Home Newspool ബിഷപ്പിന്റെ അറസ്റ്റ്: ആരുടെ ജയം?

ബിഷപ്പിന്റെ അറസ്റ്റ്: ആരുടെ ജയം?

SHARE

ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കൽ തന്നെ പീഡിപ്പിച്ചതായി കന്യാസ്ത്രീ പരാതി കൊടുത്തതിനെത്തുടർന്നാണ് കത്തോലിക്കാ സഭയിലെ ലൈംഗിക പീഡന വിവാദം പൊതുജന മധ്യത്തിലെത്തിയത്. ഇത് ആദ്യമായാണ് ഇന്ത്യയിൽ ഒരു ബിഷപ്പിനെതിരെ കന്യാസ്ത്രീ ലൈംഗിക പീഡനാരോപണവുമായി രംഗത്തെത്തുന്നത് എന്ന പ്രത്യേകതകൂടി ഈ കേസിനുണ്ട്.

എന്താണ് കേസ്?

2018 ജൂൺ 27നാണ് കുറവിലങ്ങാട് മoത്തിലെ കന്യാസ്ത്രീ പൊലീസിൽ പരാതി നൽകിയത്. ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ തന്നെ പീഡിപ്പിച്ചു എന്നായിരുന്നു പരാതി. 2014 മുതൽ 20l 6 വരെ മൂന്നു വർഷത്തോളം തനിക്കെതിരായ പീഡനം നടന്നുവെന്നായിരുന്നു പരാതി. 2018 ജൂൺ 28 ന് കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. ജൂൺ 29ന് വൈക്കം ഡിവൈഎസ്പി കേസ് ഏറ്റെടുത്തു.

അന്വേഷണം എങ്ങനെ?

മൂന്നു മാസത്തോളം നീണ്ട അന്വേഷണം കേരള പൊലീസിന്റെ ചരിത്രത്തിൽ നിർണ്ണായക ഏടുകൾ എഴുതി ചേർക്കുന്നതായിരുന്നു. നാലു വർഷം മുമ്പുള്ള സംഭവങ്ങൾ, തെളിവുകളുടെ അപര്യാപ്ത വെല്ലുവിളി നിറഞ്ഞതായിരുന്നു അന്വേഷണം. പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി എടുത്ത് തുടക്കം. ആ മൊഴിയിൽ നിന്നും ഓരോ തെളിവുകൾ കണ്ടെത്താനുള്ള സഞ്ചാരം. പരാതിക്കാരിയുടെ മൊഴിയിലെ കാര്യങ്ങൾ ഏറെക്കുറെ പൊലീസ് ശേഖരിച്ചു. കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിൽ എത്തിയായിരുന്നു തെളിവുശേഖരണം. കേരളം, കർണ്ണാടകം, മധ്യപ്രദേശ്, ദില്ലി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ കേരളാ പൊലീസ് അന്വേഷണത്തിനെത്തി. .കേരളത്തിലെ തന്നെ ഏഴു ജില്ലകളിൽ ജാഗ്രതയുള്ള അന്വേഷണം. നൂറോളം സാക്ഷികളുടെ മൊഴി എടുക്കൽ, അമ്പതിലധികം രേഖകൾ പിടിച്ചെടുക്കൽ. പഴുതടച്ച അന്വേഷണമായിരുന്നു നടന്നത്. കുറ്റാരോപിതനായ ബിഷപ്പിനെ നാലു ദിവസമാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്.

അറസ്റ്റ് ചെയ്യാൻ വൈകിയോ?

ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ വൈകി, സർക്കാരും പൊലീസും ബിഷപ്പിനെ സംരക്ഷിച്ചു തുടങ്ങിയ ആരോപണങ്ങൾ കുറച്ചു നാളുകളായി ചിലർ ഉന്നയിക്കുകയാണ്‌. ഈ കേസ് ഒരു അസാധാരണ കേസ് ആണ്. ബിഷപ്പ് ഉൾപ്പെട്ടതു കൊണ്ടല്ല ഇത് അസാധാരണ സംഭവം ആയത്. 2014 മുതൽ 2016 വരെ നടന്ന സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി നടന്ന കേസ് ആണിത്. നാലു വർഷം മുമ്പുള്ള സംഭവത്തിൽ ആവശ്യമായ തെളിവുശേഖരണം ബുദ്ധിമുട്ടേറിയ ജോലിയാണ്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ഹൈക്കോടതി തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നാലു വർഷം മുമ്പുള്ള സംഭവങ്ങളിൽ ലഭിച്ച മൊഴികളിൽ ഉണ്ടായിരുന്ന വൈരുധ്യം പരിഹരിക്കുക അന്വേഷണ സംഘത്തിന് വെല്ലുവിളി ആയിരുന്നു.

തെളിവു ശേഖരണത്തിന്റെ ഓരോ ഘട്ടത്തിലും സൂക്ഷ്മതയോടെ വൈരുധ്യം ഒഴിവാക്കി ആയിരുന്നു പൊലീസിന്റെ നീക്കം. സാക്ഷിമൊഴികൾ ശക്തമാക്കി ബിഷപ്പിന് കുരുക്ക് മുറുക്കുകയാണ് പൊലീസ് ചെയ്തത്.ബിഷപ്പിന്റെ അറസ്റ്റിനുള്ള സാഹചര്യം ഒരുങ്ങിയതായി പൊലീസ് ഒരു ഘട്ടത്തിൽ വിലയിരുത്തി. ബിഷപ്പിന്റെ മൊഴി എടുത്തു. ആ സമയത്താണ് ചില കണ്ണികൾ കൂടി കൂട്ടിച്ചേർത്തില്ലെങ്കിൽ കേസ് നിൽക്കില്ലെന്ന് മനസിലാക്കിയത്‌. വീണ്ടും തെളിവു ശേഖരണത്തിലേക്ക്, കന്യാസ്ത്രീയേയും മറ്റ് സാക്ഷികളേയും വീണ്ടും കണ്ടു, മൊഴികൾ കൂടുതൽ ശക്തമാക്കി. ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചു. ഇത്തവണ കേരളത്തിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യാനായിരുന്നു തീരുമാനം. ഇതിനിടയിൽ ഹൈക്കോടതിയിൽ കേസ് പരിഗണനക്ക് വന്നു. മുദ്രവെച്ച കവറിൽ അന്വേഷണം സംബന്ധിച്ച മുഴുവൻ കാര്യങ്ങളും കോടതി മുമ്പാകെ അറിയിച്ചു. എല്ലാം പരിശോധിച്ച ശേഷം കോടതി പറഞ്ഞു. “അന്വേഷണം തൃപ്തികരമാണ്. ” അറസ്റ്റ് വൈകുന്നതുമായി ബന്ധപ്പെട്ട വിമർശനത്തിന് കോടതി വിധി തന്നെ മറുപടി നൽകി.

”Since the incidents reffered to in the case have occured between 2014 and 2016, the report shows that the police is making all endeavour to iron out the contradictions in the statements recieved from the witness sa also from the accused. “

ബിഷപ്പിനെ ചോദ്യം ചെയ്യുന്നതു വരെ കാത്തിരിക്കാൻ ആയിരുന്നു കോടതി പരാതിക്കാരോട് ആവശ്യപ്പെട്ടത്. ” അറസ്റ്റിനേക്കാൾ വലുതാണ് ശിക്ഷ” എന്ന് പറഞ്ഞ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് പൊലീസിന്റെ സാവകാശത്തെ അംഗീകരിച്ചു.
19 ന് ബിഷപ്പിനെ ചോദ്യം ചെയ്തു തുടങ്ങി. 20 നും ചോദ്യം ചെയ്തു. 20 ന് വൈകുന്നേരം മാധ്യമങ്ങളെ കണ്ട കോട്ടയം എസ് പി പറഞ്ഞു, ” 10 ശതമാനം കാര്യങ്ങളിൽ വ്യക്തത വരുത്താനുണ്ട് ” . അത്രയും സൂക്ഷ്മമായിരുന്നു അന്വേഷണം എന്ന് ചുരുക്കം. മൂന്നു ദിവസത്തെ തുടർച്ചയായ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്.

