Home Editors Picks ജോസഫ്; മികവിന്റെ ചലച്ചിത്രഭാഷ്യം- നേരറിയാൻ റിവ്യു

ജോസഫ്; മികവിന്റെ ചലച്ചിത്രഭാഷ്യം- നേരറിയാൻ റിവ്യു

533
0
SHARE

ജോലിയിൽ നിന്ന് വിരമിച്ച പൊലീസ് ഉദ്യോ​ഗസ്ഥൻ ജോസഫിന്റെ അന്വേഷണ മികവ് പറയുന്ന ദെെർ‌ഘ്യമേറിയ ഒരു ഇസ്റ്റാബ്ലിഷ് സീനുക​ളിലൂടെയാണ് സിനിമ തുടങ്ങുന്നത്. ഇൗ രം​ഗങ്ങളിൽ നിന്ന് തുടങ്ങി പിന്നീട് ഒരു പൂർണ്ണ ത്രിലർ സ്വഭാവമുള്ള ചിത്രമായി പരിണമിക്കുകയാണ് ജോസഫ്. സമീപക്കാല പത്മ കുമാർ ചിത്രങ്ങളിൽ നിന്ന് ജോസഫ് വ്യത്യസ്ഥമാക്കുന്നത് സിനിമ ചർ‌ച്ച ചെയ്യുന്ന വിഷയവും അതിന്റെ മികവുറ്റ ചലച്ചിത്ര ഭാഷ്യവുമാണ്.

ആദ്യ കാഴ്ചയിൽ കുറെ നി​ഗൂഡതകൾ നിറഞ്ഞ കഥാപാത്രമെന്ന സൂചനയോടെയാണ് ജോജു ജോർജ്ജ് അവതരിപ്പിക്കുന്ന ജോസഫ് എത്തുന്നത്. മാൻ വിത്ത് എ സ്കാർ എന്ന ടാ​ഗ് ലെെനും സൂക്ഷിച്ച് നോക്കിയാൽ സിനിമയുടെ ടെെറ്റിലിന് ഒപ്പം കാണാൻ കഴിയുന്ന സീലുമെല്ലാം സിനിമയുടെ സ്വഭാവത്തിനെ കുറിച്ച് കൃത്യമായ സൂചനകൾ വരച്ചിടുന്നുണ്ട്. പുരോ​ഗമിക്കുമ്പോൾ കൃത്യമായ ഡീറ്റെലിങിനൊപ്പം തെളിഞ്ഞ് വരുന്നുണ്ട് സിനിമയുടെ സ്വഭാവം.

ഒരു ത്രില്ലറിന്റെ സ്വഭാവം തുടക്കം മുതൽ നിലനിർ‌ത്തുമ്പോഴും ഫ്ലാഷ് ബാങ്ക് രം​ഗങ്ങളിലെ പ്രണയവും കുടുംബ പശ്ചാത്തലത്തിന്റെ അവതരണവുമെല്ലാം സിനിമയുടെ ത്രില്ലർ മൂഡിൽ നിന്ന് ചെറുതായി പ്രേക്ഷകനെ മാറ്റുന്നുണ്ട്. പക്ഷെ ഫ്ലാഷ് ബാക്ക് രം​ഗങ്ങളിൽ നിന്ന് അതിവേ​ഗം തന്നെ സിനിമയുടെ കഥാ​ഗതിയിലേക്ക് തിരിച്ച് കൊണ്ട് വരാൻ കഴിയുന്ന തരത്തിലുള്ള ഇമോഷണൽ ബോണ്ടിങ് സിനിമയ്ക്കുണ്ട്. തന്റെ ഭാര്യയുടെ മരണം കൊലപാതകമാണെന്ന ജോസഫിന്റെ തിരിച്ചറിവും അതിന്റെ കാരണങ്ങൾ തേടിയുള്ള ജോസഫിന്റെ യാത്രയാണ് സിനിമ.

സിനിമയുടെ കഥയെ കുറിച്ച് പറയുന്നത് കാഴ്ചയെ ബാധിക്കുമെന്നതിനാൽ കൂടുതൽ കഥയുടെ വിവരണം നടത്തുന്നില്ല. സിനിമയിൽ കള്ളനായി അവതരിപ്പിക്കുന്ന ഒരാളെ വിളിക്കുന്നത് നായർ എന്നാണ്. മലയാള സിനിമയിലെ കള്ളന്മാരുടെ ജാതിയിൽ ഇങ്ങനെയൊരു തിരുത്തിന് കൂടി വഴിയിടുകയാണ് ജോസഫ്.

ത്രില്ലർ സിനിമകളിൽ പത്മകുമാർ പിന്തുടരുന്ന പതിവ് ശെെലിയിൽ നിന്ന് മാറ്റം വരുത്തി ജോസഫ് എത്തുമ്പോൾ സാങ്കേതിക പ്രവർത്തകരും അഭിനയേതാക്കളും അതിന് മികച്ച പിന്തുണ നൽകുന്നുണ്ട്. സംസ്ഥാന അവാർഡ് ജേതാവ് കൂടിയായ മനേഷ് മാധവന്റെ ക്യാമറുടെ മികവിന് കെെയടിക്കാതെ സിനിമ കാഴ്ചയോട് നീതി പുലർത്താനാവില്ല. ആദ്യ പകുതിയിലെ ഡാർക്ക് ഷേഡ് രം​ഗങ്ങളിൽ ജോസഫിന്റെ പ്രണയത്തിനൊപ്പം തന്നെ മനേഷിന്റെ ക്യാമറയോടും പ്രക്ഷേകന് പ്രണയം വിരിയും.

