ബില്ലിന് പകരം അവയങ്ങൾ; അപകടത്തിൽപെട്ട മലയാളി യുവാവിന്റെ അവയവങ്ങൾ സ്വകാര്യ ആശുപത്രിക്കാർ സ്വന്തമാക്കി

  SHARE

  മരിച്ചത് ചിറ്റൂർ സ്വദേശി

  സംഭവം സേലത്ത്

  സേലത്തെ പ്രമുഖ ആശുപത്രിയിൽ ചികിത്സാ ചെലവിന് പകരം യുവാവിന്റെ അവയവങ്ങൾ സ്വന്തമാക്കിയ സംഭവം മെഡിക്കൽ വൃത്തങ്ങളിൽ വിവാദമാകുന്നു.


  കള്ളിക്കുറിച്ചിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ‌് സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിൽ കഴിഞ്ഞ യുവാവിന്റെ ആന്തരിക അവയങ്ങളാണ് ബന്ധുക്കളെ ഭീഷണിപ്പെടുത്തി എടുത്തുമാറ്റിയത്.
  പാലക്കാട് ജില്ലയിലെ മീനാക്ഷീപുരം നെല്ലിമേട് പേച്ചിമുത്തുവിന്റെ മകൻ മണികണ്ഠ(25)ന്റെ അവയവങ്ങളാണ‌് സ്വകാര്യ ആശുപത്രി അധികൃതർ എടുത്തുമാറ്റിയത‌്. ചികിത്സാചെലവ‌് നൽകാൻ കഴിയാതിരുന്ന കുടുംബത്തെ കബളിപ്പിച്ചാണ‌് അവയവങ്ങൾ അവയവ മാഫിയസംഘം തട്ടിയെടുത്തത‌്. മൂന്നു ദിവസത്തെ ചികിത്സാ ചെലവിനത്തിൽ മൂന്ന‌് ലക്ഷം രൂപയാണ് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടത്. ഇത്രയും വലിയ തുക നൽകാനില്ലാതായതോടെ ആശുപത്രി അധികൃതര്‍ പിന്നീട‌് ചികിത്സാചെലവ‌് ഒഴിവാക്കാമെന്ന‌് പറഞ്ഞു. ഒടുവിൽ ആശുപത്രി അധികൃതർ നൽകിയ കടലാസുകളിൽ ഒപ്പിട്ടു നൽകിയെന്നും കടലാസുകള്‍ അഭിഭാഷകൻ വഴി കൊണ്ടുപോയെന്നും മണികണ‌്ഠന്റെ സഹോദരൻ മഹേഷ‌് പറഞ്ഞു.
  അവയവ മാറ്റമടക്കമുള്ള ചികിത്‌സകളിൽ പ്രസിദ്ധമായ ആശുപത്രിയാണ് സേലത്തേത്. നിരവധി കോളേജുകളുൾപ്പെടുന്ന ഡീംഡ് യൂണിവേഴ്‌സിറ്റിയുടെ ഭാഗമാണ് ഈ ആശുപത്രി. മസ്തിഷ്ക മരണം സംഭവിച്ചവരുടെ അവയവങ്ങൾ ബന്ധുക്കളുടെ സമ്മത പ്രകാരം എടുത്തുമാറ്റാൻ. എന്നാൽ അതിനു വിലയിട്ടു , ബന്ധുക്കളുടെ നിസ്സഹായത ചൂഷണം ചെയ്തു എന്ന പരാതിയാണുയർന്നതു.


