ഭാര്യയുടേതോ ഭർത്താവിന്റേതോ ഫോണിലേക്കോ കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള മറ്റുപകരണങ്ങളിലേക്കോ ഒളിഞ്ഞു നോക്കുന്നതും അവയിൽ നിന്ന് ചൂണ്ടിയെടുക്കുന്നതും ഗൗരവമായ സൈബർ കുറ്റമായി സൗദി അറേബ്യയിൽ പരിഗണിക്കപ്പെടും.
പങ്കാളിയുടെ ഫോണിന്റെ പാസ്വേഡ് സംഘടിപ്പിച്ചു രഹസ്യമായി അതു തുറന്നുനോക്കുന്നതാണു സൈബർ കുറ്റം. ഫോണിലെ പടങ്ങളും മറ്റു വിവരങ്ങളും ഫോർവേഡ് ചെയ്യുകയോ ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ചു ശേഖരിക്കുകയോ ചെയ്താൽ പിഴയും തടവും ഒരുമിച്ചു കിട്ടാം. ഫോൺ വെറുതേ നോക്കുക മാത്രമേ ചെയ്തുള്ളുവെങ്കിൽ ശിക്ഷ കുറയും.
പങ്കാളിയുടെ രഹസ്യബന്ധം തെളിയിക്കാനായി ഫോണിലെ വിവരങ്ങൾ എടുത്തു ഇനി സൗദി കോടതിയിൽ പോകാൻ കഴിയില്ല. അങ്ങനെ എടുത്ത വിവരങ്ങൾ മറ്റാർക്കും കൈമാറിയില്ലെങ്കിൽ ശിക്ഷ താക്കീതിൽ ഒതുങ്ങിയേക്കാം. അല്ലാത്തത് സൗദി സൈബർ കുറ്റമാക്കി മാറ്റി. ശിക്ഷയുടെ വ്യാപ്തി കൂടും.
സൗദി മാധ്യമങ്ങൾ ഈ വാർത്ത പ്രാധാന്യത്തോടെ റിപ്പോർട് ചെയ്തിട്ടുണ്ട്. യു എ ഇ യിൽ നേരെത്തെ തന്നെ ഈ നിയമം ഉണ്ട്. ഉരു അറേബ്യാൻ യുവതി ഭർത്താവിന്റെ രഹസ്യ ബന്ധം തെളിയിക്കാൻ ഫോണിലെ വാട്സ്ആപ്പിൽ നിന്ന് ചിത്രങ്ങൾ തന്റെ ഫോണിലേക്കു ഫോർവേഡ് ചെയ്ത കുറ്റത്തിന് 2016 ൽ നാടുകടത്തപ്പെട്ടിരുന്നു. ഭർത്താവിനെ കുടുക്കാൻ ചെയ്ത കൃത്യം അവർക്കു തന്നെ വിനയായി. പിഴയും ഒടുക്കേണ്ടി വന്നു.
വിവര വിനിമയത്തിന്റെ സുരക്ഷിതത്വവും മനുഷ്യന്റെ സ്വകാര്യതയും ഉറപ്പാക്കാനാണ് ഇത്തരം നടപടികളിലേക്ക് സൗദി അറേബ്യാ നീങ്ങുന്നതെന്ന് നിയമ വൃത്തങ്ങളെ ഉദ്ധരിച്ചു അറബ് മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.