കലിയടങ്ങാതെ എസ്ഡിപിഐ; വീടാക്രമിച്ച‌് ഡിവൈഎഫ്‌ഐ പ്രവർത്തകനെ കൊല്ലാൻ ശ്രമം

  SHARE

  കൊല്ലം കൊട്ടിയത്ത് എസ്‌‌‌‌‌‌‌ഡിപിഐ ക്രിമിനല്‍ സംഘം വീടാക്രമിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടി. നെടുമ്പന സൗത്ത്‌ മേഖലയിലെ തൈയ്‌ക്കാവ്‌മുക്ക്‌ യൂണിറ്റ്‌ കമ്മിറ്റി അംഗം തടത്തിൽ വീട്ടിൽ ഷാഫി (30)യ‌്‌‌‌ക്കാണ‌് വെട്ടേറ്റത‌്. കഴിഞ്ഞദിവസം അർധരാത്രിയാണ‌് സംഭവം. ആയുധങ്ങളുമായെത്തിയ എസ്‌‌‌‌ഡിപിഐ സംഘം വീടിന്റെ ജനലുകളും മുറ്റത്ത്‌ പാർക്ക്‌ ചെയ്‌തിരുന്ന കാറിന്റെ ചില്ലും അടിച്ചു തകർത്തു. ശബ്ദം കേട്ട‌് വീടിനു പുറത്തിറങ്ങിയ ഷാഫിയുടെ തലയ്‌ക്ക്‌ വെട്ടുകയായിരുന്നു.

  ഇർഷാദ്‌, ദിറാർ,ഫൈസൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ ആക്രമണംനടത്തിയത‌്. ഗുരുതരമായി പരിക്കേറ്റ ഷാഫിയെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുളപ്പാടത്ത്‌ സിപിഐ എം സമ്മേളനത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുകയായിരുന്ന ഡിവൈഎഫ്‌ഐ നേതാക്കളെ വർഷങ്ങൾക്ക്‌ മുമ്പ്‌ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികളാണ‌് ഷാഫിയെ ആക്രമിച്ച സംഘത്തിലുണ്ടായിരുന്നത‌്. ചാത്തന്നൂർ പൊലീസ്‌ കേസെടുത്തു.

  സംഭവത്തിൽ പ്രതിഷേധിച്ച്‌ തൈയ്‌ക്കാവ്‌ മുക്കിൽ സിപിഐ എം, ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ  പ്രകടനം നടത്തി. കുളപ്പാടത്ത്‌ ചേർന്ന യോഗത്തിൽ നെടുമ്പന പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്‌ നാസറുദീൻ, സൗത്ത്‌ ലോക്കൽ കമ്മിറ്റി സെക്രട്ടറി മുജീബ്‌ റഹ്‌മാൻ, എസ്‌ നിസാം, എസ്‌ നജീം, ദിലീപ്‌ എന്നിവർ സംസാരിച്ചു. പരിക്കേറ്റ ഷാഫിയെ സിപിഐ എം കൊട്ടിയം ഏരിയ സെക്രട്ടറി എൻ സന്തോഷ്‌ ആശുപത്രിയിൽ സന്ദർശിച്ചു. കുളപ്പാടം പ്രദേശത്ത്‌ സംഘർഷം സൃഷ്ടിക്കാൻ ഏറെ നാളായി എസ്‌ഡിപിഐ ശ്രമം നടത്തിവരികയാണ‌്.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.