യുവേഫ നേഷന്‍സ് ലീഗിൽ ഏകപക്ഷീയമായ മൂന്നുഗോളിന് നെതർലൻഡ്സ് മുൻലോക ചാമ്പ്യൻമാരായ ജർമനിയെ തകർത്തു. മെംഫിസ് ഡിപെ, വിർജിൽ വാൻഡിക്, ജോർജിനോ വൈനാൽദം എന്നിവരാണ് ഡച്ചുകാർക്കായി ലക്ഷ്യംകണ്ടത്. ലോകകപ്പിന് യോഗ്യത നേടാനാകാത്തതിന്റെ നിരാശയിലായിരുന്ന ഡച്ചുകാർ തകർപ്പൻ കളിയിലൂടെ ആത്മവിശ്വാസം വീണ്ടെടുക്കുകയായിരുന്നു.
ലോകകപ്പ് മുതൽ താളംതെറ്റിത്തുടങ്ങിയ ജർമനിക്ക് നിരാശ നൽകുന്നതാണ് ഈ പ്രകടനം. അവസാനത്തെ പത്തുമത്സരങ്ങളിൽ ആറിലും ജോക്വിം ലോയുടെ സംഘം തോറ്റു. നേഷൻസ് ലീഗിൽ ഒരു പോയിന്റ് മാത്രമാണ് അവർക്ക് ഇതുവരെ നേടാനായത്. ലോക ചാമ്പ്യൻമാരായ ഫ്രാൻസുമായാണ് ജർമനിയുടെ അടുത്ത മത്സരം.
16 വർഷങ്ങൾക്കുശേഷമാണ് ജർമനിയെ നെതർലൻഡ്സ് തോൽപ്പിക്കുന്നത്. ഗോളടിക്കാനുള്ള അവസരങ്ങൾ പാഴാക്കിയതാണ് ജർമനിക്ക് തിരിച്ചടിയായത്. തോമസ് മുള്ളറും പകരക്കാരനായി ഇറങ്ങിയ ലിറോയ് സാനെയും നിരവധി അവസരങ്ങളാണ് തുലച്ചത്.
ആദ്യപകുതിയിൽത്തന്നെ ഡച്ചുകാർ മുന്നിലെത്തി. ഡിപെയുടെ കോർണർകിക്കിൽനിന്നായിരുന്നു ഗോളിന്റെ പിറവി. മധ്യനിരക്കാരൻ റ്യാൻ ബാബെലിന്റെ ഹെഡർ ബാറിൽതട്ടിതെറിച്ചു. ജർമൻ ഗോളി മാനുവൽ നോയെയെ കാഴ്ചക്കാരനാക്കി ഡച്ച് നായകൻ വാൻഡിക് തലകൊണ്ട് പന്തുവലയിലേക്ക് ചെത്തിയിട്ടു. തിരിച്ചടിക്കാനുള്ള ജർമനിയുടെ ശ്രമങ്ങൾ ഫലംകണ്ടില്ല. ഇതിനിടയിൽ ലീഡുയർത്താൻ ആതിഥേയരും ശ്രമം തുടർന്നു.
ഇടവേളയ്ക്കുശേഷം മാഞ്ചസ്റ്റർ സിറ്റിയുടെ വിങ്ങര്‍ സാനെയെയും ജൂലിയൻ ബ്രാൻഡിനെയും ജൂലിയൻ ഡ്രാക്സലറെയും കളത്തിലിറക്കിയിട്ടും ജർമനിയുടെ കളി മെച്ചപ്പെട്ടില്ല. സാനെ തൊടുത്ത ഷോട്ട് പുറത്തേക്ക് തെറിച്ചു. രണ്ടാംപകുതിയുടെ അവസാനം ഡച്ചുകാർ ലീഡുയർത്തി. നോയെയെ കബളിപ്പിച്ച് മുന്നേറ്റക്കാരൻ ഡിപെ പന്ത് വലയിലാക്കി. ക്വിൻസി പ്രോമെസാണ് ഗോളവസരമൊരുക്കിയത്. പരിക്കുസമയത്ത് മധ്യനിരക്കാരൻ വൈനാൽദം ഡച്ചിന്റെ മൂന്നാംഗോൾ നേടി.