു ആചാരപ്രകാരം വയസ്സിനു മുതിർന്നയാൾ വയസ്സിനു താണ ഒരാളുടെ കാൽതൊട്ടു വന്നിരിക്കുന്നത് പാപമാണ്. ഇങ്ങനെ ഓരോ പ്രാവശ്യവും ചെയ്യുമ്പോഴും പോലീസുകാർ പിന്നോട്ട് നീങ്ങിത്തുടങ്ങി. അങ്ങനെ ജാഥയും മുന്നോട്ടു മുന്നോട്ടു നീങ്ങിത്തുടങ്ങി.

ഇതേ സംഭവം തന്നെയാണ് ശബരിമലയിൽ സംഘപരിവാർ പ്രവർത്തകരും ചെയ്തത്. നിലയ്ക്കലിൽ മാധ്യമ പ്രവർത്തകരെയും സ്ത്രീകളെയും വണ്ടി തടഞ്ഞു നിർത്തി ആക്രമിച്ചപ്പോൾ വയസ്സായ സ്ത്രീകളെയും പത്തു വയസ്സിന് താഴെയുള്ള കൊച്ചുകുട്ടികളെയും ആണ് ഇവർ മനുഷ്യ കവചമാക്കി നിർത്തിയത്. ഇത് മറികടന്നു ഒരിക്കലും പോലീസ് ആ അക്രമകാരികൾ അറസ്റ്റ് ചെയ്യില്ല എന്ന വിശ്വാസമാണ് ഇതിനു പിന്നിൽ. ഇത് ആദ്യമായല്ല ഒരു തീവ്രവാദി സംഘടന ഇങ്ങനെ ചെയുന്നത്. കാലാകാലമായി മതമൗലിക വർഗീയവാദികൾ എല്ലാ സമരങ്ങളിലും ഇത് ചെയ്യാറുണ്ടായിരുന്നു. പക്ഷെ ഇന്ത്യയിൽ ആദ്യമായി ചെയ്തത് സംഘപരിവാർ സംഘടനകളാണ്, അയോദ്ധ്യ സമരത്തിൽ.

ഇതുകൊണ്ടും അവസാനിക്കുന്നില്ല അയോധ്യയിലെ സമരവും ശബരിമല സമരവും തമ്മിലുള്ള സാമ്യം. ഇതിൽ ഏറ്റവും പ്രധാനം കോൺഗ്രസ് പാർട്ടി ഈ രണ്ടു വിഷയങ്ങളിലും സ്വീകരിച്ച നിലപാടുകളാണ്.

ഷാ ബാനു കേസിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി മറികടക്കാൻ മുസ്ലിം മതമൗലിക വാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി രാജീവ് ഗാന്ധി സർക്കാർ Muslim Women (Protection of Rights on Divorce) Act 1986 പാസ്സാക്കിയപ്പോൾ ഹിന്ദു വർഗ്ഗീയവാദികളെ പ്രീണിപ്പിക്കാൻ അയോധ്യ പള്ളി തുറന്നു കൊടുത്തു. ഒരു സുപ്രഭാതത്തിൽ കൃത്യമായി പറഞ്ഞാൽ 30 ജനുവരി 1986 ൽ ഫൈസാബാദ് കോടതിയിൽ ഒരു കേസ് വരുന്നു, ഉമേഷ് ചന്ദ്രയുടേതായി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ അയോദ്ധ്യയിലെ പള്ളി ഹിന്ദുക്കൾക്ക് വേണ്ടി തുറന്നു കൊടുക്കാൻ കോടതി ഉത്തരവായി. പള്ളി തുറന്നുകൊടുത്താൽ യാതൊരു ക്രമസമാധാന പ്രശ്‌നങ്ങളും ഉണ്ടാകില്ല എന്ന് കേന്ദ്രത്തിലെയും യു പിയിലെയും കോൺഗ്രസ്സ് മന്ത്രിസഭകൾ കൊടുത്ത സത്യവാങ് മൂലം പരിഗണിച്ചായിരുന്നു കോടതിയുടെ വിധി. ഉച്ചക്ക് വിധി വരുന്നു, വൈകിട്ടോടെ പള്ളി തുറന്നു നൽകുന്നു. എതിർ കക്ഷികൾക്കു അപ്പീൽ പോകാനുള്ള അവസരം പോലും ഉണ്ടായിരുന്നില്ല. അത് മാത്രമല്ല അന്ന് വൈകിട്ട് പള്ളി തുറക്കുന്നത് ദൂരദർശൻ ഇന്ത്യ മുഴുവൻ ഉള്ള ഹിന്ദുക്കൾക്ക് വേണ്ടി അത് ലൈവ് ചെയ്യുകയുമുണ്ടായി.