  ചെന്നൈ മേൽമറവത്തൂരിൽ ശിങ്കാരിമേളം അവതരിപ്പിച്ച് മടങ്ങുകയായിരുന്ന മണികണ്ഠനും സംഘവും സഞ്ചരിച്ച ടവേര കാർ കള്ളിക്കുറിശിയിൽ റോഡിനു നടുവിലെ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. ഡ്രൈവർ ഉൾപ്പെടെ ഏഴ‌്പേരുടെ സംഘത്തിലെ മൂന്ന‌് പേർക്ക് ഗുരുതര പരിക്കേറ്റു. മറ്റുള്ളവർക്ക‌് നിസ്സാരപരിക്കായിരുന്നു. അപകടം നടന്നയുടൻ സമീപത്തെ സർക്കാർ ആശുപത്രിയിലെത്തിച്ച് ചികിത്സ നടത്തി. പിന്നീട് വിദഗ‌്ധ ചികിത്സയ്ക്കായി 120 കിലോമീറ്റർ അപ്പുറത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലൻസ‌് ഡ്രൈവറുടെ നിർദേശപ്രകാരം പോവുകയായിരുന്നു.

  നാല‌് മണിക്കൂർ ആംബുലൻസിൽ സഞ്ചരിച്ചാണ‌് സ്വകാര്യ ആശുപത്രിയിലെത്തിയതെന്ന‌് മഹേഷ‌് പറഞ്ഞു. ഇത്രയും ദൂരെയുള്ള ആശുപത്രിയിൽ എത്തിച്ചതിലും ദുരൂഹതയുണ്ട‌്.
  പരിക്കേറ്റവരെ നാല് ആംബുലൻസുകളിലായാണ് സ്വകാര്യ ആശുപത്രിയിലെത്തിച്ചത‌്. ഇവിടെ ചികിത്സയിലിരിക്കെ മണികണ്ഠന് മസ‌്തിഷ‌്കമരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. തുടർന്നാണ് വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയത‌്.

  ഇതിനിടയിൽ ബന്ധുക്കളുമായി ബില്ലിന്റെ പേരിൽ വിലപേശൽ ആരംഭിച്ചു. ബില്ലടയ്ക്കാൻ നിർവഹമില്ലാതായതോടെ അവയവങ്ങൾ ദാനം ചെയ്യാൻ നിർബന്ധിതരായി.
  ബന്ധുക്കളുടെ സമ്മതപത്രം വാങ്ങി ഞായറാഴ്ച്ച രാത്രിതന്നെ അവയവങ്ങൾ നീക്കം ചെയ്യുകയും മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുകയും ചെയ്തു. ചെന്നൈയിലെ വൻകിട സ്വകാര്യ ആശുപത്രിയിലെ 12 ഡോക്ടർമാർ രാത്രി എത്തിയാണ‌് അവയവങ്ങൾ നീക്കം ചെയ‌്തത‌്.

  ആശുപത്രി ബില്ലിനു പുറമെ മൃതദേഹം മീനാക്ഷീപുരത്തെത്തിക്കാൻ 25,000രൂപയും ആവശ്യപ്പെട്ടിരുന്നു. ആശുപത്രി അധികൃതര്‍ അവയവദാനം നടത്തിയതോടെ ഒരു ചെലവുമില്ലാതെ മൃതദേഹം വീട്ടിലെത്തിച്ചു നൽകുകയായിരുന്നുവെന്നും മണികണ്ഠന്റെ ബന്ധുകൾ പറഞ്ഞു. അവയവദാനം നൽകിയതിന് രേഖകളോ പോസ്റ്റ്മോർട്ടം റിപ്പോർട്ടോ ബന്ധുക്കൾക്ക് നൽകിയിട്ടുമില്ല.

  ഗുരുതരാവസ്ഥയിലുള്ള മറ്റ് മൂന്നു പേരും ഈ ആശുപത്രിയിൽ കഴിയുന്നുണ്ട‌്. പരിക്കേറ്റ മറ്റൊരാളുടെ നില ഗുരുതരമായി തുടരുകയാണ‌്.

  തമിഴ്‌നാട്ടിൽ തുടർച്ചായി കൂട്ട മരണം വിതച്ചു ഉണ്ടാകുന്ന വാഹനാപകടങ്ങൾക്കു അവയവ മാഫിയയുമായി ബന്ധമുണ്ടെന്ന സംശയത്തിന് ബലമേകുന്നതാണ് ചിറ്റൂർ സ്വദേശിയായ യുവാവിനുണ്ടായ അനുഭവം .

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.