കൗണ്ടർ പോയിന്റിനോട് എതിർപ്പ്, പേരാമ്പ്രക്കാരുടെ ബഹിഷ്കരണം, മുട്ട് മടക്കി, സത്യം പറഞ്ഞു മനോരമ പത്രത്തിൽ പരമ്പര

  SHARE
  നിപ്പ പ്രതിരോധം കേരളത്തിന്റെ ഏറ്റവും ഗൗരവമുള്ള വിഷയമാവുകയും നാട് ഒന്നടങ്കം അതിൽ ഐക്യപ്പെടുകയും ചെയ്യുമ്പോൾ ജീവൻ പണയം വെച്ച് രോഗത്തോട് പൊരുതുന്ന ആതുര സേവകരെയാകെ ആക്ഷേപിച്ചും കേരളത്തെ ആഫ്രിക്കയോടുപമിച്ചും മനോരമ ചാനൽ നടത്തിയ ആക്രമണത്തിന് സ്വന്തം പാത്രത്തിൽ നിന്ന് മറുപടി. മനോരമ ന്യൂസിന്റെ “കൗണ്ടർ പോയിന്റ് ” പരിപാടിയിൽ ““മുന്‍വിധിയോടെ ഡോക്ടര്‍മാര്‍ സംസാരിക്കരുത്” എന്നാവർത്തിച്ചു പറഞ്ഞു, ഡോ. അനൂപ്, ഡോ. ജിനേഷ് എന്നിവരെ കൗണ്ടർ ചെയ്യുകയും കേരളത്തിന്റെ പ്രതിരോധം കൊള്ളാത്തതാണ്, ആരോഗ്യമേഖല ഒന്നിനും കൊള്ളില്ല എന്ന് സ്ഥാപിക്കാൻ ശ്രമിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്.

  #PerambraBoycottsManorama എന്ന ഹാഷ് ടാഗിൽ തിങ്കളാഴ്ച ഉച്ച മുതൽ ഫേസ് ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ഇട്ടു സോഷ്യൽ മീഡിയയിൽ പേരാമ്പ്രക്കാർ മനോരമ ബഹിഷ്കരണം ആരംഭിച്ചു കഴിഞ്ഞു.
  ഈ ആഹ്വാനമാണ് വാട്സ്ആപ്പിൽ പ്രചരിക്കുന്നത്: “നിപ്പാ പനിയുമായി ബന്ധപ്പെട്ടുള്ള മനോരമ ന്യൂസ് കൌണ്ടര്‍ പോയിന്റിൽ നിഷയും
  Dr.Jinesh PS ഉം ഡോക്ടര്‍ അനൂപും കൃത്യമായി നല്ല ഭാഷയില്‍ കാര്യങ്ങള്‍ വിവരിക്കുന്നുണ്ടായിരുന്നു. എങ്കിലും ചര്‍ച്ച നയിച്ച നിഷ തുടരെ തുടരെ “മുന്‍വിധിയോടെ ഡോക്ടര്‍മാര്‍ സംസാരിക്കരുത്” എന്ന് ആവര്‍ത്തിക്കുന്നുണ്ടായിരുന്നു…
  ചര്‍ച്ച കണ്ട ആര്‍ക്കും …(വേണേല്‍ recording കണ്ടാല്‍ ശ്രീമതി നിഷയ്ക്കും) പിടി കിട്ടും മുന്വിധി എന്നൊന്ന് ഉണ്ടായിരുന്നെങ്കില്‍ അത് ചര്‍ച്ച നയിച്ച ആള്‍ക്ക് മാത്രമായിരുന്നു എന്ന്…ആരോഗ്യ വകുപ്പിന് പാളിച്ചകള്‍ ഉണ്ടായി എന്നും അത് കൊണ്ടാണ് രോഗം ഇവിടെ വന്നതും മരണം ഉണ്ടായതും എന്ന് സ്ഥാപിക്കാന്‍ ആര്‍ക്കായിരുന്നു വ്യഗ്രത/മുൻ വിധി എന്നൊക്കെ കണ്ടവര്‍ക്ക് മനസിലാകും. മനോരമ ന്യൂസ് ചാനലിന്റെയും നിഷയുടെയും ഈ പക്ഷ പാതിത്വത്തിനെതിരെ നിപ്പാ വൈറസ് പനിക്കെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി രാജ്യത്തിനു തന്നെ മാതൃകയായ പേരാമ്പ്രയിലെ പൊതു സമൂഹം പ്രീതികരിച്ചെ പറ്റു.

