ചെങ്കോട്ട ഡാൽമിയ ഗ്രൂപ്പിന് സ്വന്തം; രാജ്യത്തിൽ വ്യാപക പ്രതിഷേധം

  SHARE

  ന്യൂ ഡൽഹി: ചരിത്രപ്രധാനമായ ഡൽഹിയിലെ ഐതിഹാസിക സ്മാരകമായ ചെങ്കോട്ട( റെഡ്‌ഫോർട്ട് ) സ്വകാര്യ കമ്പനിയായ ഡാൽമിയ ഭാരത് ലിമിറ്റഡിനു അഞ്ചു വർഷത്തേക്ക് പാട്ടത്തിനു നൽകി കേന്ദ്ര സർക്കാർ ഉത്തരവ്. കരാർ പ്രകാരം ചെങ്കോട്ടയുടെ പേരിനോടൊപ്പം ഡാൽമിയ എന്ന നാമവും ഔദ്യോഗികമായി പ്രദർശിപ്പിക്കാം. കേന്ദ്ര ടൂറിസംമന്ത്രാലയം, സാംസ്കാരികമന്ത്രാലയം, ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ എന്നീ മന്ത്രാലയങ്ങളാണ് 25 കോടി രൂപയ്ക്കു ചെങ്കോട്ട 5 കൊല്ലത്തേയ്ക്കു ഡാൽമിയ ഗ്രൂപ്പിന് പാട്ടം നൽകാനുള്ള കരാറിൽ ഒപ്പിട്ടത്.

  ചെങ്കോട്ടയിൽ നടക്കുന്ന എല്ലാ പരിപാടികളിലും, പരിപാടികളുടെ പ്രചാരണത്തിലും ഡാൽമിയ എന്ന പേരുപയോഗിക്കാം. ആദ്യഘട്ട കരാർ അഞ്ചുവർഷത്തേക്കാണെങ്കിലും, പരസ്പരധാരണയിൽ അഞ്ചു വർഷങ്ങൾക്കു ശേഷവും ഇത് പുതുക്കാൻ സാധിക്കും എന്ന് ഡാൽമിയ ഗ്രൂപ്പ് അറിയിച്ചു. നിർമ്മാണപ്രവർത്തനങ്ങളടങ്ങുന്ന പദ്ധതികളിലേർപ്പെടാനുള്ള അവകാശമാണ് സ്വകാര്യ കമ്പനിക്ക് കരാർ ഉറപ്പുനൽകിയിരിക്കുന്നതു. സന്ദർശനത്തിനുവരുന്നവരിൽ നിന്നും ഫീസീടാക്കാനുള്ള അവകാശം, ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഉൾപ്പടെയുള്ള മറ്റു സാംസ്‌കാരിക പരിപാടികൾ നടത്താനുള്ള ചുമതലയും ഡാൽമിയ ഗ്രൂപ്പിനാണ്. ഇതുകൂടാതെ അടിസ്‌ഥാന സൗകര്യങ്ങൾ ഒരുക്കുന്നത്, ശുചീകരണം, ക്ലോൿറൂം, വെളിച്ച സംവിധാനം, സി സി ടി വി സംവിധാനം എന്നിവയും ഡാൽമിയ ഒരുക്കണം.

  ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഒരു ചരിത്രസ്മാരകം സ്വകാര്യ കമ്പനിക്ക് പാട്ടത്തിനു നൽകുന്നത്. 17ആം നൂറ്റാണ്ടിൽ മുഗൾ ഭരണാധികാരി ഷാഹ്ജഹാനാണ് ചെങ്കോട്ട നിർമ്മിച്ചത്. രാജ്യത്തിന് ബ്രിട്ടനിൽനിന്നും മോചനം ലഭിച്ച വേളയിൽ ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തിയായിരുന്നു ആഘോഷം നടന്നത്. എല്ലാ സ്വാതന്ദ്ര്യദിനത്തിലും രാജ്യത്തെ പ്രധാനമന്ത്രിമാർ പതാക ഉയർത്തുന്നതും ജനങ്ങളെ അഭിസംബോധന ചെയ്യുന്നതും ചെങ്കോട്ടയിൽ നിന്നുമാണ്. ഇന്ത്യയുടെ ചരിത്രത്തിലും, ഇന്നും ഇത്രെയും പ്രാധാന്യമുള്ള ഒരു ചരിത്രസ്മാരകമാണ് സ്വകാര്യ കമ്പനിയായ ഡാൽമിയയ്ക്ക് കേന്ദ്ര സർക്കാർ പാട്ടം നൽകിയത്.

  സ്വകാര്യ പൊതുമേഖലാ കമ്പനികൾക്ക് ചരിത്രപ്രാധാന്യമുള്ള സ്മാരകങ്ങൾ പാട്ടത്തിനു നൽകാനുള്ള ഉത്തരവ് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് 2017 സെപ്റ്റംബറിലാണ് ഉത്‌ഘാടനം ചെയ്തത്. ആഗ്രയിലെ താജ് മഹൽ, രാജസ്ഥാനിലെ ചിത്തോർഗഡ് ഉൾപ്പടെയുള്ള 22 ചരിത്രസ്മാരകങ്ങളാണ് ഈ പദ്ധതിയിൽ ഉൾപ്പെടുന്നത്. താല്പര്യമുള്ളവർക്ക് ലേലത്തിലൂടെ ചരിത്രസ്മാരകം സ്വന്തമാക്കാനുള്ള അവസരമാണ് ഈ പദ്ധതി നൽകിയിരിക്കുന്നത്.

  ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം, സാംസ്‌കാരിക മന്ത്രാലയത്തിലെ പ്രമുഖ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചേർന്നാണ് ഏപ്രിൽ 9നു കരാറിൽ ഒപ്പിട്ടത്. ഇൻഡിഗോ എയർലൈൻസ്, ജിഎംആർ സ്പോർട്സ് തുടങ്ങിയ വൻകിട കമ്പനികളെ പിന്തള്ളിയാണ് ഡാൽമിയ ഗ്രൂപ്പ് ചെങ്കോട്ട സ്വന്തമാക്കിയത്. മെയ് 23 തൊട്ടു ചെങ്കോട്ടയിൽ പ്രവർത്തനങ്ങൾ തുടങ്ങുമെന്ന് ഡാൽമിയ ഗ്രൂപ്പ് അറിയിച്ചു.

  രാജ്യത്തിന്റെ ചരിത്രത്തിൽ വളരെയധികം പ്രാധാന്യമുള്ള സ്മാരകങ്ങൾ സ്വകാര്യ കമ്പനികൾക്ക് വിട്ടുകൊടുക്കുന്നതിൽ വ്യാപകമായ പ്രതിഷേധമുയർന്നു. ഇത്തരത്തിലുള്ള കേന്ദ്ര സർക്കാർ പദ്ധതികൾ രാജ്യത്തോടുള്ള അവഹേളനമാണെന്നു സിപിഐ എം പ്രസ്താവനയിൽ അറിയിച്ചു. ചെങ്കോട്ടയ്ക്കു പിന്നാലെ പാർലമെന്റും സുപ്രീം കോടതിയും കേന്ദ്ര സർക്കാർ സ്വകാര്യ കമ്പനികൾക്കു പാട്ടത്തിനു നൽകാനാണോ ഉദ്ദേശം എന്ന ചോദ്യം കോൺഗ്രസ് വക്താവുമുയർത്തി.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.