അറസ്റ്റ് നേരത്തെ ആകാമായിരുന്നില്ലേ?

കന്യാസ്ത്രീയുടെ രഹസ്യമൊഴി എടുത്താൽ അപ്പോൾ തന്നെ അറസ്റ്റ് ചെയ്യുന്നതിൽ എന്താണ് തടസം ? പലരുടേയും സംശയം ഇതാണ്. അറസ്റ്റ് ചെയ്യുന്നതിൽ ഒരു തടസവും ഇല്ല.പക്ഷെ സ്ത്രീ പീഡന കേസുകളുടെ ചരിത്രം കൂടി പൊലീസ് കണക്കിലെടുക്കുമല്ലോ. മാധ്യമങ്ങളുടെ ഓർമ്മയിൽ നിന്നും മറഞ്ഞു പോകാത്ത ഒരു കേസുണ്ട്. ജോസ് തെറ്റയിൽ കേസ്. പരാതി ഉണ്ട്, തെളിവ് ഉണ്ട്, രഹസ്യമൊഴി ഉണ്ട്, കേസുണ്ട്. പൊലീസ് അറസ്റ്റിനൊരുങ്ങി. തെറ്റയിൽ നേരെ ഹൈക്കോടതിയിൽ പോയി FIR റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടു. കോടതി സർക്കാറിനും പൊലീസിനും പരാതിക്കാരിക്കുമെതിരെ രൂക്ഷ വിമർശനം ഉയർത്തി FIR റദ്ദാക്കി. മുൻകൂർ ജാമ്യം പോലുമല്ല, കേസ് തന്നെ ഇല്ലാതായി. സുപ്രീം കോടതി വരെ അപ്പീലെത്തി. ഹൈക്കോടതി പറഞ്ഞതിനേക്കാൾ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി കേസ് അവസാനിപ്പിച്ചു. മൊഴിയിൽ മാത്രം കേസ് നിലനിൽക്കില്ല എന്നതിന്റെ കൃത്യമായ തെളിവാണ് തെറ്റയിൽ കേസ്. ഈ അനുഭവങ്ങൾ മുന്നിൽ ഉള്ളപ്പോൾ പഴുതടച്ച അന്വേഷണം നടത്തിയതിൽ ഈ സംഘത്തെ അഭിനന്ദിക്കുകയല്ലേ വേണ്ടത്.

സമരം, സർക്കാർ, സി പി ഐ എം

കഴിഞ്ഞ കുറച്ചു ദിവസം ആയി കേൾക്കുന്ന ആരോപണം ഇങ്ങനെ..

ബിഷപ് ഒരു കാലത്തും അറസ്റ്റിലാകില്ല, ബിഷപ്പിനെ സർക്കാർ സംരക്ഷിക്കും.

സി പി ഐ എം ബിഷപ്പിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നു.

എന്താണ് സത്യം?