  #PerambraBoycottsManorama എന്ന ഹാഷ് ടാഗിൽ ഇന്ന് ഉച്ചയ്ക്ക് 2 PM മുതൽ നിങ്ങളുടെ ഫേസ് ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ഇട്ടാണ് പ്രതിഷേധത്തിൽ അണിനിരക്കേണ്ടത്.”

  ഡോ. ജി.അരുൺകുമാർ, ഡോ. കെ.ജി.സജീത്ത്കുമാർ, ഡോ. എസ്.അനൂപ്‌കുമാർ

  കൗണ്ടർ പോയിന്റിന്റെ വിദ്രോഹ സമീപനത്തിനെതിരെ ആരോഗ്യ പ്രവർത്തകരിൽ നിന്നും അതിശക്തമായ പ്രതികരണമാണ് ഉയർന്നത്. അതോടെ മനോരമ പത്രം തന്നെ, കൗണ്ടർ പോയിന്റ് വാദങ്ങളെ കൗണ്ടർ ചെയ്താണ് തിങ്കളാഴ്ച ഇറങ്ങിയത്.

  നിപ്പ: ജയിക്കുന്ന യുദ്ധം എന്ന ശീർഷകത്തിൽ പത്രം പരമ്പര പ്രസിദ്ധീകരിച്ചു തുടങ്ങി.

  മനോരമ എഴുതുന്നു: വിറപ്പിച്ചെത്തിയ നിപ്പയെ, കൂട്ടായ പരിശ്രമത്തിലൂടെ മെല്ലെ കീഴടക്കുകയാണു കേരളം. എന്തായിരുന്നു കഴിഞ്ഞ ദിനങ്ങളിൽ കോഴിക്കോട്ടും പരിസരമേഖലകളിലും കണ്ടത്? രോഗത്തെ പിടിച്ചുകെട്ടാൻ കോഴിക്കോട് മെഡിക്കൽ കോളജ് കേന്ദ്രമാക്കി നടത്തിയ സന്നാഹങ്ങളും പോരാട്ടങ്ങളും എങ്ങനെയായിരുന്നു?

  രോഗസാന്നിധ്യം ആദ്യം കണ്ട ചങ്ങരോത്ത് സൂപ്പിക്കടയടക്കം ഗ്രാമമേഖലകളെല്ലാം സന്ദർശിക്കുകയും രോഗനിയന്ത്രണ ശ്രമങ്ങളിൽ മുഖ്യപങ്കു വഹിക്കുകയും ചെയ്ത, മണിപ്പാലിലെ സെന്റർ ഫോർ വൈറസ് റിസർച്ചിന്റെ തലവൻ ഡോ. ജി.അരുൺകുമാർ, മെഡിക്കൽ കോളജിലെ യുദ്ധകാലാടിസ്ഥാന നീക്കങ്ങളിൽ മുൻനിരയിൽ നിന്ന ആശുപത്രി സൂപ്രണ്ട് ഡോ. കെ.ജി.സജീത്ത്കുമാർ, ആദ്യരോഗിയിൽ തന്നെ നിപ്പ എന്ന വെല്ലുവിളി തിരിച്ചറിഞ്ഞ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ ടീമിന്റെ ചടുലനീക്കങ്ങൾ ഏകോപിപ്പിച്ച ക്രിട്ടിക്കൽ മെഡിസിൻ വിഭാഗം മേധാവി ഡോ. എസ്.അനൂപ്‌ കുമാർ… നിപ്പയെ നേരിട്ടതിനെക്കുറിച്ച് ഇവർ എഴുതുന്നു.

