ബ്ലൂവെയിൽ ഗെയിമിന് പിന്നാലെ ‘മോമൊ’ എന്ന മരണക്കളി; കുട്ടികളെ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി

  SHARE

  ആഗോളതലത്തിൽ നിരവധി വ്യക്തികളുടെ ജീവനെടുക്കാനിടയാക്കിയ ബ്ലൂവെയിൽ ഗെയിമിന് സമാനസ്വഭാവമുള്ള മറ്റൊരു മരണ കളിയായ മോമൊ വാട്സാപ്പിലൂടെ പരക്കുന്നു. മറ്റ് രാജ്യങ്ങളിൽ ഇതിനകം തന്നെ അനേകം വ്യക്തികൾ മരിച്ചുവെന്നും കുറ്റകളുടെ ജീവന് ഭീഷണിയായ ഈ കളി ഇന്ത്യയിലേക്കെത്തിയെന്നും സൈബർ വിദഗ്ധർ കണ്ടെത്തി.

  കളിക്കുന്നവരെ മനസ്സിലാക്കുവാനും അവരെ സ്വാധീനിക്കാനും ഈ കളിക്ക് സാധിക്കും. കളിക്കുന്നവരിൽ വിഷാദരോഗമുണ്ടാക്കുകയും, തുടർന്നവർ ദേഹത്ത് സ്വയം മുറിവുകളുണ്ടാക്കി മരണത്തിലേക്ക് നീങ്ങുമെന്നും മാനസികാരോഗ്യ വിദഗ്ധർ പറയുന്നു. സംസ്‌ഥാനത്തെ മാതാപിതാക്കൾക്ക് മുഖ്യമന്ത്രി ഫേസ്ബുക് പോസ്റ്റിലൂടെ ജാഗ്രത നിർദ്ദേശം നൽകി. കുട്ടികൾ ഈ മരണക്കളി കളിക്കുന്നില്ല എന്ന് എല്ലാവരും ഉറപ്പുവരുത്തണമെന്നും, മൊബൈലിന്റേയും ഇന്റർനെറ്റിന്റെയും ലോകത്ത് നമ്മുടെ കുട്ടികൾ ശരിയായ ദിശയിലാണെന്ന് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തം നമ്മുടെ സമൂഹത്തിനുണ്ടെന്നും മുഖ്യമന്ത്രി കുറിച്ചു.

  മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്

  നിരവധി കുട്ടികളുടെ ജീവന് ഭീഷണിയുയർത്തിയ ബ്ലൂവെയിൽ ഗെയിമിനു ശേഷം സമാന സ്വഭാവ വിശേഷങ്ങളോട് കൂടിയ മറ്റൊരു ഗെയിം പ്രചരിക്കുന്നതായി സൈബർ വിദഗ്ധർ കണ്ടെത്തിയിട്ടുണ്ട്. വാട്സാപ്പ് വഴിയാണ് മോമൊ എന്ന ഈ കളി പ്രചരിക്കുന്നത്. കുട്ടികളുടെ ജീവനു തന്നെയാണ് ഇവിടെയും വെല്ലുവിളി.

  ഉണ്ടക്കണ്ണുകളും മെലിഞ്ഞ ശരീരവും വിളറിയ നിറവുമുള്ള കഥാപാത്രമാണ് മോമൊ എന്ന കളിയിലുള്ളത്. നിങ്ങളെക്കുറിച്ചുള്ളതെല്ലാം ഞാൻ പറഞ്ഞുതരാം എന്നു പറഞ്ഞു കൊണ്ട് കളിയാരംഭിക്കുന്നത് കളിയിലേക്ക് ആളുകളെ ആകർഷിക്കാനാണ്. ഇതുവരെ നിരവധിപേർ ഈ ഗെയിമുമായി മുന്നോട്ട് പോകുന്നെണ്ടെന്നാണ് അന്താരാഷ്ട്ര തലത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കളിയുടെ ഗുരുതരമായ വശങ്ങളിലേക്ക് വിരൽചൂണ്ടിക്കൊണ്ട് പല മാനസികാരോഗ്യ വിദഗ്ദ്ധരും മുന്നറിയിപ്പുമായി രംഗത്ത് വന്നു കഴിഞ്ഞു. കഥാപാത്രത്തിന്റെ സംസാരരീതിയും ആദ്യകാഴ്ചയിലെ രൂപവും കുട്ടികളിൽ നിഷേധാത്മക ചിന്തകൾ ഉണർത്തുകയും തുടർന്നവർ ദേഹത്തു മുറിവുകൾ ഉണ്ടാക്കി സ്വയം വേദനിക്കുമെന്നും മരണത്തിലേക്ക് നീങ്ങുമെന്നുമാണ് മാനസികാരോഗ്യ വിദഗ്‌ധർ പറയുന്നത്. കുട്ടികൾ ഇത്തരം ഗെയിമുകൾ കളിക്കുന്നില്ലെന്ന് ഉറപ്പു വരുത്താൻ എല്ലാ രക്ഷിതാക്കളോടും ആവശ്യപ്പെടുന്നു. മൊബൈലിന്റേയും ഇന്റർനെറ്റിന്റെയും ലോകത്ത് നമ്മുടെ കുട്ടികൾ ശരിയായ ദിശയിലാണെന്ന് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തം നമ്മുടെ സമൂഹത്തിനുണ്ട്.

  നിരവധി കുട്ടികളുടെ ജീവന് ഭീഷണിയുയർത്തിയ ബ്ലൂവെയിൽ ഗെയിമിനു ശേഷം സമാന സ്വഭാവ വിശേഷങ്ങളോട് കൂടിയ മറ്റൊരു ഗെയിം…

  Posted by Pinarayi Vijayan on Tuesday, 7 August 2018

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.