കോൺഗ്രസുകാർ പ്രതീക്ഷിച്ചത് ഇതോടെ മൃദുഹിന്ദുത്വവാദികളെല്ലാം കോൺഗ്രസിൽ പിന്നിൽ അണിനിരക്കുമെന്നായിരുന്നു. അത് പ്രതീക്ഷിച്ചായിരുന്നു അന്ന് ഇലക്ഷൻ പ്രചാരണ റാലി രാജീവ് ഗാന്ധി മുൻ നിശ്ചയിച്ച പ്രകാരം രാജസ്ഥാനിൽ നിന്നും തുടങ്ങാതെ യു പി യിലെ ഫൈസാബാദ് ജില്ലയിൽ നിന്നും തുടങ്ങിയത്. അന്ന് രാജീവ് ഗാന്ധിയുടെ ഇലക്ഷൻ മുദ്രാവാക്യമായിരുന്നു ‘രാമരാജ്യം കൊണ്ടുവരും’ എന്നത്. പക്ഷെ സംഭവിച്ചത് നേരെ തിരിച്ചായിരുന്നു. മൃദുഹിന്ദുത്വവാദികളെ കൂടെ കടുത്ത ഹിന്ദു വർഗ്ഗീയവാദികളാക്കിമാറ്റാൻ മാത്രമായിരുന്നു ആ മുദ്രാവാക്യം ഉപകരിച്ചത്. ബോഫോഴ്സ് ഉൾപ്പടെ അഴിമതി ആരോപണങ്ങളിൽ നാറ്റം തിരിഞ്ഞ രാജീവ് ഗാന്ധിക്കു അധികാരം കിട്ടിയില്ല എന്ന് മാത്രമല്ല ബിജെപിയുടെ സീറ്റുകളിൽ കാര്യമായ വർദ്ധനവുണ്ടാകുകയും ചെയ്തു.

ഇന്നിവിടെ കോൺഗ്രസുകാർ പ്രവർത്തിക്കുന്നതും ഇതുതന്നെയാണ്. വിശ്വാസികളായ ഹിന്ദുക്കളെ ഒപ്പം നിർത്താൻ വേണ്ടിയായിരുന്നു ശബരിമല വിഷയത്തിൽ കോൺഗ്രസ് ഇക്കണ്ടതെല്ലാം ചെയ്യുന്നതെന്നാണ് പറയുന്നത്. എന്നാൽ ഹിന്ദുക്കൾ മുഴുവൻ ബിജെപിക്ക് നയിക്കുകയാണ് ഫലത്തിൽ കോൺഗ്രസ് ചെയുന്നത്. കോൺഗ്രസിന് വോട്ട് ബാങ്ക് അതുപോലെ ബിജെപിയാകുകയാണ്. അയോധ്യയിൽ എന്ത് മണ്ടത്തരമാണ് രാജീവ് ഗാന്ധി കാണിച്ചത് അതേ മണ്ടത്തരം തന്നെയാണ് ശബരിമല വിഷയത്തിൽ രമേശ് ചെന്നിത്തലയും കാണിക്കുന്നത്.

രാമനും അയ്യപ്പനും ഒന്നും കേവലം ഒരു രാഷ്ട്രീയ മുദ്രാവാക്യമല്ല, ഒരു കവചം മാത്രമാണ്. പട്ടിണി കിടന്നാലും, വിദ്യാഭ്യാസം ഇല്ലെങ്കിലും, ആശുപത്രികൾ ഇല്ലെങ്കിലും, ജോലി ഇല്ലെങ്കിലും നമ്മുടെ ജനങ്ങളെ ഒരുമിപ്പിക്കാൻ മതത്തിനും ജാതിക്കും കഴിയും എന്ന് സംഘപരിവാർ സംഘടനകളും മറ്റു മത വർഗ്ഗീയ ജാതി സംഘടനകളും കാലാകാലമായി തെളിയിച്ചിട്ടുണ്ട്. അതിനെതിരെ ഉയരുന്ന എല്ലാ ശബ്ദങ്ങളെയും, അതിനി കോടതിയുടെതാകട്ടെ, ഭരണഘടനയുടെതാകട്ടെ- അവർക്കു മതത്തിനു മേൽ ഉള്ള കടന്നുകയറ്റം മാത്രമാണ്. ഇത് ഒരിക്കലും അവസാനത്തെതാകില്ല എന്നുറപ്പുണ്ട്. രാജ്യം ഒരു പൊതുതെരഞ്ഞെടുപ്പിലേക്ക് പോകുന്ന ഈ സമയത്തു ഇനിയും രാമനും അയ്യപ്പനും നമുക്ക് മുന്നിൽ പല രൂപത്തിലും ഭാവത്തിലും ഇനിയും വരും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.