  രാജ്യാന്തരതലത്തിൽ ഭീതിപടർത്തിയ നിപ്പ വൈറസ് കേരളത്തെ പിടിച്ചുകുലുക്കാൻ നോക്കിയെങ്കിലും, ഒടുവിൽ മുട്ടുമടക്കുകയാണ്. രോഗവ്യാപനം തടഞ്ഞ് മരണനിരക്കു കുറയ്ക്കുന്നതിൽ കേരളം വിജയം കണ്ടു. നിപ്പബാധ തിരിച്ചറിഞ്ഞശേഷം ദിവസങ്ങൾകൊണ്ടു വരിഞ്ഞുകെട്ടി കീഴ്പ്പെടുത്തി കേരളത്തിലെ ആരോഗ്യ പ്രവർത്തകർ ചരിത്രം കുറിക്കുകയാണ്. കൃത്യമായ പദ്ധതി തയാറാക്കി, അതു പിഴവില്ലാതെ നടപ്പിലാക്കിയതിലൂടെയാണ് രോഗവ്യാപന സാധ്യതകൾ‍ പൂർണമായും നീക്കിയത്. നിപ്പയെ തോൽപിച്ച ‘കേരള മോഡലിന്റെ’ അടിസ്ഥാന ഘടകം, ഡോക്ടർ‍മാർ മുതൽ ആരോഗ്യ പ്രവർത്തകരും സാധാരണ ജനങ്ങളുംവരെയുള്ളവരുടെ കൂട്ടായ പരിശ്രമമാണ്. കൃത്യസമയത്ത് നിപ്പ വൈറസിനെ തിരിച്ചറിയാൻ കഴിഞ്ഞതും രോഗവ്യാപനത്തിനുള്ള വഴികൾ കൊട്ടിയടച്ചതുമാണ് രോഗത്തെ

  നിയന്ത്രണവിധേയമാക്കാൻ സഹായിച്ചത്.

  ഒട്ടും വേണ്ട, ആശങ്ക

  നിപ്പ മൂലം കേരളത്തിന് എന്തെങ്കിലും സംഭവിച്ചുവെന്ന് ആശങ്ക വേണ്ട. എന്തുകൊണ്ടു സംഭവിച്ചു എന്ന ഖേദവും വേണ്ട. കേരളത്തിലെ ഇപ്പോഴത്തെ നിപ്പ സാന്നിധ്യം അപൂർവങ്ങളിൽ അപൂർവമായി സംഭവിച്ചതാണ്. കേരളമടക്കം പതിനഞ്ചോളം സംസ്ഥാനങ്ങളിൽ പഴംതീനി വവ്വാലുകളുണ്ട്. ഇത്തരം നാലുലക്ഷം വവ്വാലുകളിൽ ഒരെണ്ണത്തിൽ മാത്രമാണ് വൈറസ് സാന്നിധ്യമുണ്ടാവുക. ഈ ഒരു വവ്വാലിൽ പ്രജനനകാലമായ ഡിസംബർ മുതൽ മേയ് വരെയുള്ള സമയത്തുമാത്രമാണു വൈറസ് സജീവമായുണ്ടാവുക. ഈ വവ്വാലിന്റെ ശരീരത്തിലെ സ്രവം ഡിസംബറിനും മേയ്ക്കും ഇടയിൽ മനുഷ്യന്റെ ശരീരത്തിൽ പ്രവേശിച്ചാൽ മാത്രമേ, രോഗം ബാധിക്കുകയുള്ളൂ.

  ഇപ്പോൾ കോഴിക്കോട്ട് നിപ്പ വൈറസ് ബാധ പ്രത്യക്ഷപ്പെട്ടു എന്നതുകൊണ്ടു നാളെ വീണ്ടും നിപ്പ വരുമെന്നു ഭയപ്പെടേണ്ട ആവശ്യമേയില്ല.കേരളത്തിൽ നിപ്പ വൈറസിന്റെ ആക്രമണത്തെ പിടിച്ചുകെട്ടി എന്നറിയുന്നതിൽ പലർക്കും അദ്ഭുതമുണ്ട്; സംശയമുണ്ട്. എന്നാൽ, നിപ്പ വൈറസ് ബാധ കേരളത്തിൽ തിരിച്ചറിഞ്ഞയത്ര കുറഞ്ഞസമയത്തിനുള്ളിൽ ഒരുരാജ്യത്തും കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. ഇവിടെയാണു നമ്മുടെ ആരോഗ്യമേഖല എത്ര വേഗത്തിലും ഫലവത്തുമായാണു പ്രവർത്തിച്ചത് എന്നു തെളിയുന്നത്.

