ദൈനംദിനം നിന്ന് ജോലിയെടുക്കുന്ന ഞങ്ങളുടെ വേദന സർക്കാരിന് മനസ്സിലായി; ഈ മാറ്റം ഞങ്ങളുടെ സമരത്തിന്റെയും വിജയം

  SHARE

  ആലപ്പുഴ: “രാവിലെ ജോലിസ്‌ഥലത്തേക്ക് കയറുമ്പോൾ മുതൽ തുടങ്ങുന്ന നിന്നുള്ള അധ്വാനത്തിനിടെ ഒന്ന് ഇരിക്കാനായാണ് ഞങ്ങളന്ന് സമരത്തിന് തുടക്കമിട്ടത്. രാവിലെ മുതൽ രാത്രി വരെ നിന്നുകൊണ്ട് പണിയെടുക്കുന്ന ഞങ്ങളുടെ ദുരിതവും അവശതകളും സർക്കാരിനെ അന്നുതന്നെ ബോധ്യമായി. ഇപ്പോൾ വന്ന പുതിയ നിയമഭേദഗതിയിലൂടെ ഞങ്ങളെപോലെ നിന്ന് ജോലിചെയ്യുന്നവർക്കെല്ലാം ആശ്വാസം നൽകുന്ന നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്നറിഞ്ഞതിൽ സന്ദോഷമുണ്ട്” എന്ന ആലപ്പുഴ സീമാസിലെ ജീവനക്കാരായ ഫിലോമിനയും സജ്നയും പറഞ്ഞു. സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും നിയമം നടപ്പാക്കാൻ സർക്കാരിന്റെ ശക്തമായ ഇടപെടൽ വേണമെന്നും അവർ പറഞ്ഞു.

  വസ്‌ത്ര വ്യാപാര്യ സ്ഥാപനങ്ങളിലടക്കം ജോലി ചെയ്യുന്ന സ‌്ത്രീ തൊഴിലാളികളെ മുന്നിൽ കണ്ട‌് ഇന്നലെ സർക്കാരെടുത്ത തീരുമാനത്തിൽ ആശ്വാസവും അതിലേറെ ആഹ്‌ളാദവുമാണ്‌ ജീവനക്കാർ പങ്കുവെച്ചത്‌.

  നിയമഭേദഗതിയിലേക്ക‌് സർക്കാരിനെ നയിക്കുന്നതിൽ രണ്ടുവർഷം മുമ്പ‌് ആലപ്പുഴ സീമാസ‌് ടെക‌്സ‌്റ്റയിൽസിൽ സ‌്ത്രീജീവനക്കാർ നടത്തിയ ഇരിപ്പുസമരവും നിമിത്തമായി. പല ജില്ലകളിലും സമാനസമരങ്ങൾ അരങ്ങേറി. തൊഴിൽ പീഡനത്തിനും ചൂഷണത്തിനുമെതിരായി ആരംഭിച്ച സീമാസിലെ സമരം ഒമ്പത‌് ദിവസമാണ്‌ നീണ്ടത്‌.

  എഴുപതോളം സ‌്ത്രീ ജീവനക്കാർ നയിച്ച സമരം പിന്നീട‌് പൊതുസമൂഹവും ഏറ്റെടുത്തു. സിപിഐ എം നേതാക്കളായ ടി എം തോമസ‌് ഐസകും ജി സുധാകരനും പ്രശ‌്നങ്ങളിൽ ഇടപെടുകയും സമരം വിജയിക്കുന്നതുവരെ ഒപ്പം നിൽക്കുകയും ചെയ‌്തു. ഇൻഡസ‌്ട്രിയൽ ആൻഡ‌് കൊമേഴ‌്സ്യൽ എംപ്ലോയീസ‌് യൂണിയൻ (സിഐടിയു) നേതൃത്വത്തിലാണ‌് സമരം നടത്തിയത‌്. സമരം അനുദിനം ശക്തമായതോടെ മാനേജുമെന്റ‌് ഒത്തുതീർപ്പിന‌് തയ്യാറായി. പ്രധാന ആവശ്യമായ മിനിമം വേതനമടക്കമുള്ള കാര്യങ്ങൾ മാനേജുമെന്റ‌് അംഗീകരിച്ചു.

  അന്നത്തെ സമരം സ‌്ത്രീതൊഴിലാളികളുടെ ജീവിതത്തിലും തൊഴിൽ സാഹചര്യത്തിലും വലിയ മാറ്റമാണ‌് വരുത്തിയതെന്ന‌് സമരത്തിനു നേതൃത്വം കൊടുത്ത ഫിലോമിന പറഞ്ഞു. അൽപ്പം വൈകിയണെങ്കിലും സീമാസ‌് മാനേജുമെന്റും തൊഴിലാളികളുടെ പരാതികൾ പരിഹരിക്കുന്ന സമീപനമാണ‌് സ്വീകരിച്ചത‌്.

  എന്നാൽ ആലപ്പുഴയിൽ തന്നെ മറ്റ‌് പല സ്ഥാപനങ്ങളിലും കടുത്ത ചൂഷണം അനുഭവിക്കുന്നവരുണ്ട‌്. ജോലി ചെയ്യുന്ന കൗണ്ടറിൽ കസേരകൾ ഇടാറില്ല. നിയമഭേദഗതിയോടെ ഇക്കാര്യങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്ന‌് പ്രതീക്ഷയിലാണ‌് തൊഴിലാളികൾ.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.