Home KeralaFocus “മഴകൊള്ളാതെ സ്വന്തം അമ്മയെ പോലെ എന്നോട് ചേർത്ത് പിടിച്ചു”, സന്നിധാനത്തെ പോലീസുകാരന്റെ വൈകാരിക പോസ്റ്റ്

“മഴകൊള്ളാതെ സ്വന്തം അമ്മയെ പോലെ എന്നോട് ചേർത്ത് പിടിച്ചു”, സന്നിധാനത്തെ പോലീസുകാരന്റെ വൈകാരിക പോസ്റ്റ്

258
0
SHARE

സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പോലീസ് ഭക്തരോട് ഭീകരമായി പെരുമാറുന്നെന്ന് വ്യാപകമായി കള്ളപ്രചാരണം നടത്തുന്ന സംഘപരിവാർ പ്രചാരണം സോഷ്യൽ മീഡിയയിൽ ഉൾപ്പടെ സജീവമായിരുന്നു. എന്നാൽ യാഥാർഥ്യം വ്യക്തമാക്കുന്ന ചിത്രങ്ങൾ പോലീസ് പുറത്ത് വിട്ടതോടെ ഈ പ്രചാരണങ്ങൾ പൊളിയുകയും ചെയ്തു. കഴിഞ്ഞ ദിവസം പോലീസ് പുറത്ത് വിട്ട അത്തരമൊരു ചിത്രമായിരുന്നു വൃദ്ധയായ ഒരു ഭക്തയെ സഹായിക്കുന്ന പോലീസിന്റെ ചിത്രം. ചിത്രം വയറലായതോടെ ഇത് ഫോറ്റിഷോപ് ആണെന്ന കുപ്രചാരണവുമായി സംഘപരിവാർ സംഘടനകൾ രംഗത്ത് വന്നു. ഇതിനു പിന്നാലെയാണ് തന്റെ ഫോട്ടോയെ കുറിച്ചുള്ള വിശദീകരണവുമായി ചേര്‍ത്തല ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌റ്റേഷനിലെ സിപിഒ ആയ കെ.പി സതീഷ് രംഗത്തെത്തിയത്. വൃദ്ധയായ ഭക്തയ്‌ക്കൊപ്പമുള്ളത് താന്‍ തന്നെയാണെന്നും ഇതൊരു ഫോട്ടോഷൂട്ടല്ലായിരുന്നുവെന്നും സതീഷ് വിശദീകരിക്കുന്നു.

എട്ട് വര്‍ഷത്തോളമായി കേരള പൊലീസ് സേനാംഗമെന്ന നിലയില്‍ പമ്പയിലും സന്നിധാനത്തുമായി ഡ്യൂട്ടി ചെയ്യുന്ന ഒരാളാണ് താന്‍, പ്രായഭേദമെന്യേ അയ്യപ്പനെ തൊഴാന്‍ വരുന്നവരെ സഹായിക്കുന്നത് കടമയായിട്ടാണ് കാണുന്നത്, വീണ്ടും തൊഴണമെന്ന ആഗ്രഹവുമായി നിന്ന ‘അമ്മ’യെ സഹായിക്കുന്നതിനിടെ ഫോട്ടോയെടുത്തത് അറിഞ്ഞതേയില്ല- സതീഷ് കുറിക്കുന്നു.

സതീഷിന്റെ കുറിപ്പ് പൂര്‍ണ്ണമായി വായിക്കാം…

‘നമസ്‌കാരം, എന്റെ പേര് സതീഷ് എന്നാണ്. ഈ ഫോട്ടോയില്‍ കാണുന്ന അമ്മയെയും കൊണ്ടുപോകുന്നത് ഞാനാണ്. കേരള പോലീസിലെ ഒരു സേനാംഗമെന്നനിലയില്‍ എട്ടുവര്‍ഷമായി സന്നിധാനത്തും പമ്പയിലും മാറിമാറി ഡ്യൂട്ടി ചെയ്യുന്നു. സന്നിധാനത്ത് ഡ്യൂട്ടി ചെയ്യുമ്പോള്‍ അയ്യപ്പനെ തൊഴാന്‍ വരുന്ന ഓരോരുത്തര്‍ക്കും പ്രായഭേദമന്യേ എന്നാല്‍ കഴിയാവുന്ന എന്ത് സഹായവും നല്‍കുക എന്നത് കടമയായി കണ്ട് ഡ്യൂട്ടി ചെയ്യുന്ന ഒരാളാണ് ഞാന്‍.

ഇന്നലെ വൈകിട്ട് 5 മണിക്ക് ഡ്യൂട്ടി കഴിഞ്ഞ് പോകാന്‍ നേരം നേര്‍ത്ത മഴയില്‍ മഹാ കാണിക്കയ്ക്ക് മുന്നില്‍ വെച്ച് ഒന്നുകൂടി അയ്യപ്പനെ തൊഴണം എന്ന് ആഗ്രഹം പറഞ്ഞു ഈ അമ്മ. ഞാനെന്റെ സ്വന്തം അമ്മയെ പോലെ മഴ കൊളളാതെ എന്നോട് ചേര്‍ത്ത് പിടിച്ചു കൊണ്ട് അമ്മയെ VVIP ക്യൂവില്‍ കൊണ്ട് പോയി മതിയാവുന്നത് വരെ തൊഴാന്‍ സഹായിച്ചു. തിരുമേനിയുടെ കയ്യില്‍ നിന്നും പ്രസാദവും വാങ്ങി നല്‍കി.