  മേയ് 17ന് ഉച്ചയോടെ ഡോ.ജി.അരുൺകുമാറിന്, ഡോ. അനൂപ്കുമാറിന്റെ ഫോൺ. ‘മസ്തിഷ്ക ജ്വരം ബാധിച്ച മുഹമ്മദ് സാലിഹ് എന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അയാളുടെ സഹോദരൻ ഇതേ രോഗലക്ഷണങ്ങളുമായി കുറച്ചു ദിവസം മുൻപ് മരിച്ചു. സമാന രോഗലക്ഷണങ്ങളോടെ അച്ഛനും അച്ഛന്റെ സഹോദരന്റെ ഭാര്യയും ഒരു കുട്ടിയും ആശുപത്രിയിലുണ്ട്. രോഗബാധയുടെ കാരണം എന്താണെന്ന് തിരിച്ചറിയാൻ സഹായിക്കണം’.

  ഒട്ടും വൈകാതെ സാലിഹിന്റെ രക്തം, ഉമിനീർ, മൂത്രം തുടങ്ങിയവയുടെ സാംപിൾ ശേഖരിച്ച് ഒരാളുടെ കൈവശം മണിപ്പാലിലേക്ക് കൊടുത്തയയ്ക്കാൻ ഡോ. അരുൺകുമാർ പറഞ്ഞു. സാംപിൾ കൈയിൽ ലഭിക്കുന്നതിനുമുൻപുതന്നെ എന്തു തരം പരിശോധനങ്ങൾ നടത്തണം എന്നതിന് ഒരു പദ്ധതി രൂപീകരിച്ചു.

  വൈറസിനെ തിരിച്ചറിയൽ

  ഒരു വീട്ടിൽത്തന്നെ ഒന്നിൽക്കൂടുതൽ ആളുകൾക്കു മസ്തിഷ്കജ്വരം വരാനുള്ള കാരണമെന്താണ് എന്ന അന്വേഷണമായിരുന്നു ആദ്യം. ഇത്തരം മസ്തിഷ്കജ്വരത്തിനുള്ള ഒരു കാരണം ‘ഹെർപിസ് സിംപ്ലക്സ്’ വൈറസ് ആണ്. രോഗിയുടെ ശരീരത്തിൽ ഏതെങ്കിലും കാലത്ത് പ്രവേശിച്ചു ഞരമ്പുകളിലോ തലച്ചോറിലോ ഒളിച്ചിരിക്കുന്ന വൈറസ് വീണ്ടും സജീവമായി മസ്തിഷ്കജ്വരത്തിനു കാരണമാവാം. പക്ഷേ, ഇത്തരം രോഗം മറ്റൊരാൾക്കു പകരുന്നതല്ല. ഇതുമൂലം ഒരു വീട്ടിൽ ഒന്നിൽക്കൂടുതൽ പേർക്കു രോഗം വരാനും സാധ്യതയില്ല. അടുത്ത വിഭാഗം ജപ്പാൻ ജ്വരമാണ്. അത് ഒരു ഗ്രാമത്തിൽ ഒരാൾക്കേ വരൂ. ചില വിഷവസ്തുക്കൾ ശരീരത്തിൽ കടന്നാലും മസ്തിഷ്കജ്വരം വരാം.

  ഇത്തരം സാധ്യതകളെല്ലാം തള്ളിക്കളഞ്ഞാൽ അവശേഷിക്കുന്ന ഏക സാധ്യത നിപ്പ, ചണ്ടിപ്പുര എന്നീ വൈറസുകളാണ്. ഇവയാണ് കൂട്ടമായി രോഗം പരത്തുന്നവ. ഒരു കുടുംബത്തിലെ നാലുപേർ രോഗബാധിതരാണ് എന്നതിനാൽ ഓരോ രോഗവും പ്രത്യേകം പ്രത്യേകം പരിശോധിച്ചു ഫലം കാത്തിരിക്കാൻ സമയമില്ല. ഒരേസമയം, എലിപ്പനിയും നിപ്പ വൈറസ്ബാധയും അടക്കമുള്ള മുപ്പതോളം രോഗങ്ങൾ പരിശോധിക്കാൻ നിർദേശം നൽ‍കി. മേയ് 18നു രാവിലെ സാംപിൾ ലഭിച്ചു. അന്നു വൈകിട്ട് അഞ്ചോടെ, ബാക്കി മുപ്പതോളം രോഗങ്ങളല്ല ബാധിച്ചിരിക്കുന്നതെന്നു തെളിഞ്ഞു. നിപ്പയാണെന്നു തിരിച്ചറിഞ്ഞെങ്കിലും ഇതുറപ്പിക്കാൻ മറ്റു രണ്ടു പരിശോധനകൾകൂടി നടത്തി. പരിശോധനാഫലം ആരോഗ്യവകുപ്പിന് അയച്ചുകൊടുത്തു.