കേസിന്റെ ഓരോ ഘട്ടവും പരിശോധിക്കൂ, ഏതെങ്കിലും ഘട്ടത്തിൽ സർക്കാർ / പൊലീസ് പരാതിക്കാരിയെ തള്ളിക്കളഞ്ഞോ? എപ്പോഴെങ്കിലും സംശയത്തിന്റെ നിഴലിൽ നിർത്തിയോ? മൂന്നു തവണ ഹൈക്കോടതിയിൽ കേസ് വന്നു , മൂന്നു ഘട്ടത്തിലും പൊലീസ് സ്വീകരിച്ച നിലപാട് എന്തായിരുന്നു? എവിടെ എങ്കിലും പരാതിയിൽ സംശയം പ്രകടിപ്പിച്ചോ? അവസാനത്തെ 10 ശതമാനം സംശയവും ദുരീകരിക്കണമെന്ന പൊലീസിന്റെ നിലപാട് യഥാർത്ഥത്തിൽ ആത്യന്തികമായി ആർക്ക് ഗുണം ചെയ്യും? പരാതിക്കാരിക്കോ അതോ ബിഷപ്പിനോ? സർക്കാർ എല്ലാ ഘട്ടത്തിലും പരാതിക്കാരിക്ക് ഒപ്പമായിരുന്നു. നീതിപൂർവ്വമായ അന്വേഷണം ഉറപ്പുവരുത്തി എന്നതിലാണ് സർക്കാറിന്റെ വിജയം.

കേസിന്റെ അവസാനഘട്ടത്തിൽ എത്തുമ്പോഴാണ് കന്യാസ്ത്രീകൾ സമരം ആരംഭിച്ചത്. ബിഷപ്പിന്റെ അവസാനഘട്ട ചോദ്യം ചെയ്യൽ തീരുമാനിച്ചപ്പോൾ ആയിരുന്നു സമരം തുടങ്ങിയത്. സമരം തുടങ്ങിയപ്പോൾ മാധ്യമ പ്രവർത്തകർ സമരത്തോടുള്ള സർക്കാറിന്റെ നിലപാട് ആരാഞ്ഞു. മന്ത്രി ഇ പി ജയരാജൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു ” സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്കൊപ്പമാണ് സർക്കാർ, അവർക്ക് നീതി ഉറപ്പാക്കും” . സമരത്തിന്റെ ഒരു ഘട്ടത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങൾക്ക് പ്രസ്താവന നൽകി. പ്രസ്താവനയിൽ ഇങ്ങനെ പറയുന്നു, ” സി പി ഐ എമ്മിന്റെയും എൽ ഡി എഫിന്റേയും സ്ത്രീപക്ഷ നിലപാട് ഉയർത്തിപ്പിടിച്ചു തന്നെയാണ് സർക്കാർ പ്രവർത്തിക്കുന്നത്. കേസ് അന്വേഷണത്തിൽ സർക്കാർ ഇടപെടുന്ന സ്ഥിതി ഈ സർക്കാർ ഇടപെടുന്ന സ്ഥിതി ഈ സർക്കാർ വന്ന ശേഷം ഉണ്ടായിട്ടില്ല. പൂർണ്ണ സ്വാതന്ത്ര്യത്തോടെയാണ് പൊലീസ് പ്രവർത്തിക്കുന്നത്. തെളിവ് ഉണ്ടെങ്കിൽ ഏത് ഉന്നതനേയും നിയമത്തിനു മുൻപിൽ കൊണ്ടുവരുമെന്ന് മുൻ കാല അനുഭവങ്ങളിൽ നിന്നും വ്യക്തമാണ്. ഈ കേസിലും ഊർജ്ജിതമായ അന്വേഷണത്തിലൂടെ നിയമാനുസൃതമായ നടപടി പൊലീസ് സ്വീകരിക്കുമെന്നാണ് കരുതുന്നത് “. പാർട്ടി നിലപാട് ഇതിലൂടെ സുവ്യക്തമാണ്.

