2019വരെ ബിജെപി മാധ്യമങ്ങളെ നിയന്ത്രിക്കും, വഴങ്ങാത്തവരെ വേട്ടയാടും; മുൻ ബിജെപി പ്രവർത്തകന്റെ വെളിപ്പെടുത്തൽ

  SHARE

  രാജ്യത്തെ മാധ്യമങ്ങളെ നിയന്ത്രിക്കാനും വരുതിയില്‍ വരുത്താനും ബി.ജെ.പി പയറ്റുന്നത് അനവധി തന്ത്രങ്ങളെന്ന് മുന്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍. ബി.ജെ.പിയില്‍ നിന്നും പുറത്തു വന്നതിനു ശേഷം താനെന്തിന് പാര്‍ട്ടി വിട്ടു എന്ന് ഫേസ്ബുക്ക് കുറിപ്പെഴുതി വാര്‍ത്തകളില്‍ നിറഞ്ഞ ശിവം ശങ്കര്‍ സിംഗാണ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ഏഷ്യ ടൈംസിനോടു സംസാരിക്കവേയാണ് മാധ്യമങ്ങളെ സെന്‍സര്‍ ചെയ്യാന്‍ ബി.ജെ.പി എടുക്കുന്ന നടപടികളെക്കുറിച്ച് ശിവം വെളിപ്പെടുത്തിയത്.

  ചില പ്രത്യേക രീതികളിലുള്ള മാധ്യമപ്രവര്‍ത്തനത്തില്‍ തങ്ങള്‍ അതൃപ്തരാണെന്ന പാര്‍ട്ടി അധികൃതരുടെ മുന്നറിയിപ്പ് മിക്ക മാധ്യമസ്ഥാപനങ്ങളെയും ഭയപ്പെടുത്തുന്നുണ്ടെന്ന് ശിവം പറയുന്നു. 4,200 കോടിയോളമാണ് കേന്ദ്ര സര്‍ക്കാര്‍ പരസ്യത്തിനായി മാത്രം വകയിരുത്തിയിട്ടുള്ളത്. വലിയ തുകയ്ക്കുള്ള സര്‍ക്കാര്‍ പരസ്യങ്ങള്‍ മാത്രമല്ല, അവരുമായി ചേര്‍ന്നു നില്‍ക്കുന്ന കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ പരസ്യങ്ങള്‍ കൂടിയാണ് ബി.ജെ.പിക്കെതിരെ ശബ്ദമുയര്‍ത്തുന്ന മാധ്യമസ്ഥാപനങ്ങള്‍ക്കു നഷ്ടപ്പെടുക.

  ചില ചാനലുകളെയും മാധ്യമപ്രവര്‍ത്തകരെയും ദേശദ്രോഹികളും ഹിന്ദുവിരോധികളുമായി മുദ്രകുത്തുന്ന തരത്തിലുള്ള നീക്കങ്ങള്‍ മറ്റൊരു സര്‍ക്കാരും ഇതേവരെ ചെയ്തിട്ടില്ലെന്നും ശിവം പറയുന്നു. ‘രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ടു ജി സ്‌പെക്ട്രം അഴിമതിയും കോമണ്‍വെല്‍ത്ത് അഴിമതിയുമടക്കമുള്ളവ വ്യാപകമായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നു, ആരും മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിച്ചിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ മുഖ്യധാരയിലുള്ള മിക്ക മാധ്യമസ്ഥാപനങ്ങളും ബി.ജെ.പിയോട് ചേര്‍ന്നു നില്‍ക്കുന്നവരുടെയോ, ബി.ജെ.പി എം.പിമാരുടേയോ ഉടമസ്ഥതയിലുള്ളവയാണ്. രാജീവ് ചന്ദ്രശേഖറിന്റെ റിപ്പബ്ലിക് ടിവിയും സുഭാഷ് ചന്ദ്രയുടെ സീ ടിവിയും ഇതിനുദാഹരണങ്ങളാണ്.’

  പാര്‍ട്ടിയിലെ ഉന്നതര്‍ ചില ചാനലുകളെ ബന്ധപ്പെട്ട് തങ്ങള്‍ നിര്‍ദ്ദേശിക്കുന്ന വാര്‍ത്തകള്‍ കൊടുക്കാനോ കൊടുക്കാതിരിക്കാനോ ആവശ്യപ്പെടാറുണ്ട്. എന്‍.ഡി.ടി.വിയുടെ ഉടമസ്ഥരുടെ വീടുകളില്‍ റെയ്ഡുകള്‍ വരെ നടത്തിയിട്ടുണ്ടെന്നും ശിവം വിശദീകരിക്കുന്നു.

  എ.ബി.പി പോലുള്ള ടെലിവിഷന്‍ ചാനലുകളെയാണ് ബി.ജെ.പി പ്രധാനമായും ലക്ഷ്യം വയ്ക്കുന്നതെന്നും അടുത്തിടെ നടന്ന സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ശിവം പറയുന്നു. ഓണ്‍ലൈന്‍ മാധ്യമങ്ങളുംഡല്‍ഹി കേന്ദ്രമായിട്ടുള്ള ഇംഗ്ലീഷ് മാധ്യമങ്ങളും പ്രധാനമായും എത്തിച്ചേരുന്നത് നഗരപ്രദേശങ്ങളില്‍ നിന്നുള്ള ധനികരായ വായനക്കാരിലാണ്. എന്നാല്‍ ഹിന്ദി ഭാഷാ ചാനലുകളുടെ പ്രേക്ഷകര്‍ ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭൂരിഭാഗം വോട്ടര്‍മാരാണെന്നതും ഇവയ്‌ക്കെതിരെ തിരിയാന്‍ പാര്‍ട്ടിയെ പ്രേരിപ്പിക്കുന്നു.

  2019ലെ തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് 2014ലേതിനേക്കാള്‍ വളരെയേറെ ബുദ്ധിമുട്ടുള്ളതായിരിക്കുമെന്നും, അതുകൊണ്ടുതന്നെ മാധ്യമങ്ങള്‍ക്കെതിരായ ആക്രമണം തുടരുക തന്നെ ചെയ്യുമെന്നും ശിവം തറപ്പിച്ചു പറയുന്നു. തങ്ങള്‍ക്കെതിരായ വാര്‍ത്തകള്‍ വരാതെ നോക്കാന്‍ ഏതറ്റം വരെയും ബി.ജെ.പി പോയേക്കുമെന്നും ശിവം മുന്നറിയിപ്പു നല്‍കുന്നുണ്ട്.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.