പഞ്ചാബ് നാഷനൽ ബാങ്കിൽനിന്നു കോടികളുടെ തട്ടിപ്പു നടത്തി മുങ്ങിയ രത്നവ്യാപാരി നീരവ് മോദിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് സിബിഐയുടെ കുറ്റപത്രം സമർപ്പിച്ചു. 13,400 കോടി രൂപ തട്ടിയ കേസിൽ ആദ്യത്തെ കുറ്റപത്രമാണു മുംബൈ കോടതിയില്‍ സമർപ്പിച്ചിരിക്കുന്നത്. നാരവിനെ കൂടാതെ അമ്മാവനായ മെഹുൽ ചോക്സി, പിൻഎൻബി ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയിലുണ്ട്. കേസിൽ 19 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. കുറ്റപത്രം സമർപ്പിച്ചിരിക്കുന്നതിനാൽ അറസ്റ്റിലായവർക്ക് ജാമ്യം തേടാനും കഴിയില്ല.
പിഎൻബി മുൻ എംഡിയും മുൻ സിഇഒയുമായ ഉഷ അനന്തസുബ്രഹ്മണ്യൻ, എക്സി ഡയറക്ടര്‍മാരായ കെ വി ബ്രഹ്മാജി റാവു, സഞ്ജിവ് ശരൺ, ഇന്റർനാഷനൽ ഓപറേഷൻസ് ജനറൽ മാനേജർ നേഹൽ അഹദ് എന്നിവരും പ്രതികളാണ്. നീരവിന്റെ അമ്മാവനായ മെഹുൽ ചോക്സിക്കെതിരെ പ്രത്യേക കുറ്റപത്രം സമർപ്പിക്കാനാണ് സിബിഐയുടെ പദ്ധതി.
വിദേശത്തുനിന്നു വായ്പയെടുക്കാൻ ജാമ്യപത്രം (ലെറ്റർ ഓഫ് അണ്ടർടേക്കിങ്) നൽകുന്നതിൽ ഉൾപ്പെടെ റിസർവ് ബാങ്കിന്റെ ചട്ടങ്ങൾ പിഎൻബി പാലിച്ചില്ലെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്.