  പക്ഷേ, നിപ്പ സ്ഥിരീകരിച്ചതായി ഔദ്യോഗികമായി പറഞ്ഞില്ല. എട്ടരയോടെ ഗുരുതരമായ വൈറസ് ബാധയാണെന്ന പരിശോധനാഫലം സംസ്ഥാന ആരോഗ്യവകുപ്പിനു കൈമാറിയെങ്കിലും ‘നിപ്പ’ എന്ന പേര് സ്ഥിരീകരിച്ചില്ല. നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫലം ലഭിക്കാതെ ‘നിപ്പ’ എന്ന പേരു പുറത്തുവിടാൻ പറ്റില്ല. എങ്കിലും ആശുപത്രിയിൽനിന്നു രോഗം പടരാനുള്ള സാധ്യത പരിഗണിച്ച് അതീവ സുരക്ഷ ഒരുക്കണമെന്നു നിർദേശിച്ചു. അതവിടെ ഭംഗിയായി ചെയ്തു.

  യുദ്ധം തുടങ്ങുന്നു

  അന്നു രാത്രിതന്നെ മണിപ്പാലിൽനിന്ന് ഇന്ത്യൻ കൗ‍ൺസിൽ ഓഫ് മെഡിക്കൽ റിസർച് ഡയറക്ടറുമായും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഡയറക്ടറുമായും ചർച്ച നടത്തി. തുടർന്നു 19നു രാവിലെ സാംപിളുകൾ പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചുകൊടുത്തു. അതിവേഗം ഫലം വേണമെന്ന് അറിയിച്ചു. 20ന് നിപ്പയാണെന്ന വിവരം ഔദ്യോഗികമായി പുറത്തുവിട്ടു. ആരോഗ്യ വകുപ്പ് അധികൃതർ മെഡിക്കൽ കോളജ് ആശുപത്രിയിൽ‍ പുതിയ രോഗികളെ ഐസൊലേറ്റ് ചെയ്യാനുള്ള സംവിധാനം ഉടൻ ഒരുക്കി. ആദ്യ കേസിൽനിന്നു രോഗം ബാധിച്ചവരെ ഐസൊലേറ്റ് ചെയ്തതോടെ രോഗം പടരുന്നതു നിയന്ത്രിച്ചു.

  19ന് ഉച്ചയോടെ മണിപ്പാലിൽ‍നിന്നുള്ള ടീം കോഴിക്കോട്ടെത്തി. 20നു പേരാമ്പ്ര മേഖലയിലെത്തി രോഗികളുടെ വീടും സമീപ പ്രദേശങ്ങളും സന്ദർശിച്ചു. ഇവിടെ പഴംതീനി വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്തി. വവ്വാലുകൾ കടിച്ച പഴങ്ങളും മറ്റ് സാംപിളുകളും ശേഖരിച്ചു. രോഗബാധിതരുടെ ജീവിതരീതികൾ തിരിച്ചറിഞ്ഞു. പുതുതായി വാങ്ങിയ സ്ഥലത്തെ കിണറിനെക്കുറിച്ചു വിവരം ലഭിച്ചു. എന്നാൽ, കിണറിലുള്ളതു പഴംതീനി വവ്വാലുകളല്ല എന്നു കൂടുതൽ അന്വേഷണത്തിലൂടെ തിരിച്ചറിഞ്ഞു.