രജിൻ രാജും അനിൽ ജോൺസണും കെെകാര്യം ചെയ്ത സം​ഗീത വിഭാ​ഗം സിനിമയോട് പ്രേക്ഷകനെ ഇഴുക്കി ചേർക്കുന്നതാണ്. മനസിലൊരു മുറിവ് സൂക്ഷിക്കുന്ന ജോസഫിനെയും പ്രണയം നിറയുന്ന ജോസഫിനെയും പൊലീസുകാരന്റെ അന്വേഷണ കൂർമ്മതയുമെല്ലാം കൃത്യമായി പ്രേക്ഷകന്റെ മനസിലേക്ക് എത്തിക്കുന്നത് പാട്ടുകളും പശ്ചാത്തല സം​ഗീതവുമാണ്.

പ്രകടനം കൊണ്ട് എല്ലാവരും മികച്ച് നിൽക്കുമ്പോഴും ജോസഫിൽ കെെയടി ജോജു ജോർജ്ജിന് തന്നെയാണ്. ദിലീഷ് പോത്തന്റെ പ്രകടനവും എടുത്ത് പറയേണ്ടതാണ്. പക്ഷെ മികവ് ജോസഫായുള്ള ജോജുവിന്റെ പകർന്നാടമാണ്. അത്രമേൽ തന്മയത്തോടെയാണ് ജോസഫിനെ അവതരിപ്പിച്ചിട്ടുള്ളത്. കള്ള് കുടിച്ചും ക‍‍ഞ്ചാവ് വലിച്ചും നടക്കുന്ന റിഡയേർട്ട് പൊലീസ് ഉദ്യോ​ഗസ്ഥൻ, കാമുകൻ, പൊലീസുകാരൻ, ഇങ്ങനെ വിവിധ തലങ്ങളുള്ള കഥാപാത്രങ്ങളെയെല്ലാം പകരകാരനില്ലെന്ന് ഉറപ്പിക്കാൻ കഴിയുന്ന തരത്തിലാണ് ജോജു അവതരിപ്പിച്ചിട്ടുള്ളത്. നിരവധി കഥാപാത്രങ്ങളുള്ള ചിത്രത്തിൻ‌റെ നട്ടെല്ലായി നിൽക്കുന്നത് ജോജുവിന്റെ ടെെറ്റിൽ കഥാപാത്രം തന്നെയാണ്. അതിനെ കൃത്യമായി പ്രേക്ഷകനിലേക്ക് ജോജുവിലെ നടൻ സനിവേശിപ്പിച്ചിട്ടുണ്ട്.

പൊലീസുകാരനായതിനാലാവണം ഇത്രയും കൃത്യത്തയോടെ സിനിമയുടെ തിരക്കഥയൊരുക്കാൻ ഷാഹി കബീർ എന്ന നവാ​ഗതന് കഴിഞ്ഞത്. പൊലീസിന്റെ അന്വേഷണ സംഘത്തിന് ഒപ്പം സ‍‍ഞ്ചിരിക്കുന്നത് പോലെ പ്രേക്ഷകന് തോന്നിപ്പിക്കാൻ കഴിഞ്ഞത് തിരക്കഥയിലെ ക്രാഫ്റ്റ് കൊണ്ട് തന്നെയാണ്. എല്ലാം മികവുറ്റ രീതിയിൽ ചേർന്ന് വന്ന സിനിമയെ ഏറ്റവും നല്ല രീതിയിൽ അവതരിപ്പിക്കുകയെന്ന തന്റെ കടമ പത്മ കുമാർ നിർവഹിക്കുന്നതിടതാണ് ജോസഫ് 2018ലെ തന്നെ മികച്ച സിനിമകളുടെ പട്ടികയിലേക്ക് ഉയരുന്നത്.

സമീപക്കാലത്ത് പല സിനിമകളിലും പത്മകുമാർ നേരിട്ട പ്രതിസന്ധി സൂപ്പർ സ്റ്റാർഡം നിനിർത്താൻ കഴിയുന്ന തലത്തിൽ സിനിമ ഒരുക്കയെന്നതായിരുന്നുവെന്ന് ജോസഫ് അടിവരയിടുന്നുണ്ട്. വലിയ താരങ്ങളില്ലാതെ ഒരുക്കിയ സിനിമയെന്നതും ജോസഫിന് ​ഗുണം ചെയ്തുവെന്ന് ഉറപ്പാണ്. അനാവശ്യമായ ഹീറോയിസമോ, ഡയലോ​ഗുകളോ രം​ഗങ്ങളുമൊന്നും തന്നെയില്ലാതെ സിനിമ ആവശ്യപ്പെടുന്നതിൽ മാത്രം ഒതുക്കിയാണ് ജോസഫ് പ്രേക്ഷകന് മുന്നിലേക്ക് സംവിധായകൻ എത്തിച്ചിട്ടുള്ളത്.

സ്വയം ഒരു തെളിവായി ജോസഫ് മാറുന്നിടത് പ്രേക്ഷൻ പ്രതീക്ഷിക്കുന്ന ക്ലെെമാക്സ് പഞ്ചുകളൊന്നുമില്ലാതെ അവസാനിക്കുന്നത്. അത് തന്നെയാണ് ജോസഫിന്റെ മികവ്. കച്ചവട സിനിമയുടെ ചുവട് പിടിക്കുമ്പോഴും സിനിമയുടെ ക്രാഫ്റ്റും സിനിമാറ്റിക് മികവുമുള്ള വിഷയത്തോട് സത്യസന്ധതയും പുലർത്തിയ മികവിന്റെ കാഴ്ചയായാണ് ജോസഫ് അടയാളപ്പെടുത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.