ഇത്രയും ചെയ്തത് പേരിനും പ്രസിദ്ധിക്കോ അല്ല ,ആ അമ്മ എന്റെ സ്വന്തം അമ്മയെ പോലെ കരുതിയിട്ടുമാണ്. തിരിച്ചിറങ്ങി വരുമ്പോള്‍ മഴ ഉണ്ടായിരുന്നു. എന്റെ തുകര്‍ത്ത് അമ്മയുടെ തലയിട്ടു കൊടുത്തപ്പോള്‍ ആ കണ്ണുകളില്‍ ഞാന്‍ കണ്ടത് ഒരു മകനോടുള്ള വാത്സല്യം മാത്രമായിരുന്നു.

സ്വന്തം അമ്മയെ സ്‌നേഹിക്കുന്ന ഏതൊരു മകനും ചെയ്യുന്നതേ ഞാനും ചെയ്തുള്ളൂ, അല്ലാതെ മഹാകാര്യമൊന്നും ചെയ്തിട്ടില്ലാ. ആ അമ്മയെ ചേര്‍ത്ത് പിടിച്ച് നടപ്പന്തല്‍ വരെ എത്തിക്കുന്നത് വരെ ഒരു മകനെന്ന പോലെ വിശേഷങ്ങള്‍ ചോദിക്കുന്നതിനിടയ്ക്ക് ഫോട്ടോ എടുത്തത് ഞാനറിഞ്ഞില്ല, വിമര്‍ശകര്‍ ദയവായി ക്ഷമിക്കണം. മേലില്‍ ഇത്തരം പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ ഫോട്ടോ എടുക്കുന്നത് വിലക്കാം.

മാതൃസ്‌നേഹത്തിന്റെ വിലയറിയാത്ത രാഷ്ട്രീയത്തിന്റെ അന്ധത ബാധിച്ച കുറച്ച് യുവത്വങ്ങള്‍ നെഗറ്റീവ് കമന്റിട്ടെന്ന് കേട്ടു. അവരോടെനിക്ക് സഹതാപം മാത്രം. ഞാന്‍ ജോലി ചെയ്യുന്നത് ആലപ്പുഴ, ചേര്‍ത്തല ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് സ്റ്റേഷനിലാണ്. ആ അമ്മ തൃശൂര്‍ ഉള്ളതാണെന്ന് മാത്രമറിയാം. ഫോട്ടോ ഷൂട്ട് ആണെന്ന് അഭിപ്രായമുള്ള യുവരക്തങ്ങള്‍ക്ക് എന്നെക്കുറിച്ചോ ആ അമ്മയെ കുറിച്ചോ വേണമെങ്കില്‍ അന്വേഷിച്ച് അറിയാം.

വിമര്‍ശനങ്ങള്‍ കൊണ്ട് വായടപ്പിക്കാനോ, ഇത്തരം പ്രവര്‍ത്തികളില്‍ മടുപ്പുളവാക്കാനോ വൃഥാ ശ്രമിക്കേണ്ട, കാക്കിയിട്ടത് ആഗ്രഹിച്ചും അതിനായി പരിശ്രമിച്ചിട്ടുമാണ്. പരിപാവനമായ ഈ സന്നിധിയില്‍ വന്നത് സേവന സന്നദ്ധമായ ഒരു മനസ്സുമായാണ് ,അത് തുടരുക തന്നെ ചെയ്യും. വിഷം ചീറ്റുന്ന രാഷ്ട്രീയ ചിന്തകര്‍ ദയവുചെയ്ത് കുറച്ച് അകലം പാലിക്കുക.

സഹായം ആഗ്രഹിക്കുന്ന ഓരോ കണ്ണുകള്‍ക്കും മുന്നിലും നിറപുഞ്ചിരിയോടെ ഞാന്‍ അല്ലെങ്കില്‍ മറ്റൊരു കാക്കിധാരി ഉണ്ടാവും.അത് ഈ ഫോട്ടോക്ക് കീഴെ വിമര്‍ശനം മാത്രം തൊഴിലാക്കി നടക്കുന്ന, സമൂഹത്തിന് യാതൊരു പ്രയോജനവുമില്ലാത്ത എണ്ണത്തില്‍ ചുരുങ്ങിയ യുവത്വങ്ങളെ ബോധ്യപ്പെടുത്തേണ്ട ആവശ്യം എനിക്കോ കേരള പോലീസിനോ ഉണ്ടെന്നു തോന്നുന്നില്ല. ബോധമനസ്സില്‍ നന്മ മാത്രം ആഗ്രഹിക്കുന്ന സംസ്‌കാരസമ്പന്നമായ ഒരു സമൂഹം ഞങ്ങള്‍ക്ക് മുന്നിലുണ്ട്; ഞങ്ങളുടെ പ്രവര്‍ത്തികള്‍ വീക്ഷിക്കുകയും വിലമതിക്കുകയും ചെയ്യുന്ന യുവത്വത്തിന്റെ പുതിയ പ്രതീക്ഷകള്‍ ….. അവര്‍ക്കറിയാം കേരള പൊലീസിനെ…. എന്നെ അറിയാവുന്ന എന്റെ നാട്ടുകാര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കും ഇതിലെ സത്യം എന്തെന്ന്? നന്ദി, നമസ്‌കാരം.’

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.