ഒരോവറിൽ 43 റൺസ്; റെക്കോർഡ് കുറിച്ച ബാറ്റിങ് വീഡിയോ കാണാം

  SHARE

  ഒരോവറില്‍ ആറ് സിക്സറുകള്‍, ഒരു ബൗണ്ടറി, രണ്ട് നോ ബോളുകള്‍, പിന്നെ ഒരു റണ്ണും ആങ്ങനെ ആകെ 43 റണ്‍സ്. ഈ ക്രിക്കറ്റ് കുട്ടിക്കളിയല്ല, ന്യൂസിലന്‍ഡിലെ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്‍റായ ഫോര്‍ഡ് ട്രോഫിയിലാണ് രണ്ട് കിവി ബാറ്റ്‌സ്മാന്‍മാര്‍ ചേര്‍ന്ന് ഒരോവറില്‍ 43 റണ്‍സ് അടിച്ചുകൂട്ടിയത്. മത്സര കാറ്റഗറിയില്‍ ലിസ്റ്റ് എയില്‍ മാത്രമല്ല, ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഒരോവറില്‍ നേടുന്ന ഏറ്റവും കൂടുതല്‍ റണ്‍സാണിത്.

  നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ്‌സും സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ്‌സും തമ്മില്‍ നടന്ന ഏകദിനത്തിനിടെയായിരുന്നു ഈ റെക്കോഡ് പ്രകടനം. നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റിന്‍റെ ബാറ്റ്‌സ്മാന്‍മാരായ ജോ കാര്‍ട്ടറും ബ്രെറ്റ് ഹാംപ്ടണമാണ് സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ്‌സ് ബൗളര്‍ വില്ല്യം ലൂഡിക്കിനെ ചരിത്രത്തിലേക്ക് അടിച്ചുകയറ്റിയത്.

  21കാരനായ ലൂഡിക്കിന്‍റെ ആ ഓവറിലെ ആദ്യ പന്ത് നേരിട്ടത് ഹാംപ്റ്റണായിരുന്നു. ബാറ്റിന്‍റെ എഡ്ജില്‍ തട്ടി പന്ത് ബൗണ്ടറി ലൈന്‍ കടന്നു. രണ്ടും മൂന്നും ബോളുകള്‍ ഹാംപ്റ്റണിന്‍റെ അരയ്ക്ക് മുകളിലേക്ക് ഉയര്‍ന്ന ഫുള്‍ ടോസുകള്‍. അത് രണ്ടും നോ ബോളുകളെന്ന് അമ്പയര്‍ വിധിച്ചു. ഫ്രീ ഹിറ്റ് ബോളുകള്‍ രണ്ടും ഹാംപ്റ്റണ്‍ സിക്‌സിലേക്ക് പറത്തി.

  ഇതോടെ തളര്‍ന്ന ലൂഡിക്ക് എറിഞ്ഞ അടുത്ത ബോളും ഹാംപ്റ്റണ്‍ നിലം തൊടാതെ പറത്തിയതോടെ മൂന്നു പന്തില്‍ 24 റണ്‍സെന്ന നിലയിലായി. തൊട്ടടുത്ത പന്തില്‍ സിംഗിളെടുത്ത് ഹാംപ്റ്റണ്‍, കാര്‍ട്ടറിന് സ്‌ട്രൈക്ക് കൈമാറി. പിന്നീട് കാര്‍ട്ടറിന്‍റെ ഊ‍ഴമായിരുന്നു. മൂന്ന് പന്തുകളും ഗാലറിക്ക് മുകളിലൂടെ പറന്നു. ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ആറ് പന്തില്‍ 43 റണ്‍സ്. 9 -0-42-1 എന്ന ബൗളിങ്ങ് ശരാശരിയില്‍ നിന്ന് 10-0-85-1 എന്ന നിലയിലേക്ക് ലൂഡിക്കിന്‍റെ ബൗളിങ്ങ് ഫിഗേ‍ഴ്സ് പറന്നുയര്‍ന്നു. കാണികള്‍ മാത്രമല്ല, നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ്‌സ്, സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ്‌സ് താരങ്ങളും അമ്പരന്നു.

  നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ്സിന്‍റെ 314 റണ്‍സ് പിന്തുടര്‍ന്ന സെന്‍ട്രല്‍ ടീം ഒടുവില്‍ 25 റണ്‍സിന് തോല്‍വി വ‍ഴങ്ങി.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.