പത്തനംതിട്ട: കാൻസർ ബാധ്യസ്ഥരെ ആശ്വസിപ്പിക്കാനും, അവരെ സഹായിക്കാനുമായി ഭവനസന്ദർശനം നടത്തിയ വൃദ്ധരായ പാസ്റ്റർമാർ ഉൾപ്പെടുന്ന സംഘത്തെ ആർഎസ്എസ്സുകാർ ആക്രമിച്ചു. പാസ്റ്റർമാരുടെ സംഘത്തിനെതിരെ ആർഎസ്എസ്സുകാർ വധഭീഷണി ഉയർത്തുകയും, മദ്യത്തിനും മയക്കുമരുന്നിനും എതിരായ പാസ്റ്റർമാരുടെ ലഘുലേഖകൾ അവർ കീറി കളയുകയും ചെയ്തു.
കാരുണ്യ കാൻസർ കെയർ മിനിസ്ട്രി എന്ന സംഘടനയുടെ ജീവകാരുണ്യ പ്രവർത്തകരെയാണ് ആർഎസ്എസ് ക്രിമിനലുകൾ ആക്രമിച്ചത്. കവിയൂർ പഞ്ചായത്തിൽ ഇനി കാലുകുത്തിയാൽ കൊന്നുകളയുമെന്ന് അവർ പാസ്റ്റർമാരെ ഭീഷണിപ്പെടുത്തി. കവിയൂര്‍ പഞ്ചായത്തിലെ പടിഞ്ഞാറ്റുശ്ശേരി മാക്കാട്ടി കവലയില്‍ ആയിരുന്നു സംഭവം നടന്നത്. ആർ എസ് എസ്സിന്റെ ആക്രമണം പരസ്യമായതോടെ അതിനെതിരെയുള്ള പ്രതിഷേധം വ്യാപകമാകുകയാണ്. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ആക്രമിക്കപ്പെട്ട പാസ്റ്റർമാരെ ചൊവ്വാഴ്ച സന്ദർശിച്ചിരുന്നു.
മദ്യത്തിനും മയക്കുമരുന്നിനും എതിരായ ലഘുലേഖകള്‍ പാസ്റ്റര്‍മാരില്‍നിന്ന് ആര്‍എസ്എസുകാര്‍ പിടിച്ചുവാങ്ങി കീറിക്കളഞ്ഞു. ഇത്തരം കൂറ സാധനങ്ങളുമായി ഒരു വീട്ടിലും കയറിപോയേക്കരുതെന്ന് താക്കീത് ചെയ്തു. നിങ്ങള്‍ പ്രായമുള്ളവരായതുകൊണ്ടാണ് തല്ലാതെ വിടുന്നതെന്നും ഇതാവര്‍ത്തിച്ചാല്‍ കാല് തല്ലിയൊടിക്കുമെന്നുമായിരുന്നു ഭീഷണി. തിരുവല്ല സ്വദേശികളായ പി എം കുരുവിള, പി എം മത്തായി എന്നിവരെയാണ് ആര്‍എസ്എസ് സംഘം ഭീഷണിപ്പെടുത്തിയത്.
ഇവരെ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തുന്നതും ലഘുലേഖ കീറിക്കളയുന്നതും മൊബൈലില്‍ പകര്‍ത്തിയ സംഘം നവമാധ്യമങ്ങളിലൂടെ അവ പ്രചരിപ്പിച്ചു. വരും ദിവസങ്ങളില്‍ ഓരോ പഞ്ചായത്തിലും ഇത് ആവര്‍ത്തിക്കുമെന്നും അവര്‍ പറഞ്ഞു.
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാന്‍സര്‍ രോഗത്തിന് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ചികിത്സാ സഹായം നല്കി വരുന്ന കാരുണ്യ കാന്‍സര്‍ കെയര്‍ മിനിസ്ട്രി ട്രസ്റ്റിന്റെ പ്രവര്‍ത്തകര്‍ മദ്യം, മയക്കുമരുന്ന് എന്നിവയ്ക്കെതിരായ ബോധവല്‍ക്കരണവും നടത്തുന്നുണ്ട്. പെന്തക്കോസ്തിലെ വിവിധവിഭാഗത്തിലുള്ള 24 പേരാണ് 2006-ല്‍ റജിസ്റ്റര്‍ ചെയ്ത ഈ സംഘടനയിലുള്ളത്. രണ്ടു പേരടങ്ങുന്ന സംഘമാണ് ഭവന സന്ദര്‍ശനം നടത്തുന്നത്.
കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്ക് സഹായിക്കുക, നിര്‍ധനരായ കുട്ടികള്‍ക്ക് പഠനസൗകര്യം ഒരുക്കി കൊടുക്കുക എന്നിങ്ങനെയുള്ള കാരുണ്യപ്രവര്‍ത്തനങ്ങളാണ് തങ്ങള്‍ നടത്തുന്നതെന്നും രോഗികളും നിര്‍ധനരുമായ എല്ലാവിഭാഗം ആളുകളെയും സഹായിക്കുന്നുണ്ടെന്നും മതപരിവര്‍ത്തനം തങ്ങളുടെ നയമല്ലെന്നും ട്രസ്റ്റ് പ്രസിഡന്റ് കെ എം ജോസ് അറിയിച്ചു.
ട്രസ്റ്റിന്റെ പ്രവര്‍ത്തകരെ സന്ദര്‍ശിച്ച സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു അവരുടെ ആരാധന സ്വാതന്ത്രത്തിന് സിപിഐ എം പൂര്‍ണ പിന്തുണ നല്‍കുമെന്ന് ഉറപ്പു നല്കി. എല്ലാവര്ക്കും അവരവരുടെ വിശ്വാസം പ്രചരിപ്പിക്കാനും ആരാധന സ്വാതന്ദ്ര്യം കാത്തുസൂക്ഷിക്കാനും അവകാശമുണ്ട്. അതിനെതിരെയുള്ള ഇത്തരം ആക്രമണങ്ങള്‍ ഗുണ്ടായിസമാണ്. ഇത് നാടിന് അംഗീകാരിക്കാനാവില്ല. ഇത്തരം ഗുണ്ടായിസത്തെ എന്തുവില കൊടുത്തും എതിര്‍ക്കും. വിശ്വാസത്തിനും ആരാധനാ സ്വാതന്ത്ര്യത്തിനുമെതിരെ എവിടെനിന്ന് ഭീഷണി ഉയര്‍ന്നാലും അത് തടയാനും സംരക്ഷിക്കാനും സിപിഐ എം ഉണ്ടാകുമെന്നും ഉദയഭാനു പറഞ്ഞു.