ജെഡിഎസിനെ പിന്തുണച്ച് കോൺഗ്രസ്; അടിമറിക്കാൻ കുതന്ത്രങ്ങളുമായി ബിജെപി

  SHARE

  കർണ്ണാടകത്തിൽ ആർക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ ജെഡിഎസിനെ പിന്തുണയ്ക്കാനുറച്ച് കോൺഗ്രസ്. ബിജെപി അധികാരത്തിലെത്താതിരിക്കാനാണ് ജെഡിഎസിന് പിന്തുണ നൽകുന്നതെന്ന് കോൺഗ്രസ് വ്യക്തമാക്കി. എച്ച് ഡി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാനാണ് തീരുമാനം. സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് കോൺഗ്രസ് നേതാക്കൾ ഇത് സംബന്ധിച്ച് ഗവർണർക്ക് കത്ത് കൈമാറിയിരുന്നു. തങ്ങളെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്ന് കുമാരസ്വാമി ഗവർണറോട് ആവശ്യപ്പെട്ടു.

  കോൺഗ്രസിന‌് 78 സീറ്റും ജെഡിഎസിന‌് 37 സീറ്റുമാണുള്ളത‌്. രണ്ട് കക്ഷികളുടെയും എംഎൽഎമാരുടെ ആകെ എണ്ണം 115 ആണെന്നും സർക്കാർ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം തങ്ങൾക്കുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. എച്ച‌് ഡി കുമാരസ്വാമി, സിദ്ധരാമയ്യ, മല്ലികാർജുൻ ഖാർഗെ, ഗുലാംനബി ആസാദ‌് എന്നിവരുടെ നേതൃത്വത്തിലാണ‌്  ഗവർണറെ കണ്ട‌ത‌്.

  അതേസമയം, അട്ടമറി നീക്കങ്ങളുമായി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതുമുതൽ ബിജെപി രംഗത്തുണ്ട്. ജെഡിഎസ‌്, കോൺഗ്രസ‌് നേതാക്കൾ രാജ‌്ഭവനിൽ എത്തുന്നതിനുമുമ്പേ  ബിജെപി നേതാവ‌് ബി എസ‌് യെദ്യൂരപ്പ ഗവർണറുമായി കൂടിക്കാഴ‌്ച നടത്തിയിരുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തങ്ങളെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്നായിരുന്നു യദിയൂരപ്പയുടെ ആവശ്യം. സർക്കാർ രൂപീകരിക്കുന്നതിന് ഒരാഴ്ച സമയം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. ബി എസ‌് യെദ്യൂരപ്പ, കേന്ദ്രമന്ത്രി അനന്ത‌്കുമാർ, എംപിമാരായ ശോഭ കരന്ത‌്‌ലാജെ, രാജീവ‌് ചന്ദ്രശേഖർ എന്നിവരാണ‌് രാജ‌്ഭവനിലെത്തിയത‌്.

  തുടർന്ന്, ഗവർണർ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിനിടയിൽ ഏതാനും എംഎൽഎമാരെ ബിജെപി പാളയത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. മുതിർന്ന നേതാക്കളെ ഉപയോഗിച്ചായിരുന്നു നീക്കം. ഇത‌് കണക്കിലെടുത്ത‌് തെരഞ്ഞെടുക്കപ്പെട്ടവരുടെ യോഗം ചേർന്ന‌് ജെഡിഎസ‌് വിപ്പ‌് നൽകി.

  രണ്ട് ഉപമുഖ്യമന്ത്രിമാരെയും 15 മന്ത്രി സ്ഥാനവും തങ്ങൾക്ക് വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുമായി  എച്ച‌് ഡി ദേവഗൗഡയുമായി നടത്തിയ ടെലിഫോൺ ചർച്ചയ‌്ക്കുശേഷമാണ‌് ജെഡിഎസിന‌് പിന്തുണ നൽകാൻ തീരുമാനിച്ചത‌്.

   

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.