  രോഗവഴി തേടി

  പേരാമ്പ്ര സൂപ്പിക്കടയിലെ കുടുംബത്തിൽ മരിച്ച ആദ്യത്തെയാൾക്കു നേരിട്ടു രോഗം പകർന്നു. ഇതേ കുടുംബത്തിലെ ബാക്കിയുള്ളവർക്കു രോഗം ലഭിച്ചത് ആശുപത്രിയിൽവച്ചാണ്. ആദ്യത്തെ രോഗിക്കു കൂട്ടിരിക്കാൻ ആശുപത്രിയിൽ പോയപ്പോഴാണു രോഗബാധ സംഭവിച്ചത്. ഇതേസമയം മെഡിക്കൽ കോളജിൽ നിപ്പ ബാധിച്ചു പ്രവേശിപ്പിച്ച പലരുടെയും വിവരങ്ങൾ ലഭ്യമായിത്തുടങ്ങിയിരുന്നു.
  ചെമ്പനോട സ്വദേശിയായ നഴ്സ്, കൂരാച്ചുണ്ട് സ്വദേശിയായ തൊഴിലാളി തുടങ്ങിയവരൊക്കെ നിപ്പ ബാധിച്ച് ആശുപത്രിയിലുണ്ടായിരുന്നു. പേരാമ്പ്രയിലെ കുടുംബത്തിനു പുറമെ, ഏറെ ദൂരെയുള്ള സ്ഥലങ്ങളിൽ‍ താമസിക്കുന്നവർക്ക് എങ്ങനെ രോഗം ബാധിച്ചു എന്നതായിരുന്നു പിന്നീടുയർന്ന പ്രധാന ചോദ്യം. അന്വേഷണത്തിനൊടുവിൽ രോഗവ്യാപനം നടന്ന സ്ഥലങ്ങൾ‍ കണ്ടെത്താൻ കഴിഞ്ഞു. ഇതോടെ നിപ്പയെ വരുതിയിലാക്കാമെന്ന് ഉറപ്പായി.

  വൈറസിന്റെ മാർഗരേഖ

  രോഗവ്യാപനം നടന്നതു പ്രധാനമായും രണ്ടു കേന്ദ്രങ്ങളിലാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ പുരുഷവാർഡ്, മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലെ സിടി സ്കാൻമുറിയിലേക്കുള്ള ഇടുങ്ങിയ ഇടനാഴി എന്നിവയാണ് ഈ രണ്ടു കേന്ദ്രങ്ങൾ.മേയ് അഞ്ചിനു രാവിലെ ഏഴിനും എട്ടിനുമിടയ്ക്കാണ് ആദ്യ രോഗി പേരാമ്പ്ര ആശുപത്രിയിലെത്തിയത്. അന്നു കൂടെയെത്തിയ പിതാവിനും സഹോദരൻമാർക്കും രോഗം ബാധിച്ചു. അവിടെ ചികിൽസയിലിരുന്ന പല രോഗികളുടെയും കൂട്ടിരിപ്പുകാർ സഹായിക്കാനെത്തിയിരുന്നു. അവിടെ രാത്രി ജോലിചെയ്ത നഴ്സ് ഈ രോഗിയെ പരിചരിച്ചിരുന്നു. ഇത്രയും പേർക്കാണു രോഗം ബാധിച്ചതെന്നു കണ്ടെത്തി.

  പക്ഷേ, ആശ്വസിക്കുന്നതിനുമുൻപു ഞെട്ടിക്കുന്ന വാർത്തയെത്തി. പേരാമ്പ്രയുമായി ബന്ധമില്ലാത്തവർ രോഗബാധയുമായി ചികിൽസ തേടി വരാൻ‍ തുടങ്ങിയിരിക്കുന്നു. മലപ്പുറത്തുനിന്നടക്കം രോഗികൾ എത്തിത്തുടങ്ങി. ഇവരുടെ വിവരങ്ങൾ ശേഖരിച്ചു. രോഗികൾ പോയ വഴികൾ കണ്ടെത്തിയതോടെ, രോഗം വന്ന വഴിയും കണ്ടുപിടിച്ചു.

