മിശ്രവിവാഹം: പഞ്ചായത്ത് അംഗത്തിനെ വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്നു പുറത്താക്കി കോൺഗ്രസ് മണ്ഡലം കമ്മറ്റി

  SHARE

  തൃശ്ശൂർ: വാർഡ് മെമ്പർക്ക് മിശ്രവിവാഹം ചെയ്യാമോ? മെമ്പർ കോൺഗ്രസുകാരനാണെങ്കിൽ സൂക്ഷിച്ചുവേണം. ഇല്ലെങ്കിൽ ഇക്കാലത്തെ മുഖ്യപ്രചാരണോപാധിയായ വാട്സ് ആപ്പിൽ നിന്നു സാമൂഹ്യബഹിഷ്കരണം ഫലം!

  പാറളം ഗ്രാമപഞ്ചായത്തംഗം നിഖിൽ പള്ളിപ്പുറമാണ്, കോൺഗ്രസ് പ്രവർത്തകന്റെ മകളെ പ്രേമിച്ചു വിവാഹം കഴിച്ചതിന്റെ പേരിൽ ‘വാട്സ് ആപ്പ്’ ബഹിഷ്കരണത്തിനു വിധേയനായിരിക്കുന്നത്. കോൺഗ്രസിന്റെ ചേർപ്പ് ബ്ലോക്ക് ജനറൽ സെക്രട്ടറിയും മണ്ഡലം യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയും കൂടിയാണ്, രണ്ടു ബിരുദാനന്തരബിരുദങ്ങളുള്ള നിഖിൽ. എഞ്ചിനീയറിങ് ബിരുദധാരിയായ മയൂഖയെയാണ്, വീട്ടുകാരുടെ സമ്മതത്തിനു കാത്തുനിൽക്കാതെ നിഖിൽ വിളിച്ചിറക്കിക്കൊണ്ടുപോന്നത്. അതോടെയാണ്, പ്രദേശത്തെ കോൺഗ്രസ് കാരണവന്മാർക്കു കുരുപൊട്ടിയത്.

  സാമൂഹ്യമാദ്ധ്യമങ്ങളിൽ നിഖിലിനെതിരെ ഹേറ്റ് ക്യാമ്പെയ്ൻ ആണു നടക്കുന്നത്. എന്നാൽ ഇതിനു മറുപടിയുമായി നിഖിലിന്റെ സുഹൃത്തുക്കളും കൂട്ടത്തോടെ രംഗത്തുണ്ട്. അതിനിടയിലാണ്, കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്നു വരനെ നൈസായി ഒഴിവാക്കിയത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആണ് ഗ്രൂപ്പ് അഡ്മിൻ. പ്രസിഡന്റ് ഏകപക്ഷീയമായാണ്, നിഖിലിനെ നീക്കം ചെയ്തതെന്ന് നിഖിലിന്റെ കൂട്ടുകാർ പറയുന്നു.

  ഇരുവരും പൂർണ്ണസമ്മതത്തോടെയാണു വിവാഹിതരായതെന്ന് നവദമ്പതികൾ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്. അതിനു ചുവടെയും ആശംസകളും അവഹേളനങ്ങളും ചേരുംപടിയുണ്ട്. പ്രദേശത്തെ കോൺഗ്രസിന്റെ ഫണ്ടിങ് സ്രോതസ്സുകളിലൊന്നാണത്രെ, പെൺകുട്ടിയുടെ കുടുംബം. അതാണ് മണ്ഡലം പ്രസിഡന്റിനു നൊന്തതെന്നും കരക്കമ്പിയുണ്ട്.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.