Home Newspool മാനേജുമെന്റുകളുടെ മനുഷത്വരഹിത നടപടി; ആത്മഹത്യാ മുനമ്പില്‍ സ്വാശ്രയ എഞ്ചിനീയറിങ് കോളേജ് അധ്യാപകരും ജീവനക്കാരും

മാനേജുമെന്റുകളുടെ മനുഷത്വരഹിത നടപടി; ആത്മഹത്യാ മുനമ്പില്‍ സ്വാശ്രയ എഞ്ചിനീയറിങ് കോളേജ് അധ്യാപകരും ജീവനക്കാരും

SHARE

സംസ്ഥാനത്തെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ നേരിടുന്ന കടുത്ത അവഗണനയ്ക്കും ചൂഷണത്തിനും ചില പുതിയമാനങ്ങള്‍ കൈവന്നിരിക്കുന്നു. പല സ്വാശ്രയ എഞ്ചിനീയറിങ് കോളേജുകളിലും കഴിഞ്ഞ കുറേ മാസങ്ങളായി അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ശമ്പളം നിഷേധിക്കുന്നത് പതിവായിരിക്കുന്നു. കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടായെന്ന കാരണം പറഞ്ഞാണ് മനുഷത്വരഹിതമായ ഈ നടപടി. ബിരുദാനന്തര ബിരുദവും, ഡോക്ടറേറ്റുമുള്‍പ്പടെ നേടിയിട്ടും, തുശ്ചമായ ശമ്പളത്തില്‍ മാത്രം ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായവർക്കാണ് ഇപ്പോള്‍ തുടര്‍ച്ചയായി ശമ്പളവും നിഷേധിക്കുന്നത്. പുറത്തു പറഞ്ഞാലുണ്ടാകുന്ന മാനക്കേടും, മാനേജുമെന്റുകളുടെ പിരിച്ചുവിടല്‍, ഗുണ്ടാ ഭീഷണിയും മറ്റും മൂലം പലരും ഇതൊക്കെ സഹിക്കുന്നുവെന്നതാണ് വാസ്തവം.

തൃശ്ശൂര്‍, പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ കോളേജുകളിലാണ് വ്യാപകമായി ഇത്തരം പ്രവണതകള്‍ കണ്ടുവരുന്നത്. പത്തനംതിട്ട ജില്ലയിലെ മുന്നോളം പ്രമുഖ എഞ്ചിനീയറിങ് കോളേജുകളില്‍ കഴിഞ്ഞ കുറേ കാലങ്ങളായി തുടര്‍ച്ചയായി ശമ്പളം നിഷേധിക്കലും, ശമ്പളം വെട്ടികുറയ്ക്കലും നടത്തുന്നു.

സ്വീപ്പര്‍മാര്‍, പ്യൂൺന്മാർ ഉള്‍പ്പടെ തുശ്ചമായ വരുമാനം ലഭിക്കുന്നവരുടെ ഉൾപ്പെടെ ശമ്പളം പകുതിയായി വെട്ടിക്കുറയ്ക്കുന്ന ക്രൂരമായ സമീപനവും ചില കോളേജുകളില്‍ നിലനില്‍ക്കുന്നു. പ്രതികരിക്കുന്നവര്‍ക്കുനേരെ പിരിച്ചുവിടല്‍ ഉള്‍പ്പടെയുള്ള പല പ്രതികാര നടപടികളും സ്വീകരിക്കുന്നത് സര്‍വസാധാരണമായിരിക്കുന്നു. സ്വാശ്രയമേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച ജസ്റ്റിസ് ദിനേശന്‍ കമ്മീഷന്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ജീവനക്കാരുടേയും അധ്യാപകരുടേയും സേവന വേതന വ്യവസ്ഥകള്‍ സംരക്ഷിക്കുന്നതിനാവശ്യമായ നിരവധി നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മന്ത്രിസഭ ഈ റിപ്പോര്‍ട്ട് അംഗീകരിക്കുകയും ചെയ്തു.

ദിനേശന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വാശ്രയ മേഖലയുമായി ബന്ധപ്പെട്ട് നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ തലത്തില്‍ ധാരണയായിരിക്കുന്നത് മാനേജ്‌മെന്റുകളെ ഭയപ്പെടുത്തുന്നുണ്ട്. സര്‍ക്കാര്‍ നീക്കത്തെ അട്ടിമറിക്കാനും വിലപേശലിന് കളമൊരുക്കാനും വേണ്ടിയാണ് മാനേജ്‌മെന്റുകള്‍ വളരെ ആസൂത്രിതമായ ഇത്തരം നീക്കങ്ങള്‍ നടത്തുന്നത്. അടിയന്തിരമായി സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെട്ടില്ലെങ്കില്‍ കര്‍ഷക ആത്മഹത്യകള്‍ എന്നതുപോലെ സ്വാശ്രയ ആത്മഹത്യകള്‍ എന്ന വാര്‍ത്തയും വരാനുള്ള സാധ്യതയും നിലവിലെ അവസ്ഥയിൽ തള്ളിക്കളയാനാവില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.