  അന്വേഷണത്തിൽ അറിഞ്ഞത്

  മേയ് അഞ്ചിനു രണ്ടു വ്യത്യസ്ത സമയങ്ങളിൽ മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തിലോ അവിടെനിന്നു സിടി സ്കാൻ മുറിയിലേക്കുള്ള ഇടനാഴിയിലോ ഏതെങ്കിലും തരത്തിൽ എത്തിപ്പെട്ടവരാണ് ഈ രോഗബാധിതരെല്ലാം. മറ്റേതെങ്കിലും രോഗികളുടെ കൂടെ കൂട്ടിരിപ്പുകാരായാണു പലരും അവിടെ എത്തിയത്. പേരാമ്പ്രയിൽനിന്നുള്ള രോഗിയെ അത്യാഹിത വിഭാഗത്തിൽനിന്നു സ്ട്രെച്ചറിലാണു സ്കാനിങ്ങിനായി ഇടനാഴിയിലൂടെ കൊണ്ടുപോയത്. രോഗി നിർത്താതെ ചുമയ്ക്കുന്നുണ്ടായിരുന്നു. ഉമിനീരിന്റെ വലുപ്പമേറിയ കണങ്ങൾ ഇടനാഴിയിൽ നിന്നവരുടെ ശരീരത്തിൽ തെറിച്ചു. ഇതിലൂടെ വൈറസ് അവരുടെയൊക്കെ ശരീരത്തിലെത്തി. അക്കാര്യം അവർ അറിയുന്നുമില്ലല്ലോ.

  പേരാമ്പ്ര ആശുപത്രിയിൽനിന്നു രോഗം ബാധിച്ച ഒരാൾ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. അന്ന് അതേ വാർഡിൽ അടുത്തുകിടന്ന രോഗിയാണു പിന്നീടു രോഗബാധയേറ്റു മരിച്ചയാൾ.മേയ് നാല്, അഞ്ച് തീയതികളിൽ രോഗബാധയേറ്റവർ പത്തുദിവസത്തിനുശേഷമാണു ചികിൽസതേടി ആശുപത്രിയിൽ എത്തിയത്. മേയ് 14,15 തീയതികളിൽ രോഗം മൂർച്ഛിച്ച ഇവർ ചികിൽസയ്ക്കെത്തുമ്പോഴേക്ക് ആദ്യ രോഗി മരിച്ചുകഴിഞ്ഞു.

  രോഗവ്യാപനം തടയൽ

  രോഗബാധയേറ്റ രണ്ടാമത്തെയാളുടെ സാംപിളാണു പരിശോധനയ്ക്കായി മണിപ്പാലിൽ ലഭിച്ചത്. പരിശോധനാഫലം വന്നതോടെ രോഗികളെ വീട്ടുകാരിൽനിന്നുപോലും അകറ്റി ഐസൊലേഷൻ വാർ‍ഡിലേക്കു മാറ്റാനുള്ള സംവിധാനമൊരുക്കി. ഇതോടെ രോഗവ്യാപന സാധ്യത തടഞ്ഞു.

  നിരീക്ഷണം ശക്തം

  രോഗികളുമായി നേരിട്ടു ബന്ധപ്പെട്ട രണ്ടായിരത്തോളം പേരുടെ പട്ടികയാണു തയാറാക്കിയത്. ഇവരിൽ ആർക്കെങ്കിലും രോഗലക്ഷണമുണ്ടോ എന്ന നിരീക്ഷണമാണു വരുന്ന 42 ദിവസം നടത്തുക. മുഴുവൻപേരെയും നിരീക്ഷണത്തിൽത്തന്നെ നിലനിർത്തണം. ഓർക്കുക, വൈറസ് രോഗം മൂർച്ഛിച്ചു നിൽക്കുന്ന സമയത്തുമാത്രമാണു മറ്റൊരാളിലേക്കു പകരുക. ഇപ്പോൾ ഒരുക്കിയിട്ടുള്ള സുരക്ഷിത ചുറ്റുപാടിൽ പക്ഷേ, ആ സമയത്തു രോഗി ഗുരുതരാവസ്ഥയിൽ അത്യാഹിതവിഭാഗത്തിലായിരിക്കും.

  ഒരാളിലേക്കുപോലും വൈറസ് പകരില്ല എന്നു സാരം. സാധാരണക്കാർ വീടിനു പുറത്തിറങ്ങി നടക്കുമ്പോൾ മാസ്ക് വയ്ക്കേണ്ട ആവശ്യമില്ല എന്നു പറഞ്ഞതിന്റെ കാരണവും ഇതാണ്. എങ്കിലും വിവിധ പൊതുപരിപാടികൾ നിരോധിച്ചതു ജനങ്ങളിൽ ആശങ്ക ഉണ്ടാക്കുന്നുണ്ട്. അതു കരുതൽ ആണെന്നു മനസ്സിലാക്കുക.

  പരമ്പര തുടരും എന്ന അറിയിപ്പും ഉണ്ട്.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.