അപ്പോൾ ചോദിക്കും, സമര കോലാഹലം എന്ന് കോടിയേരി വിമർശിച്ചില്ലേ എന്ന്. ഉണ്ട്, എന്തിനായിരുന്നു ആ വിമർശനം? ഇവിടെയാണ് സമരം ചെയ്ത ചിലരുടെ (കന്യാസ്ത്രീകൾ അല്ല ) ഉദ്ദേശ ശുദ്ധി സംശയിക്കേണ്ടത്. കേസന്വേഷണം അട്ടിമറിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കുന്നു. ചീഫ് ജസ്റ്റിസ് കൃത്യമായി പറയുന്നു, “തെളിവുശേഖരണം ബുദ്ധിമുട്ടേറിയതാണ്, അതിനുള്ള സാവകാശം പൊലീസിന് നൽകാം ” . കോടതി ഒരു ഘട്ടത്തിൽ പരാതിക്കാരോട് പറഞ്ഞു, ” 19 ന് ബിഷപ്പിനെ ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ടല്ലോ? നമുക്ക് അതു വരെ കാത്തിരിക്കാം. 24 ന് കേസ് വീണ്ടും പരിഗണിക്കാം” അതായത് 19 ന് ശേഷമുള്ള ആദ്യ പ്രവർത്തി ദിവസം തന്നെ കോടതി കേസ് പരിഗണിക്കാൻ നിശ്ചയിച്ചു. എന്നാൽ കോടതി വിധി വന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോൾ സമരവുമായി മറ്റു ചിലർ രംഗത്തെത്തി. സർക്കാർ അന്വേഷണം അട്ടിമറിക്കുന്നുവെന്നായിരുന്നു ആരോപണം. ഹൈക്കോടതി അന്വേഷണം തൃപ്തികരമെന്ന് പറഞ്ഞിരിക്കെ, അന്വേഷണ സംഘം അറസ്റ്റിനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെ സർക്കാരിനെതിരെ നടത്തുന്ന സമരം ഗൂഢ ഉദ്ദേശത്തോടെ അല്ലാതെ പിനെ എന്തിന് വേണ്ടിയാണ്. പൊലീസ് അറസ്റ്റിലേക്ക് നീങ്ങുന്നു എന്ന് കോടതി വിധിയിൽ നിന്നു തന്നെ വായിച്ചെടുക്കാമായിരുന്നു എന്നിരിക്കെ സർക്കാരിനെ വലിച്ചിഴച്ചത് എന്തിനായിരുന്നു? ചില രക്ഷകർതൃ സമരങ്ങൾ പൊള്ളയായിരുന്നെന്ന് ഇപ്പോൾ തെളിഞ്ഞു.

സ്ത്രീ പീഡന കേസുകളിൽ പിണറായി വിജയൻ സർക്കാരിന് ഒറ്റ നിലപാടേ ഉള്ളൂ, പൊലീസിന് മുന്നിലെത്തുന്ന പരാതികളിൽ എത്ര ഉന്നതനായാലും രക്ഷപ്പെടരുത്. കേസിൽ ഉൾപ്പെട്ടത് സാധാരണക്കാരനോ ഉന്നതനോ ആകട്ടെ ശിക്ഷ ഉറപ്പു വരുത്താൻ ഉതകുന്ന അന്വേഷണം ഉണ്ടാകും. ബിഷപ്പ് കേസിലും ഇതു തന്നെ ഉണ്ടായി.

ദിലീപ്, എം വിൻസെന്റ് എം എൽ എ, ഫാദർ റോബിൻ, ഇപ്പോൾ ബിഷപ്പ് ഫ്രാങ്കോ പിണറായിയുടെ പൊലീസ് സമ്മർദ്ദങ്ങൾക്കൊന്നും അടിപ്പെടാതെ നിയമത്തിന് മുന്നിലെത്തിച്ചവർ. തേച്ചുമാച്ച് കളയാനല്ല, നിയമം നടപ്പിലായെന്ന് ഉറപ്പാക്കാനാണ് തിടുക്കം. സമ്മർദ്ദമേതുമില്ലാതെ അന്വേഷണം പൂർത്തിയാക്കിയ Sp ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് ബിഗ് സല്യൂട്ട്. ഒപ്പം കപ്പിത്താനായ പിണറായിക്കും. ഒരിക്കൽ കൂടി വിളിച്ചു പറയാം, പിണറായി കാലത്ത് സ്ത്രീ പീഡകർക്ക് രക്ഷ ഉണ്ടാവില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.